ജീവിതശൈലീ രോഗനിർണയ സർവേ: ജില്ലയിൽ 23.11 ശതമാനംപേർ രോഗസാധ്യതയുള്ളവരുടെ റിസ്ക് ഗ്രൂപ്പിൽ
text_fieldsപത്തനംതിട്ട: ജീവിതശൈലീ രോഗനിർണയ സർവേയിൽ ജില്ലയിൽ 23.11 ശതമാനംപേർ രോഗസാധ്യതയുള്ളവരുടെ റിസ്ക് ഗ്രൂപ്പിൽ. അഞ്ച് ലക്ഷത്തിലധികംപേരെ സ്ക്രീനിങ് നടത്തിയതിലാണ് ഇത്രയും പേരിൽ രോഗംവരാനുള്ള സാധ്യത കണ്ടെത്തിയത്. പ്രമേഹവും രക്ത സമർദവും വരാനുള്ള സാധ്യതയാണ് ഏറെയും. ജീവിത ശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് നടപ്പാക്കുന്ന ‘അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ പദ്ധതിയിൽ ജില്ലയിലാകെ 5,50,169 പേരെയാണ് സ്ക്രീൻ ചെയ്തത്. ഇതിൽ 1,27,153 (23.11ശതമാനം) പേർ ഏതെങ്കിലും രോഗം വരുന്നതിനുള്ള റിസ്ക് ഗ്രൂപ്പിൽ വന്നിട്ടുണ്ട്.
സ്ക്രീനിങ് നടത്തിയവരിൽ 78,616 (14.28%) പേർ രക്തസമ്മർദവും 61,722 (11.21%) പേർ പ്രമേഹവും 33,962 (6.17 ശതമാനം) പേർ ഈ രണ്ടുരോഗവും നേരത്തേയുള്ളവരാണ്. 30,546 പേർ (5.55 ശതമാനം) പേർക്ക് അർബുദം വരാൻ സാധ്യതയുള്ളതിനാൽ തുടർ പരിശോധനക്കായി റഫർ ചെയ്തു. ഇവരിൽ ആവശ്യമുള്ളവർക്ക് സൗജന്യ രോഗനിർണയവും ചികിത്സയും ലഭ്യമാക്കും. 4648 പേർക്ക് ടി.ബി രോഗം വരാനുള്ള സാധ്യതയുള്ളതിനാൽ പ്രത്യേക പരിശോധനകളും ജില്ലയിൽ തുടങ്ങി.
22,575 പേർ (4.10 ശതമാനം ) ശ്വാസകോശ സംബന്ധമായ രോഗംവരാൻ സാധ്യതയുള്ളവരാണ്. ജില്ലയിലെ ആരോഗ്യകേന്ദ്രങ്ങളിൽ ഇതിനുള്ള പരിശോധനയും ചികിത്സയും നൽകുന്നു. വീടുകൾതോറും രക്തസമ്മർദവും പ്രമേഹവും പരിശോധിക്കുന്നതും തുടങ്ങി. ഇതിനകം 7176പേരുടെ രക്തസമ്മർദവും 7079 പേരുടെ പ്രമേഹവും പരിശോധിച്ചു. പരിശോധന നടന്നതിൽ 4698 പേർ കിടപ്പ് രോഗികളും 8234 പേർ വീടുകളിൽനിന്ന് പുറത്തുപോകാത്തവരുമാണ്.
ഇ-ഹെൽത്ത് രൂപകൽപന ചെയ്ത ശൈലി ആപ്പിന്റെ സഹായത്തോടെ ആരോഗ്യപ്രവർത്തകർ നേരിട്ട് വീട്ടിലെത്തി നടത്തുന്ന സ്ക്രീനിങ് ജില്ലയിൽ 80 ശതമാനം പിന്നിട്ടുകഴിഞ്ഞു. 30 വയസ്സിനുശേഷം ജീവിതശൈലീ രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലായതിനാൽ ഈ പ്രായത്തിലുള്ള ആളുകളെ വീടുകളിലെത്തി നേരിൽ കണ്ട് വിവരങ്ങൾ ശേഖരിക്കുന്നത്. അർബുധവും ജീവിതശൈലീ രോഗങ്ങളും നേരത്തേ കണ്ടെത്തി വേണ്ട ചികിത്സ ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കുന്നു.
നിർണയം മുൻകൂട്ടി നടത്തുന്നത്, ജീവിത ശൈലിയിൽ മാറ്റം വരുത്തിയും ശാരീരിക അധ്വാനങ്ങളിലൂടെ രോഗത്തെ തടയാൻ കഴിയും. സംസ്ഥാനത്തുടനീളം പഞ്ചായത്തുകളിലാണ് ആശാപ്രവർത്തകരാണ് വിവര ശേഖരത്തിന് രംഗത്തുള്ളത്. നഗരസഭകളിൽ ഈ പ്രവർത്തനം തുടങ്ങിയിട്ടില്ല. നവകേരളം കർമപദ്ധതി ആർദ്രം മിഷൻ രണ്ടിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിവരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.