ലോക്സഭ െതരഞ്ഞെടുപ്പ്; ഒരുക്കം തുടങ്ങി രാഷ്ട്രീയ പാർട്ടികൾ
text_fieldsപത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കം രാഷ്ട്രീയ പാർട്ടികൾ തുടങ്ങി. വോട്ടർ പട്ടികയിൽ പേരുചേർക്കുന്ന പ്രവർത്തനം സജീവമായി നടക്കുകയാണ്.
ഒക്ടോബർ 23ന് മുമ്പ് പരമാവധി പേരെ ചേർക്കുകയാണ് ലക്ഷ്യം. ന്യൂനപക്ഷ വോട്ടുകൾ ജയതോൽവികൾ നിശ്ചയിക്കുന്ന പത്തനംതിട്ട പാർലെമന്റ് മണ്ഡലത്തിൽ വൈകാരിക വിഷയങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സ്വീകരിച്ച നിലപാടുകളും ചർച്ചയാകും.
ആർ.എസ്.എസും ബി.ജെ.പിയും നേതൃത്വം നൽകുന്ന സംഘ്പരിവാർ കക്ഷികളിൽനിന്ന് രാജ്യം നേരിടുന്ന അസ്തിത്വ പ്രതിസന്ധികളും വോട്ടർമാരെ സ്വാധീനിക്കും. മണിപ്പൂർ, നൂഹ് തുടങ്ങി വിവിധ പ്രദേശങ്ങളിൽ ന്യൂനപക്ഷങ്ങൾക്കെതിരായ കലാപങ്ങളും പശുവിന്റെയും വിശ്വാസത്തിന്റെയും പേരിലെ ആൾക്കൂട്ട കൊലപാതകങ്ങളും ഭീതിയിൽ നിൽക്കവെ വോട്ടുകൾ സംഘടിതമായി തങ്ങളുടെ പെട്ടിയിൽ വീഴ്ത്താനുള്ള ശ്രമത്തിലാണ് പാർട്ടികൾ.
ആന്റോക്ക് നാലാം അങ്കം?
ബൂത്ത് കമ്മിറ്റികളുടെ രൂപവത്കരണം ഉടൻ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. 1078 ബൂത്ത് കമ്മിറ്റികളിൽ 60 ശതമാനം പ്രവർത്തനസജ്ജമാണെന്ന് നേതാക്കൾ പറഞ്ഞു. താഴേത്തട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ബൂത്ത് കമ്മിറ്റികൾ സജീവമാക്കാനാണ് കോൺഗ്രസ് മുൻഗണന നൽകുന്നത്. ഇപ്പോഴും പലസ്ഥലങ്ങളിലും ബൂത്ത്കമ്മിറ്റികൾ സജീവമല്ല. കോൺഗ്രസിന്റെ ത്രിതല പഞ്ചായത്ത്, നഗരസഭ ജനപ്രതിനിധികൾക്കുള്ള പരിശീലനം, മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരുടെ ക്യാമ്പ് എന്നിവ പൂർത്തിയായിട്ടുണ്ട്. പോഷക സംഘടന ഭാരവാഹികളുടെ ക്യാമ്പും വൈകാതെ നടത്തും.
സ്ഥാനാർഥിയെ സംബന്ധിച്ച് അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയാണ് ( എ.ഐ.സി.സി) അന്തിമ തീരുമാനം എടുക്കുക. സിറ്റിങ് സീറ്റ് ആയതുകൊണ്ടുമാത്രം എം.പിമാരെ മത്സരിപ്പിക്കണമെന്നില്ല. വിജയസാധ്യതക്ക് പ്രഥമ പരിഗണന നൽകിയാകും എം.പിമാർക്ക് സീറ്റ് നൽകുക എന്ന് പാർട്ടിപ്രവർത്തക സമിതി തീരുമാനിച്ചിട്ടുണ്ട്. വിജയസാധ്യതയുള്ളവരെ കണ്ടെത്താൻ ഒന്നിലേറെ ഏജൻസികളെ ഉപയോഗിച്ച് രഹസ്യസർവേ നടക്കുന്നുണ്ട്.
