സംസ്കരിച്ച് 11 മാസത്തിനുശേഷം മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തു
text_fieldsജോൺ
മല്ലപ്പള്ളി: സംസ്കരിച്ച് 11 മാസത്തിനുശേഷം യുവാവിന്‍റെ മൃതശരീരം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തു. മാരിക്കൽ പുള്ളോലിക്കൽ പത്രോസിന്‍റെ മകൻ പി.പി. ജോണിന്‍റെ (കൊച്ചുമോൻ -43) മൃതദേഹമാണ് പിന്മഴ ഗ്ലോബൽ വർഷിപ് സെൻററിന്‍റെ ചെങ്കല്ലിലുള്ള കല്ലറയിൽനിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തത്.
2021 മേയ് 21ന് ഉച്ചക്ക് നെഞ്ചുവേദനയുമായി മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിയ കൊച്ചുമോൻ ചികിത്സ വൈകിയാണ് മരണപ്പെട്ടതെന്ന ഭാര്യ സജിത നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കും മുമ്പ് മൃതദേഹം പോസ്റ്റ്മോർട്ടം നടത്താതെ സംസ്കരിക്കുകയായിരുന്നു.
തിരുവല്ല ആർ.ഡി.ഒ കോടതി ഉത്തരവുപ്രകാരം വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തത്. കോട്ടയം മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ഫോറൻസിക് വിഭാഗം മേധാവി ഡോ. ബി.കെ. ജയിംസ് കുട്ടി, മല്ലപ്പള്ളി തഹസിൽദാർ എം.ടി. ജയിംസ്, തിരുവല്ല ഡിവൈ.എസ്.പി രാജപ്പൻ റാവുത്തർ, മല്ലപ്പള്ളി സി.ഐ ജി. സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്.
കൊച്ചുമോൻ മരണപെട്ട സംഭവത്തിൽ താലൂക്ക് ആശുപത്രി ജീവനക്കാർ ആക്രമിക്കപ്പെട്ടെന്ന് ആരോപിച്ച് നൽകിയ പരാതിയിൽ ഒരു പഞ്ചായത്ത് അംഗം ഉൾപ്പെടെ മൂന്ന് പേരെ അന്ന് അറസ്റ്റ് ചെയ്തിരുന്നു.