പൊള്ളുന്ന ചൂടിലിറങ്ങി എൽ.ഡി.എഫും എൻ.ഡി.എയും
text_fieldsപത്തനംതിട്ട: പൊള്ളുന്ന ചൂടിലും ഇടതുമുന്നണിയും എൻ.ഡി.എയും പ്രചാരണം ഊർജിതമാക്കി. യു.ഡി.എഫ് സ്ഥാനാർഥി പ്രഖ്യാപനം നീളുന്നത് പ്രവർത്തകർക്കിടയിൽ അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്. രണ്ട് ദിവസത്തിനകം പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്. നാലാം തവണയും ആന്റോ ആന്റണി തന്നെയാകും യു.ഡി.എഫ് സ്ഥാനാർഥിയെന്ന് ഉറപ്പായിട്ടുണ്ട്. എൽ.ഡി.എഫ് സ്ഥാനാർഥി പ്രഖ്യാപനം നേരത്തേ വന്നതോടെ പ്രചാരണം അവർ സജീവമാക്കിയിട്ടുണ്ട്.
സ്ഥാനാർഥി തോമസ് ഐസക്കിന്റെ റോഡ് ഷോയോടെയാണ് പ്രചാരണത്തിന് തുടക്കമിട്ടത്. ഭവനസന്ദർശനമാണ് ഇപ്പോൾ നടക്കുന്നത്. ബൂത്തുകൾ കേന്ദ്രീകരിച്ച് കുടുംബസദസ്സുകൾ ഉടൻ വിളിക്കും. പാർലമെന്റ് മണ്ഡലം കൺവെൻഷൻ ഒമ്പതിന് പത്തനംതിട്ടയിൽ എം.എ. ബേബി ഉദ്ഘാടനം ചെയ്യും.
സ്ഥാനാർഥി പ്രഖ്യാപനത്തോടെ എൻ.ഡി.എ സ്ഥാനാർഥി അനിൽ ആന്റണി തിങ്കളാഴ്ച പത്തനംതിട്ടയിലെ ബി.ജെ.പി ഓഫിസിൽ എത്തുകയും പ്രചാരണത്തിന് തുടക്കം കുറിച്ചു. ബി.ജെ.പിക്ക് കേരളത്തിൽനിന്ന് ഒന്നിലധികം സീറ്റ് ലഭിക്കുമെന്നും അതിൽ ഒന്ന് പത്തനംതിട്ട ആയിരിക്കുമെന്നുമാണ് അനിൽ ആന്റണി പറയുന്നത്.
പന്തളത്ത് പ്രചാരണത്തിന് തുടക്കം
പന്തളം: അനിൽ ആന്റണിയുടെയും തോമസ് ഐസക്കിന്റെയും പ്രചാരണത്തിന് പന്തളത്ത് തുടക്കം. എൽ.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർഥികൾ ചൊവ്വാഴ്ച രാവിലെ മുതൽ പന്തളത്ത് പ്രചാരണത്തിന് തുടക്കം കുറിച്ചു. യു.ഡി.എഫ് സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എൽ.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർഥികൾ രംഗത്തിറങ്ങിയതോടെ തെരഞ്ഞെടുപ്പ് കളം ചൂടുപിടിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ എൽ.ഡി.എഫിലെ ഡോ. തോമസ് ഐസക് പന്തളത്ത് സജീവമായിരുന്നു. സ്ഥാനാർഥി പ്രഖ്യാപനം വന്നതോടെ ചൊവ്വാഴ്ച രാവിലെ കുരമ്പാല, ചേരിക്കൽ, മുട്ടാർ, കടക്കാട് മേഖലകളിൽ ഒന്നാംഘട്ട പര്യടനം പൂർത്തിയാക്കി.
യു.ഡി.എഫ് സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകാത്തതിനാൽ തെരഞ്ഞെടുപ്പ് രംഗത്ത് സജീവമല്ല. സിറ്റിങ് എം.പി ആന്റോ ആന്റണിക്ക് വേണ്ടിയുള്ള പ്രചാരണം ചിലയിടങ്ങളിൽ തുടങ്ങിയെങ്കിലും മണ്ഡലത്തിൽ സ്ഥാനാർഥിക്ക് മാറ്റം ഉണ്ടാകുമെന്നാണ് പാർട്ടി വിലയിരുത്തൽ. എൽ.ഡി.എഫ് സ്ഥാനാർഥി തോമസ് ഐസക് പ്രചാരണ പരിപാടി ഏറെ മുന്നേറിയിരിക്കുകയാണ്. പന്തളത്തെ കച്ചവടക്കാരോട് കുശലം പറഞ്ഞും വോട്ട് അഭ്യർഥിച്ചും ആദ്യദിന പ്രചാരണം പൂർത്തിയാക്കി. വരുന്ന ദിവസങ്ങളിൽ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലായി പ്രചാരണം സജീവമാക്കാൻ ഒരുങ്ങുകയാണ് എൽ.ഡി.എഫ്.
എൻ.ഡി.എ സ്ഥാനാഥി അനിൽ ആന്റണി പന്തളം വലിയകോയിക്കൽ ശ്രീധർമശാസ്ത ക്ഷേത്രം സന്ദർശിച്ചാണ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി അഡ്വ. കെ. ബിനുമോൻ, പന്തളം മുനിസിപ്പൽ ചെയർപേഴ്സൻ സുശീല സന്തോഷ്, മണ്ഡലം പ്രസിഡന്റ് ജി. ഗിരീഷ് കുമാർ, സംസ്ഥാന കൗൺസിൽ അംഗം കൊട്ടേത്ത് പ്രദീപ്, യുവമോർച്ച ജില്ല പ്രസിഡന്റ് നിതിൻ ശിവ, ബി.ജെ.പി ജില്ല സെക്രട്ടറി റോയ് മാത്യു, നഗരസഭ കൗൺസിലർമാരായ പി.കെ. പുഷ്പലത, സൂര്യ എസ്. നായർ, കെ. സീന, ഐ.ടി സോഷ്യൽ മീഡിയ ജില്ല കൺവീനർ വിജയൻ കരിങ്ങാലിൽ, വലിയകോയിക്കൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ബിനു നരേന്ദ്രൻ, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി വിജയ കുമാർ പള്ളിക്കൽ എന്നിവർക്കൊപ്പമായിരുന്നു പ്രചാരണത്തിന് തുടക്കം കുറിച്ചത്. തുടർന്ന് അനിൽ ആന്റണി, പന്തളം എസ്.എൻ.ഡി.പി യോഗം ഓഫിസ് സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

