മല്ലപ്പള്ളിയിൽ വാഹന മോഷ്ടാക്കൾ വിലസുന്നു
text_fieldsമല്ലപ്പള്ളി: മല്ലപ്പള്ളിയിലും പരിസരത്തും വാഹന മോഷണം പതിവാകുന്നു. കഴിഞ്ഞ ദിവസം വീട്ടുമുറ്റത്ത് പാർക്ക് ചെയ്ത ഓട്ടോ മോഷണം പോയി. മാരിക്കൽ പാണംപ്ലാക്കൽ പി.എം. എബ്രഹാമിന്റെ ഓട്ടോയാണ് മോഷ്ടിച്ചത്.
വീട്ടിലേക്ക് വാഹനം കയറാൻ ബുദ്ധിമുട്ടായതിനാൽ അടുത്ത വീടിന്റെ പരിസരത്താണ് നിർത്തിയിട്ടത്. പള്ളിയിലേക്ക് പോകാൻ വാഹനം എടുക്കാൻ എത്തിയപ്പോഴാണ് മോഷണം പോയ വിവരം അറിയുന്നത്.
അതേസമയം, ടൗണിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോ മോഷണം പോയത് രണ്ടാഴ്ച മുമ്പാണ്. ഇരുചക്ര വാഹനം കോട്ടയം റോഡിൽനിന്ന് നഷ്ടമായതും കഴിഞ്ഞ മാസമാണ്. മോഷണം തുടർക്കഥയായതോടെ വീട്ടുമുറ്റത്തുപോലും വാഹനങ്ങൾ സുരക്ഷിതമല്ലാതെയായി. വലിയ പാലത്തിനോട് ചേർന്ന് പാർക്ക് ചെയ്യുന്ന ഇരുചക്രവാഹനങ്ങളിൽനിന്ന് ഹെൽമറ്റ് നഷ്ടമാകുന്നതും പതിവാണെന്ന പരാതിയുണ്ട്. മോഷണം നിത്യസംഭവമായതോടെ ജനം ദുരിതത്തിലാണ്.