മകരവിളക്ക്: ശബരിമലയിൽ ഇന്ന് നട തുറക്കും
text_fieldsപത്തനംതിട്ട: മകരവിളക്ക് തീർഥാടനത്തിനായി വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് ശബരിമല നട തുറക്കും. ഇന്ന് നട തുറക്കുമെങ്കിലും വെള്ളിയാഴ്ച പുലര്‍ച്ച മുതലേ ദര്‍ശനത്തിന് അനുമതിയുള്ളൂ. ജനുവരി 14നാണ് മകരവിളക്ക്. 19വരെ തീർഥാടകര്‍ക്ക് ദര്‍ശനത്തിന് അവസരമുണ്ടാകും. ഒരു ഇടവേളക്കുശേഷം കാനന പാതയിലൂടെ വീണ്ടും തീർഥാടകര്‍ക്ക് സഞ്ചരിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. ഇതിനാവശ്യമായ സൗകര്യം ഒരുക്കുന്നത് അവസാനഘട്ടത്തിലാണ്. വ്യാഴാഴ്ച എ.ഡി.എം അര്ജുന് പാണ്ഡ്യെൻറ നേതൃത്വത്തില്‍ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍കൂടി ഉള്‍പ്പെടുന്ന സംഘം ഈ പാതയില്‍ പരിശോധന നടത്തും. ശേഷം വെള്ളിയാഴ്ച മുതല്‍ തീർഥാടകര്‍ക്കായി പാത തുറന്നുനല്‍കും.
കാനനപാതയില്‍ യാത്ര സമയത്തിന് നിയന്ത്രണമുണ്ട്. കോഴിക്കാല്ക്കടവില്നിന്ന് പുലര്‍ച്ച 5.30നും 10.30ഇടയിലേ കാനനപാതയിലേക്ക് തീർഥാടകര്‍ക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. അഴുതക്കടവിലും മുക്കുഴിയിലും രാവിലെ ഏഴു മുതല്‍ ഉച്ചക്ക് 12വരെയാണ് പ്രവേശനം നല്‍കുക. തീർഥാടകര്‍ക്ക് കൂട്ടായും ഒറ്റക്കും വരാമെങ്കിലും ബാച്ചുകളായി മാത്രമേ കാനന പാതയിലൂടെ സന്നിധാനത്തേക്ക് പോകാന്‍ അനുവദിക്കൂ. വൈകീട്ട് അഞ്ചിനുശേഷം കാനനപാതയിലൂടെ സഞ്ചാരം അനുവദിക്കില്ല. വലിയാനവട്ടം, കരിമല, കല്ലിടാംകുന്ന് എന്നിവിടങ്ങളില്‍ തീർഥാടകര്‍ക്ക് വിരിവെക്കാന്‍ സൗകര്യമാരുക്കിയിട്ടുണ്ട്. വനം വകുപ്പിെൻറ എട്ട് ഇടത്താവളങ്ങളില്‍ കടകളും ലഘുഭക്ഷണശാലകളും ഒരുക്കിയിട്ടുണ്ട്. മുക്കുഴിയിലും കരിമലയിലും ആശുപത്രി സംവിധാനമുണ്ട്. മാമ്പാടി, കല്ലിടാംകുന്ന്, കരിയിലാംതോട്, മഞ്ഞപ്പൊടിത്തട്ട് എന്നിവിടങ്ങളില്‍ ഓരോ എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ സെൻററുകളും പ്രവര്‍ത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

