പുലിക്കെണിക്ക് അനുമതിയായില്ല; നടപടി വൈകുന്നതിൽ പ്രതിഷേധം
text_fieldsകോന്നി: കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ സാന്നിധ്യം സ്ഥിരീകരിച്ച പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കുന്നതിന്റെ ഭാഗമായി ചീഫ് വൈൽഡ് ലൈഫ് വാർഡന് വനം വകുപ്പ് അധികൃതർ റിപ്പോർട്ട് നൽകി.
നാഷനൽ ടൈഗർ കൺസർവേഷൻ കമ്മിറ്റി രൂപവത്കരിച്ച് യോഗം ചേർന്നതിന് ശേഷമാണ് റിപ്പോർട്ട് നൽകിയത്. കേന്ദ്ര സംഘടനയായ ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ നിയമം അനുസരിച്ച് മാത്രമേ കടുവ, പുലി തുടങ്ങിയ മാർജാര വർഗത്തിൽപെട്ട ജീവികളെ കൂട് സ്ഥാപിച്ച് പിടികൂടാൻ കഴിയൂ എന്നതിനാലാണ് വനം വകുപ്പ് ഈ നടപടിയിലേക്ക് കടന്നത്. ചീഫ് ഫോറസ്റ്റ് കൺസർവേറ്ററാണ് പുലിയെ കൂടുവെച്ച് പിടിക്കാൻ അനുമതി നൽകേണ്ടത്. എന്നാൽ, അടിയന്തരമായി കൂട് സ്ഥാപിക്കുന്നതിൽ വനംവകുപ്പിെൻറ നടപടികൾ തടസ്സം സൃഷ്ടിക്കുന്നതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ കല്ലുവിള, കാരക്കകുഴി, ഇഞ്ചപ്പാറ, കുടപ്പാറ തുടങ്ങിയ സ്ഥലങ്ങളിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ കാരക്കകുഴി, പാക്കണ്ടം തുടങ്ങിയ പ്രദേശങ്ങളിൽ വനം വകുപ്പ് അഞ്ച് കാമറ സ്ഥാപിച്ചിരുന്നു. കല്ലുവിളയിൽ പുലി നടന്നുപോകുന്ന സി.സി ടി.വി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.
നടുവത്തുമൂഴി ഫോറസ്റ്റ് റേഞ്ചിന്റെ അധീനതയിൽ പാടം ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിൽ വരുന്നതാണ് പുലിയെ കണ്ട ഭാഗം. കലഞ്ഞൂർ കുടപ്പാറയിലാണ് ആദ്യം പുലിയിറങ്ങി ആടിനെ പിടിക്കുന്നത്. പിന്നീട് ഇഞ്ചപ്പാറയിലും ആടിനെ പിടിച്ചു. തുടർന്ന് പല സ്ഥലങ്ങളിലും പുലിയെ കണ്ടതിനെ തുടർന്ന് ജനങ്ങൾ ഭീതിയിലാണ്.
പകലുപോലും പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി ലഭിച്ചാൽ ഉടൻ കൂട് സ്ഥാപിക്കുമെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

