തദ്ദേശ തെരഞ്ഞെടുപ്പ് സംവാദം; വികസനത്തിൽ അവകാശവാദം, എതിർപ്പ്
text_fieldsപത്തനംതിട്ട: ജില്ലയിൽ സ്വപ്നതുല്യമായ വികസനമാണ് നടക്കുന്നതെന്ന് സി.പി.എം ജില്ല സെക്രട്ടറി രാജു എബ്രഹാം. പ്രഖ്യാപനമല്ലാതെ പദ്ധതികളൊന്നും യാഥാർഥ്യമായിട്ടില്ലെന്ന് ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ. മോദി സർക്കാറിന്റെ വികസന പദ്ധതികൾ മാത്രമാണ് ജില്ലയിൽ നടന്നിട്ടുള്ളതെന്ന് ബി.ജെ.പി ജില്ല പ്രസിഡന്റ് വി.എ. സൂരജ്... തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട പ്രസ് ക്ലബ് സംഘടിപ്പിച്ച ‘തദ്ദേശം’ സംവാദത്തിലായിരുന്നു വികസനത്തെ ചൊല്ലിയുടെ മുന്നണി നേതാക്കളുടെ അവകാശവാദവും തർക്കവും.
യു.ഡി.എഫിന് കഴിഞ്ഞ തവണ നഷ്ടപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ ഇത്തവണ തിരിച്ചുപിടിക്കുമെന്ന് സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. കഴിഞ്ഞ തവണ 13 പഞ്ചായത്തുകൾ മാത്രമാണ് ലഭിച്ചത്. ഇത്തവണ ജില്ല പഞ്ചായത്തടക്കം ഭൂരിഭാഗം സ്ഥാപനങ്ങളും യു.ഡി.എഫ് നേടും.
നേരത്തേ ഉപതെരഞ്ഞെടുപ്പ് നടന്ന പഞ്ചായത്തുകളിലെ വിജയം ഇതിന്റെ സൂചനയാണ്. പിണറായി സർക്കാർ സമസ്ത മേഖലയിലും ജനങ്ങളെ ദ്രോഹിക്കുകയായിരുന്നു. ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽപോലും കൊള്ള നടക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
തെരഞ്ഞെടുപ്പ് അടുത്ത സമയത്തെ പ്രഖ്യാപനങ്ങൾ വെറും തട്ടിപ്പാണ്. ഖജനാവ് കാലിയാണ്. ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങളിൽ ഒരു വികസനവും നടന്നിട്ടില്ല. യു.ഡി.എഫ് നടപ്പാക്കിയത് മാത്രമാണുള്ളത്. കോന്നി മെഡിക്കൽ കോളജിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ല. ഈ തെരഞ്ഞെടുപ്പിൽ ജനങ്ങൾ എൽ.ഡി. എഫിന് എതിരായി വിധിയെഴുതുമെന്നും സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.
കഴിഞ്ഞ തവണത്തെക്കാൾ കൂടുതൽ പഞ്ചാത്തുകളിൽ നേട്ടമുണ്ടാക്കുമെന്ന് രാജു എബ്രഹാമും പറഞ്ഞു. പഞ്ചായത്തുകളിലെ സേവനങ്ങൾ ലോകോത്തര നിലവാരത്തിൽ എത്തിക്കാൻ കഴിഞ്ഞു. ഡിജിറ്റൽ യുഗത്തിലെ മാറ്റങ്ങൾ പഞ്ചായത്തുകളിലും നടപ്പാക്കാൻ കഴിഞ്ഞു. പാവങ്ങളെ കരുതുന്ന സർക്കാറാണിത്. വരുന്ന അഞ്ച് വർഷംകൊണ്ട് മാലിന്യം ഇല്ലാത്ത കേരളത്തെ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്.
ഇത് പൂർണമാക്കാൻ തെരഞ്ഞെടുപ്പിൽ ജനങ്ങൾ അംഗീകാരം നൽകും. വീട്, കുടിവെള്ളം തുടങ്ങിയ മേഖലകളിൽ വൻ മുന്നേറ്റമാണുണ്ടാക്കിയത്. പട്ടിണിയില്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റി. പിണറായി സർക്കാർ നടപ്പാക്കിയ വികസനം കൺമുന്നിൽ നമുക്ക് കാണാൻ കഴിയും. വന്യമ്യഗ ശല്യം പരിഹരിക്കുന്നതിൽ കേന്ദ്ര നിയമമാണ് തടസ്സമുണ്ടാക്കുന്നത്. കേന്ദ്ര വനം നിയമം ഭേദഗതി ചെയ്താൽ മലയോര മേഖലയിലെ മിക്ക പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു.
പന്തളം നഗരസഭയിൽ ഭരണം നിലനിർത്തുമെന്ന് ബി.ജെ.പി ജില്ല പ്രസിഡന്റ് വി.എ. സൂരജ് പറഞ്ഞു. തിരുവല്ല നഗരസഭയിലും ഭരണത്തിലെത്തും. കഴിഞ്ഞ തവണ മൂന്ന് പഞ്ചായത്തുകളിൽ മാത്രമാണ് ഭരണം ലഭിച്ചത്. ഇത്തവണ കൂടുതൽ പഞ്ചായത്തുകളിൽ ഭരണം ലഭിക്കും. വന്യമ്യഗ ശല്യം പരിഹരിക്കാൻ സംസ്ഥാന സർക്കാറിന് കഴിഞ്ഞിട്ടില്ല. ജില്ലയിൽ മോദി സർക്കാറിന്റെ കേന്ദ്ര പദ്ധതികൾ മാത്രമാണ് നടപ്പായിട്ടുള്ളത്.
യു.ഡി.എഫും എൽ.ഡി.എഫും മാറി മാറി ഭരിച്ചിട്ടും ജില്ല പഞ്ചായത്തിൽ ഒരു വികസനവും നടന്നിട്ടില്ല. തെരുവുനായ് ശല്യം പോലും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. കൊടുമൺ റൈസ് മിൽപൂട്ടി. ആരോഗ്യ മേഖല പൂർണമായും തകർന്നു. ശബരിമല സ്വർണക്കൊള്ളയിൽ യു.ഡി.എഫും എൽ.ഡി.എഫും ഒരുപോലെയാണെന്നും സൂരജ് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