ആേന്റാ ആന്റണി നാലാം അങ്കത്തിന് ഇറങ്ങുമോ എന്ന കാര്യത്തിലും അനിശ്ചിതമാണ്. നാലാം അങ്കത്തിന് അദ്ദേഹം രംഗത്തുണ്ട്. പൊതുപരിപാടികളിൽ അടുത്തകാലത്ത് സജീവവുമാണ്. പത്തനംതിട്ട ജില്ലയിലെ പല തദ്ദേശ സ്വയം ഭരണ പ്രദേശങ്ങളിലും എം.പിയെ കാണാനില്ലെന്ന് കാണിച്ച് ഇടക്കാലത്ത് വ്യാപകമായി പോസ്റ്ററുകൾ പ്രചരിച്ചിരുന്നു.
ആന്റോക്കെതിരെ കോൺഗ്രസിലും പ്രതിഷേധം ഉയരുന്നുണ്ട്. ബി.ജെ.പിക്ക് എതിരായ നിലപാടിൽ ലോക്സഭയിൽ ശക്തമായ ശബ്ദവും വിവിധ ചർച്ചകളിൽ കാര്യമാത്ര ഇടപെടലും ആന്റോയുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതിലും പത്തനംതിട്ട പാർലമെന്റ് മണ്ഡലം ഉൾപ്പെടുന്ന കോൺഗ്രസിന്റെ കോട്ടയം, പത്തനംതിട്ട ജില്ല കമ്മിറ്റികളിലും വിയോജിപ്പുണ്ട്.
സി.പി.എം സ്ഥാനാർഥി തന്നെ
എൽ.ഡി.എഫ് സംഘടനാപരമായ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. നിയോജക മണ്ഡലം, ബൂത്തുതല യോഗങ്ങൾ ഉടൻ ചേരും. നിർജീവമായ ബൂത്തുകളുണ്ടെങ്കിൽ പരിശോധിച്ചു വേണ്ട നടപടിയെടുക്കും. പാർലമെന്റ് സീറ്റിൽ സി.പി.എം സ്ഥാനാർഥി തന്നെയാകും മത്സരിക്കുക. എന്നാൽ, കേരള കോൺഗ്രസ് എം അവരുടെ യോഗങ്ങളിൽ പത്തനംതിട്ട, ഇടുക്കി സീറ്റുകൾ ഇത്തവണ പാർട്ടിക്കു നൽകണമെന്ന് ആവശ്യപ്പെടുന്നുണ്ട്. സി.പി.എമ്മിൽ മുൻ എം.എൽ.എ രാജു എബ്രഹാം, മുൻ മന്ത്രി തോമസ് ഐസക് എന്നിവരുടെ പേരുകൾ പരിഗണിക്കുന്നുണ്ട്.
ഉണ്ണി മുകുന്ദന്റെ പേര് അഭ്യൂഹമെന്ന്
ബി.ജെ.പി ഏറെ പ്രതീക്ഷ വെച്ചുപുലർത്തുന്ന മണ്ഡലം കൂടിയാണ് പത്തനംതിട്ട. ജില്ലയുടെ ചുമതലയുള്ള കേന്ദ്രമന്ത്രി ശോഭ കരന്ദ്ലാജെ, കേരളത്തിന്റെ പ്രഭാരി ചുമതലയുള്ള പ്രകാശ് ജാവ്ദേക്കർ എന്നിവർ ജില്ലയിൽ സന്ദർശനം പൂർത്തിയാക്കിയിരുന്നു. നിയോജക മണ്ഡല യോഗങ്ങളിൽ പ്രകാശ് ജാവ്ദേക്കർ പങ്കെടുക്കുകയും ചെയ്തു. നിയോജകമണ്ഡല അടിസ്ഥാനത്തിലുള്ള നാല് യോഗങ്ങളും ഇതിനോടകം ബി.ജെ.പി പൂർത്തിയാക്കിയിട്ടുണ്ട്. നടൻ ഉണ്ണി മുകുന്ദന്റെ പേര് നേരത്തേ പറഞ്ഞുകേട്ടിരുന്നെങ്കിലും അതൊക്കെ അഭ്യൂഹങ്ങൾ മാത്രമാണെന്ന നിലപാടിലാണ് നേതാക്കൾ. അനിൽ ആന്റണി , കുമ്മനം രാജശേഖരൻ എന്നിവരും പരിഗണനയിലാണ്. ഇതിനിടെ നിയമസഭയിലേക്ക് കോന്നിയിൽ മത്സരിച്ച് തോറ്റ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ പേരും ഉയരുന്നുണ്ട്.