ലോക്സഭ തെരഞ്ഞെടുപ്പ്: വാർ റൂം ഒരുങ്ങി
text_fieldsപത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പേ ഓരോ വോട്ടും എങ്ങനെ പെട്ടിയിലാക്കാമെന്നതിനെക്കുറിച്ച് രാഷ്ട്രീയ പാർട്ടികൾ ആലോചന തുടങ്ങി. ഇതിനായി ആദ്യഘട്ട പ്രചാരണ പരിപാടികൾക്ക് പലയിടത്തും പ്രവർത്തകർ തുടക്കമിട്ടു.
ചുവരെഴുത്ത്, പോസ്റ്റർ, നോട്ടീസ്, ഫ്ലക്സ് തുടങ്ങിയവയിലെല്ലാം മറ്റ് സ്ഥാനാർഥികളെ പിന്നിലാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനൊപ്പം സമൂഹമാധ്യമങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നിർണായക പങ്കുവഹിക്കുന്നുണ്ട്. പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ എൽ.ഡി.എഫ്, എൻ.ഡി.എ സഖ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോഴും യു.ഡി.എഫ് സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സിറ്റിങ് എം.പിമാരെല്ലാം മത്സരിക്കുമെന്ന പാർട്ടിയുടെ നിലപാടിൽ ആന്റോ ആന്റണി തന്നെയാണ് പത്തനംതിട്ടയിലെ സ്ഥാനാർഥി. സമുദായ നേതൃത്വങ്ങളെയും മറ്റും കാണുന്ന തിരക്കിലാണ് അദ്ദേഹം ഇപ്പോൾ.
ഒരുവർഷത്തിനടുത്തായി പത്തനംതിട്ടയിൽ കേന്ദ്രീകരിച്ച എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. തോമസ് ഐസക്കിന്റെ പ്രചാരണം മണ്ഡലത്തിലാകമാനം സജീവമാണ്. പോസ്റ്ററുകളും ചുവരെഴുത്തുകളും തുടങ്ങി.
തലമുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണി സ്ഥാനാർഥിയായി വരുന്ന എൻ.ഡി.എ ക്യാമ്പിൽ അഭിപ്രായ വ്യാത്യാസങ്ങൾ പ്രകടമാണെങ്കിലും പ്രചാരണ രംഗത്ത് ഇറങ്ങി.
ഇടഞ്ഞുനിൽക്കുന്ന ബി.ജെ.പിയുടെ പുതിയ നേതാവ് പി.സി. ജോർജിനെ സന്ദർശിച്ച് അനിൽ ആന്റണി തിങ്കളാഴ്ച പത്തനംതിട്ടയിൽ റോഡ് ഷോ നടത്തി.
ആദ്യഘട്ട ഫോട്ടോ ഷൂട്ടിൽ സ്ഥാനാർഥികൾ
പോസ്റ്റർ, ബാനർ, ബോർഡ്, സമൂഹമാധ്യമങ്ങളിലെ പ്രചാരണം എന്നിവക്കായി ആദ്യഘട്ട ഫോട്ടോഷൂട്ടുകളും പൂർത്തിയാക്കിയ സ്ഥാനാർഥികൾ പോസ്റ്ററുകളടക്കം ഡിസൈൻ ചെയ്തു. പരമാവധിയാളുകളെ ചേർത്ത് വാട്സ്ആപ് ഗ്രൂപ്പുകളടക്കം ബൂത്ത്തലത്തിൽ തുടങ്ങിയിട്ടുമുണ്ട്.
സോഷ്യൽ മീഡിയയിലും പോര്
തെരഞ്ഞെടുപ്പിന്റെ മുമ്പേ തന്നെ സാമൂഹമാധ്യമങ്ങളിൽ ഇടതും വലതും പോരിന് തുടക്കമിട്ടു. സാമൂഹമാധ്യമങ്ങൾ കൈകാര്യം ചെയ്യാൻ കഴിവും പ്രാപ്തിയുമുള്ള വിദഗ്ധരെയാണ് നേതൃത്വം ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇവർക്കായി പാർട്ടി ഓഫിസുകളിൽ തന്നെ പ്രത്യേക വാർ റൂമും തന്നെ തുറന്ന് കഴിഞ്ഞു. വിഷയത്തിൽ കരുതൽ വേണമെന്ന് നേതാക്കൾ പ്രവർത്തകരെ ഉപദേശിക്കുന്നുമുണ്ട്. സമൂഹമാധ്യമ പ്രചാരണവും അതിരുകടന്നാൽ പൊലീസ് കേസുകൾക്കും മറ്റും കാരണമാകും. പ്രഖ്യാപനം വരുന്നതോടെ തെരഞ്ഞെടുപ്പ് കമീഷന്റെ നിരീക്ഷണവും ഇടപെടലും ഇക്കാര്യത്തിലുണ്ടാകും.
ചുവര് ബുക്കിങ്
സ്ഥാനാർഥി പ്രഖ്യാപനമുണ്ടായി മണിക്കൂറുകൾക്കകം എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. തോമസ് ഐസക്കിനുവേണ്ടി വോട്ടഭ്യർഥിച്ച് പ്രവർത്തകർ ചുവരെഴുതി തുടങ്ങി. പത്തനംതിട്ട നഗരസഭയിലും ജില്ലയിലെ മറ്റ് നഗരസഭാ പ്രദേശത്തും ചുവരെഴുതിയിരിക്കുന്നത്. പലയിടത്തും ഐസക്കിന്റെ കൂറ്റൻ ഫ്ലക്സുകളും ബാനറുകളും ഉയർന്നിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ എൻ.ഡി.എ ക്യാമ്പിൽനിന്ന് അനിലിന്റെ പോസ്റ്ററുകളും പതിച്ചു തുടങ്ങും.
അതേസമയം, ആന്റോ ആന്റണിയുടെ പോസ്റ്ററുകളും ബാനറുകളും തയാറാണെങ്കിലും പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണ് അണികൾ. പ്രവർത്തകർ ചുവരുകൾ ബുക്ക് ചെയ്യാൻ നെട്ടോട്ടമോടുകയാണ്. വേനൽ ചൂട് ശക്തമായതോടെ രാത്രിയാണ് ചുവരെഴുത്ത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.