ഇടതുമാറി, വലതുമാറി; കുളനടയിൽ കടുപ്പം
text_fieldsകുളനട: കുളനട ജില്ല പഞ്ചായത്ത് ഡിവിഷനിൽ തീപാറുന്ന പോരാട്ടം. മൂന്നു മുന്നണികളും തഴക്കവും പഴക്കവുമുള്ള സ്ഥാനാർഥികളെ പോരിന് ഇറക്കിയതോടെ പ്രചാരണത്തിലും ആവേശം. കുളനട, മെഴുവേലി, ആറന്മുള പഞ്ചായത്തുകൾ ചേർന്നതാണ് കുളനട ഡിവിഷൻ. മാറിമാറി ഇടത്-വലത് മുന്നണികളെ പരീക്ഷിച്ചിട്ടുള്ള ഡിവിഷനിൽ ഇത്തവണ രാഷ്ട്രീയപ്പോരാണ് നിറയുന്നത്.
1995ൽ ജില്ല പഞ്ചായത്ത് രൂപീകൃതമായ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിലും 2000ത്തിലും യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന പന്തളം ശിവൻകുട്ടി വിജയിച്ച ഇവിടെ 2005ൽ നടന്ന തെരഞ്ഞെടുപ്പിൽ ഡി.ഐ.സിയിലെ ആശ ബെന്നിയിലൂടെ എൽ.ഡി.എഫ് വിജയിച്ചു. 2010ൽ എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന ആർ. അജയകുമാറാണ് വിജയിച്ചത്. 2015ൽ യു.ഡി.എഫിലെ വിനീത അനിലിനൊപ്പം വിജയംനിന്നു.
നിലവിൽ എൽ.ഡി.എഫിനെ ആർ. അജയകുമാറാണ് ഡിവിഷൻ പ്രതിനിധാനം ചെയ്യുന്നത്. ബി.ജെ.പിക്കും ഏറെ വേരോട്ടുമുള്ള ഡിവിഷനാണ് കുളനട. ഇവരും സജീവമാണ്. പട്ടികജാതി വനിതസംവരണ മണ്ഡലമായ കുളനടയിൽ യു.ഡി.എഫിനായി ഡി.സി.സി ജനറൽ സെക്രട്ടറി രമ ജോഗീന്ദറാണ് രംഗത്ത്. ആരോഗ്യമന്ത്രി വീണ ജോർജിന്റെ പേഴ്സനൽ സ്റ്റാഫിൽ അംഗമായിരുന്ന സവിത അജയകുമാറാണ് എൽ.ഡി.എഫ് സ്ഥാനാർഥി. പന്തളം ബ്ലോക്ക് പഞ്ചായത്ത് ഉള്ളന്നൂർ ഡിവിഷൻ പ്രതിനിധിയായ ശോഭ മധുവാണ് എൻ.ഡി.എ സ്ഥാനാർഥി.
രമ ജോഗീന്ദർ
യൂത്ത് കോൺഗ്രസിലൂടെ തുടക്കം. നിലവിൽ ഡി.സി.സി ജനറൽ സെക്രട്ടറി. മഹിള ൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, പത്തനംതിട്ട പാർലമെന്റ് ജനറൽ സെക്രട്ടറി, സേവാദൾ ചീഫ് ഓർഗനൈസർ, മഹിള കോൺഗ്രസ് മണ്ഡലം സെക്രട്ടറി, കുറവർ സമുദായ സംരക്ഷണ സമിതി സംസ്ഥാന കമ്മിറ്റി അംഗം, പട്ടികജാതി ജില്ല ഉപദേശക സമിതി അംഗം എന്നീ പദവികൾ വഹിച്ചിരുന്നു. 2015ൽ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു. ഭർത്താവ് ജി. ജോഗീന്ദർ.
സവിത അജയകുമാർ
ആരോഗ്യമന്ത്രി വീണ ജോർജിന്റെ പേഴ്സനൽ സ്റ്റാഫിൽ അംഗമായിരുന്ന സവിത അജയകുമാർ സ്ഥനം രാജിവെച്ചാണ് ജനവിധി തേടുന്നത്. സി.പി.എം കോഴഞ്ചേരി ഏരിയ കമ്മിറ്റി അംഗം, ജനാധിപത്യ മഹിള അസോസിയേഷൻ കോഴഞ്ചേരി ഏരിയ സെക്രട്ടറി, ജില്ല വൈസ് പ്രസിഡന്റ് പദവികൾ വഹിച്ചിരുന്നു. ആറന്മുള ശ്രീവിജയാനന്ദ വിദ്യാപീഠം സ്കൂളിൽ 11 വർഷം അധ്യാപികയായിരുന്നു. ആറന്മുള ഇടശ്ശേരിമല നിലമക്കുമിന്നിൽ ആർ. അജയകുമാറിന്റെ ഭാര്യയാണ്.
ശോഭ മധു
പൊതുരംഗത്ത് സജീവമായ ശോഭ മധു ബി.ജെ.പി ആറന്മുള മണ്ഡലം വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പന്തളം ബ്ലോക്ക് പഞ്ചായത്ത് ഉള്ളന്നൂർ ഡിവിഷനിൽനിന്ന് ബി.ജെ.പി സ്ഥാനാർഥിയായി വിജയിച്ചു. കുളനട കൈപ്പുഴ വടക്ക് പാട്ടുകളത്തിൽ വടക്കേചരുവിൽ പി.കെ. മധുവാണ് ഭർത്താവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

