2020ൽ 69.72 ശതമാനം; പോളിങ് ഉയരുമെന്ന പ്രതീക്ഷയിൽ മുന്നണികൾ
text_fieldsപത്തനംതിട്ട: ജില്ലയിൽ ഇക്കുറി പോളിങ് ശതമാനം വർധിക്കുമെന്ന പ്രതീക്ഷയിൽ മുന്നണികൾ. 2020ൽ 69.72 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. അന്ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു തെരഞ്ഞെടുപ്പും വോട്ടെടുപ്പും നടന്നത്. സാമൂഹിക അകലവും മാസ്കും നിർബന്ധവുമായിരുന്നു. കോവിഡ് പോസിറ്റീവായവർ പി.പി.ഇ കിറ്റ് ധരിച്ചാണ് പോളിങ് ബൂത്തുകളിലെത്തിയത്. കോവിഡ് ബാധിതരെ എത്തിച്ച് വോട്ട് ചെയ്യിപ്പിച്ചതും പ്രത്യേക സംവിധാനങ്ങളോടെയാണ്. എല്ലാ വോട്ടർമാരും മാസ്ക് ധരിച്ച് വേണം പോളിങ് ബൂത്തിലെത്താനെന്നും നിർദേശമുണ്ടായിരുന്നു. സാമൂഹിക അകലവും നിർബന്ധമാക്കിയിരുന്നു. വോട്ടർമാർ കൂടുതലുള്ള സ്ഥലങ്ങളിൽ അധിക ബൂത്തുകളും ക്രമീകരിച്ചു നൽകി. പോളിങ് ശതമാനത്തെയും കോവിഡ് ബാധിച്ചിരുന്നു.
സംസ്ഥാനത്ത് ഏറ്റവും കുറവ് പോളിങ് നടന്നതും പത്തനംതിട്ടയിലായിരുന്നു. മൊത്തമുണ്ടായിരുന്ന 10,78,647 വോട്ടർമാരിൽ 7,50,216 പേരാണ് ബൂത്തിലെത്തിയത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 69.7 ശതമാനവും നഗരസഭകളിൽ 69.83 ശതമാനവും പോളിങ് നടന്നു. പുരുഷ വോട്ടർമാരിൽ 70.73 ശതമാനവും സ്ത്രീകളിൽ 68.85 ശതമാനവും പോളിങ് ബൂത്തുകളിലെത്തി. 2015ൽ 72.15 ശതമാനമായിരുന്നു ജില്ലയിലെ തദ്ദേശ പോളിങ്. പഞ്ചായത്തുകളിൽ 72.89 ശതമാനവും നഗരസഭകളിൽ 72.14 ശതമാനവും വോട്ടർമാർ ബൂത്തുകളിലെത്തി.
എന്നാൽ, ഇത്തവണ പോളിങ് ശതമാനത്തിൽ വർധന പ്രതീക്ഷിക്കുകയാണ് സ്ഥാനാർഥികൾ. വോട്ടർപട്ടികയിൽ തുടർച്ചയായ ശുദ്ധികലശം നടത്തിയതും വർധനവിന് കാരണമാകുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. അന്തിമവോട്ടർപട്ടികയെന്ന പേരിൽ തെരഞ്ഞെടുപ്പ് കമീഷൻ ഒക്ടോബറിൽ പുറത്തിറക്കിയ പട്ടികയിൽ അപാകതകൾ കണ്ടതോടെ വീണ്ടും പുതുക്കി ഇറക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തോടൊപ്പം പുറത്തിറങ്ങിയ പട്ടികയാണ് ഇപ്പോൾ ഉപയോഗത്തിലുള്ളത്. മരിച്ചവരിൽ നല്ലൊരുപങ്കിനെയും ഒഴിവാക്കിയതിനൊപ്പം അർഹതയുള്ളവരെ ചേർക്കാനും ശ്രമമുണ്ടായിട്ടുണ്ട്.
ഇതിനൊപ്പം വീടുകൾ കയറിയുള്ള പ്രചാരണവും സ്ഥാനാർഥികളുമായുള്ള അടുത്ത ബന്ധങ്ങളുമൊക്കെ പോളിങ് ശതമാനത്തിന്‍റെ ഉയർച്ചക്ക് കാരണമായേക്കാമെന്ന പ്രതീക്ഷയുണ്ട്. എന്നാൽ പട്ടികയിൽ പേരുള്ളവരിൽ വലിയൊരു വിഭാഗം സ്ഥലത്തില്ലെന്നത് ആശങ്കയാണ്. വിദ്യാർഥികൾ, യുവജനങ്ങൾ എന്നിവർ നാട്ടിൽ ഇല്ലാത്തവരായുണ്ട്. ജില്ലയിലെ വയോധികരിൽ ഒരുവിഭാഗവും മക്കൾക്കൊപ്പം പുറത്താണ്. അടച്ചിട്ട വീടുകൾ ഏറെയുള്ള പത്തനംതിട്ട ജില്ലയിൽ നാട്ടിലുള്ള വോട്ടർമാരെ പൂർണമായി പോളിങ് ബൂത്തിലെത്തിക്കുകയാണ് സ്ഥാനാർഥികൾക്കും രാഷ്ട്രീയ പ്രവർത്തകർക്കും മുന്നിലുള്ള ലക്ഷ്യം.
നിശബ്ദ പ്രചാരണ ദിനമായിരുന്ന തിങ്കളാഴ്ച വോട്ടർമാരെ ബൂത്തുകളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും മുന്നണികൾ നടത്തി. വോട്ട് ചെയ്യാൻ എത്തണമെന്ന അഭ്യർഥനയുമായി സ്ഥാനാർഥികളും വീടുകൾ കയറിയിറങ്ങി. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളില്‍ പരമാവധി വോട്ടര്‍മാരെ ഒരിക്കല്‍ കൂടി കാണാനുള്ള തിരക്കിലായിരുന്നു തിങ്കളാഴ്ച സ്ഥാനാര്‍ഥികള്‍.
ആടിയുലഞ്ഞേക്കാവുന്ന വോട്ടുകള്‍ തങ്ങള്‍ക്ക് ഉറപ്പിച്ചെടുക്കുന്നതിലേക്ക് ഫോണ്‍ വിളികളും വാട്സ്ആപ് സന്ദേശങ്ങളും നടക്കുമ്പോള്‍ തന്നെയാണ് നേരിട്ടെത്തി വോട്ടറെ കാണാന്‍ ശ്രമിച്ചത്. ഒപ്പം നേതാക്കൻമാരുടെ ഫോൺ വിളികളും വാട്സ്ആപ് സന്ദേശങ്ങളും വോട്ടർമാർക്ക് ലഭിച്ചു. സ്ലിപ്പുകളുടെ വിതരണവും ഇതിനൊപ്പം നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

