റോഡിൽ തടി കയറ്റിയിറക്കുന്നത് അപകട ഭീഷണി
text_fieldsറാന്നി വൈക്കത്തിന് സമീപമുള്ള റോഡിൽ തടി ഇറക്കിയിട്ടിരിക്കുന്നു
റാന്നി: പൊതുമരാമത്ത് വകുപ്പ് റോഡുകളിൽ അനധികൃതമായി തടി ഇറക്കി കയറ്റുന്നത് യാത്രക്കാർക്ക് വിനയാകുന്നു. നിരവധി തവണ പരാതി പറഞ്ഞിട്ടും ഫലം കാണാതെ അപകട സാധ്യത വർധിച്ചിരിക്കുകയാണ്. പുനലൂർ - മൂവാറ്റുപുഴ റോഡ് നിർമാണവുമായി ബന്ധപ്പെട്ട് വളവുകൾ നിവർത്തിയപ്പോൾ ബൈ റോഡായി മാറിയ പഴയ റോഡിലെ ജനവാസ മേഖലയിലാണ് കച്ചവടക്കാർ തടി കൂട്ടിയിട്ടിരിക്കുന്നത്. റോഡ് ബ്ലോക്കാക്കി ലോറിയിൽ തടികൾ കയറ്റുകയും ഇവ റോഡരികിൽ കൂട്ടിയിടുകയും ചെയ്യുകയാണ് പതിവ്.
റാന്നി വൈക്കം പെട്രോൾ പമ്പിനു സമീപം ഗതാഗതം തടസപ്പെടുത്തിയാണ് ലോറിയിൽ തടി കയറ്റുന്നതെത്രെ. പെട്രോൾ പമ്പിലേക്ക് ഇന്ധനം നിറക്കാൻ വരുന്ന വാഹനങ്ങൾക്ക് തടസമായിട്ടായിരുന്നു തടി കയറ്റിയത്. ഇപ്പോള്‍ പിക്കപ്പ് വാഹനങ്ങളില്‍ തടി എത്തിച്ച് റോഡരികില്‍ തള്ളിയിരിക്കുകയാണ്. ഇതുമൂലം വലയുന്നത് പ്രദേശവാസികളാണ്. വിഷയം പൊതുമരാമത്ത് അധികൃതരെ അറിയിച്ചാലും പ്രയോജനം ഇല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇത്തരം അനധികൃത പ്രവൃത്തികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നു പൊതുമരാമത്ത് റോഡ് വിഭാഗം പറയുമെങ്കിലും നടപടി ഉണ്ടാകാറില്ല.
ഏഴ് ദിവസത്തിനകം ഇത്തരത്തില്‍ റോഡരികില്‍ സൂക്ഷിച്ചിരിക്കുന്ന മുഴുവന്‍ സാധനങ്ങളും നീക്കം ചെയ്യണമെന്നും അല്ലാത്ത പക്ഷം സാധനങ്ങള്‍ ബലമായി പിടിച്ചെടുക്കുമെന്നും മുമ്പ് അധികൃതര്‍ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാല്‍ ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്നാണ് തടി വ്യാപാരികളുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

