പാറമടക്കെതിരെ പ്രതിഷേധം കടുപ്പിച്ച് നാട്ടുകാർ; വാഹനങ്ങൾ തടഞ്ഞു
text_fieldsകോന്നി മെഡിക്കൽ കോളജിന് സമീപത്ത് പ്രവർത്തനം ആരംഭിച്ച പാറമടക്കെതിരെയുള്ള ജനകീയ സമരം
പത്തനംതിട്ട: കോന്നി മെഡിക്കൽ കോളജിന് സമീപം പ്രവർത്തനം ആരംഭിച്ച പാറമടക്കെതിരെ ജനകീയ പ്രതിഷേധം. പാറമടയിലേക്ക് വന്ന വാഹനങ്ങൾ ജനകീയ സമര സമിതി നേതൃത്വത്തിൽ തടഞ്ഞു. സ്ഥലത്ത് പൊലീസും എത്തിയിരുന്നു. ജില്ല പഞ്ചായത്ത് അംഗം എസ്. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. വർഷങ്ങളായി ഇവിടെ പാറമട ആരംഭിക്കാൻ നടത്തിയ ശ്രമങ്ങൾ വിജയിച്ചില്ല. പെരുമ്പാവൂർ സ്വദേശിയാണ് അടുത്തയിടെ പാറമട ആരംഭിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.
കോന്നി- മെഡിക്കൽ കോളജ് റോഡിൽ ആനകുത്തിക്കും മഞ്ഞക്കടവിനും ഇടയിലായി വാഴത്തോപ്പ് ഭാഗത്താണ് കോട്ടപ്പാറ കാച്ചാനത്ത് കോട്ട ക്ഷേത്രത്തോട് ചേർന്ന് കിടക്കുന്ന കുന്നിൽ പാറഖനനം നടക്കുന്നത്. നിയമപരമായ എല്ല അനുമതികളോടെയുമാണ് പാറമട പ്രവർത്തിക്കുന്നതെന്നാണ് ഉടമകൾ അവകാശപ്പെടുന്നത്.
പാറമട പ്രവർത്തനം പ്രദേശത്ത് ഗുരുതര ഭവിഷത്തുകൾ ഉണ്ടാക്കുമെന്ന് നാട്ടുകാർ പറയുന്നു. തുടർച്ചയായ സ്ഫോടനങ്ങൾ ഭൂമിയുടെ അടിത്തറ ഇളക്കുകയും മഴക്കാലത്ത് മണ്ണൊലിപ്പിനും ഉരുൾപൊട്ടലിനും കാരണമാവുകയും ചെയ്യും. ഭൂഗർഭ ജലനിരപ്പ് താഴുന്നതിനും കിണറുകളും നീരുറവകളും വറ്റിപ്പോവാനും ഇത് വഴിവെക്കും.
കോന്നി, ഐരവൺ വില്ലേജുകൾ വനത്തോടും അച്ചൻകോവിലാറിനോടും ചേർന്നുകിടക്കുന്നതിനാൽ ഇവിടുത്തെ മലയോര മേഖലകൾ അതീവ ശ്രദ്ധ ആവശ്യമുള്ളവയാണ്.ഈ കുന്നിൻറെ മറുവശത്താണ് കോന്നി മെഡിക്കൽ കോളജ് സ്ഥിതി ചെയ്യുന്നത്. രണ്ട് പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന റോഡുകളിലൂടെയുള്ള വലിയ ടിപ്പർ ലോറികളുടെ നിരന്തരമായ സർവിസ് കാരണം ഇവിടുത്തെ മലയോര പാതകൾ തകരുമെന്ന് മാത്രമല്ല, കടുത്ത പൊടിശല്യം മാറാരോഗങ്ങളിലേക്ക് വഴി തുറക്കുകയും ചെയ്യും. മെഡിക്കൽ കോളജ് പ്രവർത്തനത്തെയും ദോഷകരമായി ബാധിക്കും. ആനകുത്തി മുതൽ മഞ്ഞക്കടമ്പ് വരെയുള്ള പ്രദേശം ഭൂമിശാസ്ത്രപരമായി ഒറ്റ മലനിരയുടെ ഭാഗമായതുകൊണ്ട് ഇവിടെ എവിടെ സ്ഫോടനം നടന്നാലും അതിന്റെ പ്രകമ്പനവും വലിയ ശബ്ദവും ഇരുവശത്തുമുള്ള ജനവാസ മേഖലകളെ ബാധിക്കും.
വനാതിർത്തിയോട് ചേർന്നുകിടക്കുന്ന വലിയ മലനിരകളിൽ പാറപൊട്ടിക്കലും ക്രഷർ യൂനിറ്റുകളുടെ പ്രവർത്തനങ്ങളും സജീവമാണ്. പരിസ്ഥിതിയെ ചൂഷണം ചെയ്തുള്ള ഇത്തരം നീക്കങ്ങൾ സമാധാനമായി ജീവിക്കാനുള്ള ജനങ്ങളുടെ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണന്ന് നാട്ടുകാർ പറയുന്നു. സുരക്ഷിതമായി സ്വന്തം വീട്ടിൽ ഉറങ്ങാൻ കഴിയുന്ന സാഹചര്യം ജനങ്ങൾക്ക് ഉറപ്പാക്കാൻ അധികാരികൾ തയാറാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

