കോട്ടാങ്ങലിൽ എസ്.ഡി.പി.ഐ പിന്തുണച്ചു: എൽ.ഡി.എഫ് പ്രസിഡൻറും, വൈസ് പ്രസിഡൻറും രാജിവെച്ചു
text_fieldsമല്ലപ്പള്ളി: കോട്ടാങ്ങൽ പഞ്ചായത്തിൽ നടന്ന പ്രസിഡൻറ്, വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് എസ്.ഡി.പി.ഐ പിന്തുണ നൽകിയതോടെ ഇരുവരും സത്യപ്രതിജ്ഞക്ക് പിന്നാലെ സ്ഥാനങ്ങൾ രാജിവെച്ചു. രാവിലെ നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ബിനു ജോസഫിന് ആറ് വോട്ടും ബി.ജെ.പിയിലെ ദീപ്തി ദാമോദരന് അഞ്ച് വോട്ടും ലഭിച്ചു.
ഉച്ചക്ക് നടന്ന വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ ജമില ബീവിക്ക് ആറ് വോട്ടും ബി.ജെ.പിയിലെ സി.ആർ. വിജയമ്മക്ക് അഞ്ച് വോട്ടും ലഭിച്ചു. ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തിൽ എൽ.ഡി.എഫിനും ബി.ജെ.പിക്കും അഞ്ച് അംഗങ്ങൾ വീതമാണ് ഉള്ളത്. ബി.ജെ.പിയെ മാറ്റിനിർത്തുന്നതിനായി എസ്.ഡി.പി.െഎ എൽ.ഡി.എഫിനെ പിന്തുണക്കുകയായിരുന്നു.
എന്നാൽ, എൽ.ഡി.എഫിെൻറ ധാരണ പ്രകാരം എസ്.ഡി.പി.െഎയുടെ പിന്തുണയോടെ ഭരണം വേണ്ടെന്ന തീരുമാനം ഉള്ളതിനാലാണ് രാജിവെച്ചത്. രണ്ട് അംഗങ്ങൾ ഉള്ള യു.ഡി.എഫ് വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. മല്ലപ്പള്ളി സബ് രജിസ്ട്രാർ ജഗദീഷ് കുമാർ വരണാധികാരിയായിരുന്നു.