തെരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയിൽ ഒരുക്കം പുരോഗമിക്കുന്നു
text_fieldsപത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ ജില്ലയില്‍ സമാധാനപരമായി നടത്താനുള്ള ഒരുക്കം പുരോഗമിക്കുകയാണെന്ന് ജില്ല തെരഞ്ഞെടുപ്പ് വരണാധികാരിയും കലക്ടറുമായ എസ്. പ്രേം കൃഷ്ണന് അറിയിച്ചു. നാമനിര്‍ദേശകപത്രിക സമര്‍പ്പണം മാര്‍ച്ച് 28ന് ആരംഭിക്കും. ഏപ്രില്‍ നാലാണ് അവസാന തീയതി. അഞ്ചാം തീയതി സൂക്ഷ്മ പരിശോധനയും പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ എട്ടുമാണ്. വോട്ടെടുപ്പ് ഏപ്രില്‍ 26നും വോട്ടെണ്ണല്‍ ജൂണ്‍ നാലിനും നടക്കും. സ്ഥാനാര്‍ഥികളുടെ വരവുചെലവ് കണക്കാക്കുന്നത് സംബന്ധിച്ച പരിശോധനക്കും നിരീക്ഷണത്തിനുമായി 15 ഫ്ലയിങ് സ്ക്വാഡ്, 15 സ്റ്റാറ്റിക് സർവെയ്ലന്‍സ് ടീമുകള്‍, അഞ്ച് വിഡിയോ സർവെയ്ലന്‍സ് ടീം, അഞ്ചു ആന്റി ഡിഫേസ്മെന്റ് സ്ക്വാഡ് എന്നിവ പ്രവര്‍ത്തിക്കുന്നു.
തെരഞ്ഞെടുപ്പ് കാലത്ത് 10 ലക്ഷം രൂപക്ക് മുകളിലുള്ള സംശയകരമായ ഇടപാടുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലതല ബാങ്കേഴ്സ് സമിതിയില്‍ ഇതു സംബന്ധിച്ച് അറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്ഥാനാര്‍ഥികളുടെ അക്കൗണ്ടില്‍ ഒരു ലക്ഷത്തിനു മുകളിലുള്ള ഇടപാടും നിരീക്ഷിക്കും. സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്ന സ്ഥാനാര്‍ഥിയുടെ അടുത്ത ബന്ധുക്കളുടെ അക്കൗണ്ടിലും ഒരു ലക്ഷത്തിനു മുകളിലുള്ള ഇടപാട് നിരീക്ഷിക്കും. എ.ടി.എം കൗണ്ടറുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് എല്ലാ ബാങ്കുകളും ആവശ്യമായ രേഖകള്‍ സൂക്ഷിക്കണമെന്നും കലക്ടര്‍ അറിയിച്ചു.
അരുണ്‍ കുമാര്‍ കേംഭവി തെരഞ്ഞെടുപ്പ് നിരീക്ഷകൻ
പത്തനംതിട്ട: ലോക്സഭ മണ്ഡലത്തിലെ മുഖ്യതെരഞ്ഞെടുപ്പ് നിരീക്ഷകനായി അരുണ്‍ കുമാര്‍ കേംഭവി ഐ.എ.എസിനെ നിയമിച്ചു. ചെലവ് നിരീക്ഷകനായി കമലേഷ് കുമാര്‍ മീണ ഐ.ആർ.എസ്, പൊലീസ് നിരീക്ഷകനായി എച്ച്. രാംതലെഗ്ലിയാന ഐ.പി.എസ് എന്നിവരെയും നിയമിച്ചു. ചെലവ് നിരീക്ഷനായ കമലേഷ് കുമാര്‍ മീണ ബുധനാഴ്ച ജില്ലയില്‍ എത്തും.
പൊതുജനപങ്കാളിത്തം ഉറപ്പാക്കാന്‍ സെല്‍ഫി പോയന്റ്
പത്തനംതിട്ട: തെരഞ്ഞെടുപ്പ് അവബോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ സജ്ജമാക്കിയിരിക്കുന്ന സെല്‍ഫി പോയന്റ് ശ്രദ്ധേയമാകുന്നു. പൊതുജനപങ്കാളിത്തം ഉറപ്പാക്കാൻ ജില്ല ഭരണകൂടം, തെരഞ്ഞെടുപ്പ് വിഭാഗം, സ്വീപ് എന്നിവ സംയുക്തമായാണ് സെല്‍ഫി പോയന്റ് ഒരുക്കിയിരിക്കുന്നത്.‘ഞാന്‍ വോട്ട് ചെയ്യും’ എന്ന സന്ദേശമാണ് സെല്‍ഫി പോയന്റിലൂടെ നല്‍കുന്നത്.
കലക്ടറേറ്റ് പരിസരത്ത് സ്ഥാപിച്ച സെല്‍ഫി പോയന്റ് രണ്ടു ദിവസം മുമ്പ് കലക്ടര്‍ എസ്. പ്രേം കൃഷ്ണന് സെല്‍ഫിയെടുത്ത് ഉദ്ഘാടനം ചെയ്തിരുന്നു. അടൂര്‍, തിരുവല്ല മണ്ഡലങ്ങളില്‍ റവന്യൂ ടവറിലും കോന്നി, റാന്നി മണ്ഡലങ്ങളില്‍ മിനിസിവില്‍ സ്റ്റേഷനുകളിലുമാണ് സെല്‍ഫി പോയന്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
പോളിങ് ബൂത്ത് അറിയാം
പത്തനംതിട്ട: തെരഞ്ഞെടുപ്പില്‍ ഓരോ വോട്ടര്‍മാര്‍ക്കും തങ്ങളുടെ പോളിങ് ബൂത്തുകള്‍ കണ്ടെത്താനുള്ള സൗകര്യം ഒരുക്കി തെരഞ്ഞെടുപ്പ് കമീഷന്. https://electoralsearch.eci.gov.in കമീഷന്റെ വെബ്സൈറ്റില്‍ പ്രവേശിച്ച് വോട്ടര്‍ ഐ.ഡി കാര്‍ഡ് നമ്പര്‍ മാത്രം നല്കി സെര്‍ച് ചെയ്താല്‍ പോളിങ് ബൂത്ത് കണ്ടെത്താം. അല്ലെങ്കില്‍ വോട്ടറുടെ പേര്, വയസ്സ്, ജില്ല, നിയമസഭ മണ്ഡലം എന്നിങ്ങനെയുള്ള വിവരങ്ങള്‍ നല്‍കിയും വോട്ടര്‍ ഐ.ഡിക്കൊപ്പം രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ നല്കി ഒ.ടി.പി നല്കിയാലും വിവരം ലഭ്യമാകും. മൂന്ന് രീതിയിലൂടെയും പോളിങ് ബൂത്ത് കണ്ടെത്തുമ്പോഴും ഫലം ലഭിക്കാന്‍ സ്ക്രീനില്‍ കാണിക്കുന്ന കോഡ് കൃത്യമായി നല്‍കണം. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് പ്ലാറ്റ്ഫോമില്‍ വരുന്ന വോട്ടര്‍ ഹെല്പ് ലൈന്ആപ് വഴിയും ഹെല്പ് ലൈന്‍ നമ്പറായ 1950ല്‍ ബന്ധപ്പെട്ടാലും പോളിങ് ബൂത്ത് സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

