മോക്ഡ്രിൽ ദുരന്തം: നാലാമൻ എവിടെയെന്ന് അധികൃതർ
text_fieldsദുരന്ത നിവാരണത്തിൽ മരണപ്പെട്ട ബിനു സോമനൊപ്പം
മണിമല ആറ്റിൽ ഇറങ്ങിയ ബിജു നൈനാൻ,
മോൻസി കുര്യാക്കോസ്, ജിജോ മാത്യു എന്നിവർ
മല്ലപ്പള്ളി: ഞങ്ങൾ നാലുപേരും ഒരുമിച്ചാണ് മണിമല ആറ്റിൽചാടിയത്. ഞങ്ങൾ മൂന്നുപേർ തിരിച്ചെത്തിയപ്പോൾ നാലാമനായ ബിനു എവിടെയെന്ന് തങ്ങളോട് അധികൃതർ ചോദിച്ച ഞെട്ടലിലാണ് മുൻ ഗ്രാമ പഞ്ചായത്ത് അംഗം കൂടിയായ പടുതോട് മരുതുകുന്നേൽ ബിജു നൈനാൻ. ‘‘രാവിലെ നടക്കാൻ പോയ എന്നെ വിളിച്ചുകൊണ്ടുപോയി ആറ്റിലിറക്കുകയായിരുന്നു.
സുഹൃത്ത് കൂടിയായ ഡെപ്യൂട്ടി തഹസിൽദാർ ഷിബു തോമസ് സഹായം ആവശ്യപ്പെട്ടപ്പോൾ, തോർത്ത് എടുക്കാൻ പഞ്ചായത്ത് അംഗം രതീഷ് പീറ്ററുടെ സ്കൂട്ടറിലാണ് വീട്ടിലേക്ക് പോയത്’’. എല്ലാ വകുപ്പ് ഉദ്യോഗസ്ഥരും സർവ സന്നാഹങ്ങളോടെയും സുസജ്ജമായി നടത്തേണ്ട ദുരന്ത നിവാരണ പരിശീലനത്തിന്റെ പരാജയമാണ് ബിജു നൈനാന്റെ വാക്കുകളിലൂടെ വെളിവാകുന്നത്. ദുരന്ത നിവാരണ അതോറിറ്റി സംഘടിപ്പിച്ച ദുരന്ത നിവാരണ പരിശീലനത്തിൽ പൊതു ആവശ്യം മുൻ നിർത്തിയാണ് ബിജുവിനൊപ്പം, കർക്കിടകം പള്ളി മോൻസി കുര്യാക്കോസും വാതറ വീട്ടിൽ ജിജോ മാത്യുവും മുങ്ങിമരിച്ച ബിനു സോമനും ഒഴുക്കിൽപെട്ടവരായി അഭിനയിക്കാൻ തയാറായത്. എന്നാൽ, കൂടെ നിന്ന ആൾ ദുരന്തത്തിൽപെടുമെന്ന് ആരും ഓർത്തില്ല. നാടിന്റെ പൊതുവായ ഏതുകാര്യത്തിലും ഒപ്പം നിൽക്കുന്ന സുഹൃത്തായ ബിനു ഇനി ഇല്ലെന്ന ദുഃഖത്തിലാണ് മൂന്നുപേരും. എന്നാൽ, കുറച്ചുകൂടി ശ്രദ്ധ പരിശീലനത്തിൽ ഉണ്ടാകണമായിരുന്നു എന്നാണ് ബിജു പറയുന്നത്. പ്രളയത്തിൽ നദിയിൽ അകപ്പെടുന്നവരായി അഭിനയിക്കാൻ അഞ്ചു പേർ വേണമെന്നായിരുന്നു റവന്യൂ വകുപ്പ് അറിയിച്ചിരുന്നതെന്ന് ഇവർ പറയുന്നു. തങ്ങൾ നാലുപേരും അധികൃതർ പറഞ്ഞതോടെ നദിയിലേക്ക് ചാടി നീന്തുകയായിരുന്നു.
മോൻസി, ജിജോ എന്നിവർക്ക് പിന്നാലെ ബിനുവും ബിജുവും നീന്തി തുടങ്ങി. മോൻസി, ജിജോ എന്നിവർ സ്കൂബ ബോട്ടിൽനിന്ന് ഇട്ടുകൊടുത്ത കാറ്റ് നിറച്ച ട്യൂബിൽപിടിച്ച് ബോട്ടിൽ കയറി. എന്നാൽ, ഇവർക്ക് പിന്നാലെ എത്തിയ ബിനു ചളിയിൽ പൂണ്ട് കയത്തിൽ അകപ്പെടുകയായിരുന്നു. ഈ സമയം ദുരന്ത നിവാരണ സേന, അഗ്നിസുരക്ഷാ സേന സ്കൂബ സംഘം, പൊലീസ്, ആരോഗ്യം, റവന്യൂ തുടങ്ങിയ എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിട്ടും ബിനു അരമണിക്കൂറോളം വെള്ളത്തിൽ ആണ്ടുകിടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

