ലോഡിങ്ങിന്റെ കൂലി കുറഞ്ഞുപോയതിന് സൃഹൃത്തിന്റെ തലക്ക് വെട്ടിയവർ അറസ്റ്റിൽ
text_fieldsഅനിൽ രാജ്, കുട്ടപ്പൻ
പത്തനംതിട്ട: ലോഡിങ്ങിന്റെ കൂലി കുറഞ്ഞുപോയെന്ന് പറഞ്ഞു സുഹൃത്തിനെ വീടുകയറി വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികളായ തൊഴിലാളികളെ പത്തനംതിട്ട പൊലീസ് പിടികൂടി. പത്തനംതിട്ട കുമ്പഴ മൈലാട് പാറമേപ്രത്ത് മുരുപ്പേൽ വീട്ടിൽ സുരേഷിനെ പുല്ലരിയാനുപയോഗിക്കുന്ന വെട്ടിരുമ്പുകൊണ്ട് തലയിൽ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതികളാണ് പിടിയിലായത്.
ഞായറാഴ്ച ഉച്ചക്ക് 12 ഓടെ ഇയാളുടെ വീട്ടിൽ സുഹൃത്തുക്കളും അയൽവാസികളുമായ ഇരുപ്പച്ചുവട്ടിൽ അനിൽ രാജ് (45), പതാലിൽ പുത്തൻ വീട്ടിൽ എസ്.പി കുട്ടപ്പൻ(53) എന്നിവരാണ് ഉപദ്രവിച്ചത്. ഇവരെ തിങ്കളാഴ്ച രാവിലെ മൈലാടുപാറയിൽനിന്ന് കസ്റ്റഡിയിലെടുത്തു. സുരേഷും പ്രതികളും അടുത്ത സുഹൃത്തുക്കളും ഒരുമിച്ച് കൂലിപ്പണികൾ ചെയ്യുന്നവരുമാണ്. കഴിഞ്ഞ ദിവസം ചെയ്ത ജോലിയുടെ കൂലി 1,000 രൂപ സുരേഷ് കൊടുത്തില്ല എന്നാരോപിച്ച് ഇന്നലെ രാവിലെ മൈലാട് പാറയിൽ വെച്ച് ഇവർ തമ്മിൽ തർക്കമായത്. തുടർന്ന് വീട്ടിലേക്ക് പോയ സുരേഷിനെ ഉച്ചക്ക് 12 ഓടെ വീട്ടുമുറ്റത്ത് കിടന്ന വെട്ടിരുമ്പെടുത്ത് തലയ്ക്ക് പിന്നിൽ ഒന്നാം പ്രതി വെട്ടി പരിക്കേൽപ്പിച്ചു. സുരേഷ് വീട്ടിൽ ഒറ്റക്കാണ് താമസം, ഭാര്യ 11 വർഷം മുമ്പ് പിണങ്ങി പോയതാണ്.
ഇയാളുടെ മൊഴിപ്രകാരം കേസെടുത്ത പത്തനംതിട്ട പൊലീസ് തുടർന്ന് നടത്തിയ അന്വേഷണത്തിൽ മയിലാടുപറയിൽനിന്ന് പ്രതികളെ തിങ്കളാഴ്ച രാവിലെ പിടികൂടി സ്റ്റേഷനിൽ എത്തിച്ചു. സംഭവസ്ഥലത്ത് ശാസ്ത്രീയ അന്വേഷണസംഘത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി തെളിവുകൾ ശേഖരിക്കുകയും ആയുധം കണ്ടെടുക്കുകയും ചെയ്തു. വിശദ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. ഇവരുടെ മൊഴി രേഖപ്പെടുത്തി.
ഒന്നാം പ്രതി അനിൽ രാജ് മുമ്പ് പത്തനംതിട്ട സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധശ്രമ കേസിലും മോഷണ കേസിലും കൂടൽ പോലീസ് രജിസ്റ്റർ ചെയ്ത മോഷണ കേസിലും ഉൾപ്പെട്ടിട്ടുണ്ട്. വൈദ്യപരിശോധന ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചു. തുടർന്ന് കോടതിയിൽ ഹാജരാക്കി. ഇലവുംതിട്ട പൊലീസ് ഇൻസ്പെക്ടർ ടി.കെ. വിനോദ് കൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

