അഭിമാനനേട്ടം; ദേശീയതലത്തില്‍ ശ്രദ്ധനേടി കുളനട കുടുംബാരോഗ്യ കേന്ദ്രം
text_fieldsകുളനട കുടുംബാരോഗ്യ കേന്ദ്രം
കുളനട: ദേശീയ ഗുണനിലവാര മാനദണ്ഡങ്ങളില്‍ ഉയര്‍ന്ന സ്കോറോടെ കേരളത്തിന് അഭിമാനമായി കുളനട കുടുംബാരോഗ്യ കേന്ദ്രം. 98.64 ശതമാനം സ്കോറോടെയാണ് കുളനട കുടുംബാരോഗ്യ കേന്ദ്രം നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം നേടിയത്. എന്‍.ക്യു.എ.എസ് മാനദണ്ഡപ്രകാരം എല്ലാ ചെക്ക് ലിസ്റ്റുകളിലും മികച്ച മുന്നേറ്റം നടത്താന്‍ കുളനട കുടുംബാരോഗ്യ കേന്ദ്രത്തിന് സാധിച്ചു. സംസ്ഥാനത്ത് ആകെ 278 ആരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിച്ചത്. ഇതിൽ ഏറ്റവും കൂടുതൽ പോയന്റുകൾ ലഭിച്ച കുടുംബാരോഗ്യ കേന്ദ്രങ്ങളിലൊന്ന് കുളനടയാണ്.
സംസ്ഥാനത്തെ ഒമ്പത് ജില്ലാ ആശുപത്രികള്‍, എട്ട് താലൂക്ക് ആശുപത്രികള്‍, 14 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 47 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 170 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 30 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയാണ് എന്‍.ക്യു.എ.എസ് അംഗീകാരം നേടിയിട്ടുള്ളത്.
അടുത്തിടെ 69 ലക്ഷം രൂപ ചെലവഴിച്ച് കുളനട കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിര്‍മിച്ചിരുന്നു. മന്ത്രി വീണ ജോര്‍ജിന്റെ എം.എൽ.എ ആസ്തി വികസന ഫണ്ടില്‍ നിന്ന് 55 ലക്ഷം രൂപയും സര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 14 ലക്ഷം രൂപയുമാണ് അനുവദിച്ചത്. 2600 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ആധുനിക സൗകര്യങ്ങളോടെ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. പുതിയ കെട്ടിടത്തില്‍ വെയ്റ്റിങ് ഏരിയ, ഒ.പി റൂം, രജിസ്ട്രേഷന് കൗണ്ടര്‍, പ്രീ ചെക്ക് റൂം, ഡ്രസിങ് റൂം, നിരീക്ഷണ മുറി, ഫാര്‍മസി, ഫാര്‍മസി സ്റ്റോര്‍, നഴ്സിങ് സ്റ്റേഷന്, ഇന്ജക്ഷന് റൂം, സെര്‍വര്‍ റും, ടോയ്ലറ്റ് എന്നിവയുണ്ട്.
രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറുവരെയാണ് ഒ.പി. ജീവിതശൈലീരോഗ നിര്‍ണയ ക്ലിനിക്, ശ്വാസ്, ആശ്വാസ് ക്ലിനിക്, വയോജന ക്ലിനിക്, പാലിയേറ്റീവ് കെയര്‍ ഒ.പി, ഗര്‍ഭിണികള്‍ക്കുള്ള ക്ലിനിക്ക്, പ്രതിരോധ കുത്തിവെപ്പ്, എല്ലാ ദിവസവും ലാബിന്റെ സേവനം, മാസത്തില്‍ രണ്ട്- നാല് ചൊവ്വാഴ്ചകളില്‍ കണ്ണിന്റെ ഒ.പി എന്നീ സേവനങ്ങള്‍ ലഭിക്കും. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് കുളനട കുടുംബാരോഗ്യ കേന്ദ്രം മന്ത്രി വീണ ജോര്‍ജ് നാടിന് സമര്‍പ്പിച്ചത്. 2024- ’25 വര്‍ഷത്തെ വര്‍ഷത്തെ ജില്ലതല കായകല്പ് പുരസ്കാരവും കുളനട കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

