നടുവത്തുംമുഴി റേഞ്ചിൽ മരം കൊള്ള; തേക്ക് ഉൾപ്പെടെ മുറിച്ചുകടത്തി
text_fieldsമുറിച്ചിട്ട മരം
പത്തനംതിട്ട: കോന്നി വനം ഡിവിഷനിലെ നടുവത്തുംമുഴി റേഞ്ചിൽ പാടം സ്റ്റേഷൻ പരിധിയിലുള്ള വനത്തിൽനിന്ന് തേക്ക് ഉൾപ്പെടെയുള്ള മരങ്ങൾ മുറിച്ചു കടത്തിയ നിലയിൽ. കല്ലേലി ഹാരിസൺ എസ്റ്റേറ്റ് അതിർത്തിയിൽ, വന മേഖലയിൽനിന്നുമാണ് നിരവധി മരങ്ങൾ വ്യാപകമായി മുറിച്ച നിലയിൽ കണ്ടെത്തിയത്.
തേക്ക് ഉൾപ്പെടെയുള്ള മരങ്ങളുടെ മുറിച്ചുമാറ്റിയതിന്റെ അവശിഷ്ടങ്ങളാണ് ഇവിടെയുള്ളത്. പല മരക്കുറ്റികളും കത്തിച്ച നിലയിലും കാണാം. മരക്കുറ്റികൾക്ക് പഴക്കം വരാനും പെട്ടെന്ന് ദ്രവിച്ചു പോകാനും പഞ്ചസാര, മെർക്കുറി ഉൾപ്പെടെയുള്ള വസ്തുക്കൾ ഉപയോഗിച്ച് കത്തിച്ചതാകാമെന്നും സംശയമുണ്ട്. നിലവിൽ മരം മുറിച്ചിരിക്കുന്നത് റിസർവ് ഭൂമിയിൽനിന്നാണ്. ഹാരിസൺ മലയാളത്തിന്റെ എസ്റ്റേറ്റ് ഭൂമിയോട് ചേർന്നാണ് ഈ ഭാഗം. വനം നിയമം അനുസരിച്ച് വനം ഭൂമിയിലേക്ക് അനുവാദമില്ലാതെ കടക്കുകയോ എന്തെങ്കിലും ഒരു വസ്തു ഭൂമിയിൽനിന്നും കൊണ്ടുപോവുകയോ ചെയ്യാൻ പാടുള്ളതല്ല.
ഇതുപ്രകാരം വനഭൂമിയിൽനിന്നും ഒരു മരംപോലും മുറിച്ചുകൊണ്ട് പോകാൻ കഴിയില്ല. 30 സെന്റീമീറ്ററിൽ കൂടുതൽ വണ്ണമുള്ള മരം പൂർണവളർച്ചയെത്തിയ മരമായിട്ട് തന്നെയാണ് കണക്കാക്കുന്നതും. ഈ സാഹചര്യത്തിലാണ് നിരവധി മരങ്ങൾ വനഭൂമിയിൽനിന്ന് മുറിച്ചുമാറ്റിയത്. എന്നാൽ, വനഭൂമിയിൽനിന്നും മരം മുറിച്ചു കൊണ്ടുപോകാനുള്ള ഒരു സാഹചര്യവും നിലവിലില്ലെന്നാണ് വനം വകുപ്പിന്റെ വിശദീകരണം.
ഇതുവരെയും അങ്ങനെ മരം മുറിച്ചു കൊണ്ടുപോയതായി ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും കൃത്യമായി പരിശോധന നടത്താറുണ്ടെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
മരങ്ങൾ മുറിച്ചു കൊണ്ടുപോയത് ഗൗരവകരമായ വിഷയമാണെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ല സെക്രട്ടറി റെജി മലയാലപ്പുഴ പറഞ്ഞു. വനം വകുപ്പിന്റെ അനാസ്ഥയാണെന്നും സംഭവത്തിൽ കൃത്യമായ നടപടി ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലയിലെ പല ഭാഗങ്ങളിലും ഭൂവിഭവങ്ങളുടെ കൊള്ള നടക്കുന്നുണ്ടെന്നും വലിയ ജനകീയ പ്രക്ഷോഭം പശ്ചിമഘട്ട സംരക്ഷണ സമിതി മുന്നോട്ടുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.