റോഡ് പണി പാതിവഴിയിൽ; യാത്രാദുരിതം
text_fieldsപുവനക്കടവ്-ചെറുകോൽപുഴ റോഡിൽ സി.എം.എസ് ഹയർ സെക്കൻഡറി സ്കൂളിനു സമീപം രൂപപ്പെട്ട കുഴി
മല്ലപ്പള്ളി: പുവനക്കടവ്-ചെറുകോൽപുഴ റോഡിൽ സി.എം.എസ് ഹയർസെക്കൻഡറി സ്കൂൾപടി മുതൽ കൊറ്റൻകുടിവരെ വാഹന യാത്ര ദുരിതമായി.
റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് പുനരുദ്ധരാണം ആരംഭിച്ചതാണ് അപകട ഭീഷണിയായത്. സി.എം.എസ് ഹയർ സെക്കൻഡറി സ്കൂൾപടി മുതൽ റോഡിൽ മൂന്ന് കലുങ്ക് പുതിയതായി നിർമിച്ചെങ്കിലും പണി പൂർത്തികരിച്ചിട്ടില്ല. കലുങ്കിന്റെ സ്ലാബ് റോഡിനെക്കാൾ ഉയർത്തി സ്ഥാപിച്ചിരിക്കുന്നതിനാൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവ് കാഴ്ചയാണ്.
സി.എം.എസ് സ്കൂളിനു സമീപം പൂട്ടുകട്ടകൾ കൂട്ടിയിട്ടിരിക്കുന്നതും കുഴികൾ രൂപപ്പെട്ടതും അപകട സാധ്യത വർധിപ്പിക്കുന്നു. സ്ഥലപരിചയമില്ലാതെ എത്തുന്നവർ കുഴികൾ കണ്ട് വാഹനത്തിന്റെ വേഗം പെട്ടെന്ന് കുറക്കാൻ ശ്രമിക്കുന്നതും അപകടങ്ങൾക്ക് വഴിയൊരുക്കുകയാണ്. പൊതുമരാമത്ത് രണ്ടുകോടി ചെലവഴിച്ചാണ് റോഡ് പുനരുദ്ധരിക്കാൻ പദ്ധതി തയാറാക്കിയത്. കഴിഞ്ഞ ജൂലൈയിൽ തുടങ്ങിയ ജോലികൾ എങ്ങുമെത്തിയിട്ടില്ല. പണിപാതിവഴിയിൽ ഉപേക്ഷിച്ച സ്ഥിതിയാണിപ്പോൾ. റോഡ് പണി പൂർത്തീകരിക്കാൻ അധികൃതർ അടിയന്തര നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

