രുചിമേളം ഒരുക്കി കുടുംബശ്രീയുടെ രസക്കൂട്ട്
text_fieldsഭക്ഷ്യമേളയിൽ വനസുന്ദരി ചിക്കൻ ലൈവ് പാചകം
പത്തനംതിട്ട: അട്ടപ്പാടി വനസുന്ദരി ചിക്കൻ മുതൽ തലപ്പാക്കട്ടി ദം ബിരിയാണി വരെ മായം ചേർക്കാത്ത തനത് ഭക്ഷണങ്ങളുടെ രുചി മേളം തീർത്ത് കഫെ കുടുംബശ്രീ ഭക്ഷ്യമേള ‘രുചിമേളം 2025’. കുടുംബശ്രീ ജില്ലാ മിഷന്റെയും നബാർഡിന്റെയും നേതൃത്വത്തിൽ മാർച്ച് നാലുവരെ പത്തനംതിട്ട പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടക്കുന്ന ഭക്ഷ്യമേളയിൽ ദിവസേനയെത്തുന്നത് നിരവധി പേരാണ്. രുചികരമായ ഭക്ഷണ വിഭവങ്ങൾ മാത്രമല്ല, ദിവസവും കുടുംബശ്രീ പ്രവർത്തകരുടെ കലാപരിപാടികളും ഇവിടെ അരങ്ങേറുന്നുണ്ട്. ആരോഗ്യകരമായ ഭക്ഷണ സംസ്കാരം വളർത്തിയെടുക്കുകയാണ് ലക്ഷ്യം. മായം ചേർക്കാത്ത തനത് ഭക്ഷണം മാത്രമാണ് ഇവിടെ ലൈവായി പാചകം ചെയ്യുന്നത്.
അട്ടപ്പാടി വനസുന്ദരി ചിക്കൻ തേടിയാണ് കൂടുതലാളുകൾ എത്തുന്നത്. മല്ലിയില, പുതിനയില, കറിവേപ്പില, ഇഞ്ചി, കുരുമുളക്, വെളുത്തുള്ളി, കോഴി ജീരകം എന്നിവ മാത്രം ഉപയോഗിച്ചാണ് വനസുന്ദരി തയ്യാറാക്കുന്നത്. പച്ചക്കുരുമുളകും കാന്താരിയും പുതിനയിലയുമെല്ലാം ചതച്ചുചേർത്തൊരു ചിക്കൻ ഫ്രൈ. ഒപ്പം തട്ടുദോശയും ഊരു കാപ്പിയും. ചിക്കൻ വേവിച്ച് അതിൽ മസാലക്കൂട്ടുകൾ ചേർത്ത് ദോശക്കല്ലിലിട്ട് ഫ്രൈയാക്കുന്ന രീതിയാണ് ഇവരുടേത്. അട്ടപ്പാടിയിലെ മരുതി, കാളി, റേസി, വള്ളി എന്നി വരാണ് ഭക്ഷ്യമേളയിലെ പാചകക്കാർ. വനസുന്ദരിക്കൊപ്പം ദോശയും നൽകും. ഒരു പ്ലേറ്റിനു 200 രൂപയാണ്.
കപ്പ, മീൻകറി, ബീഫ് കറി ,പാൽ കപ്പ, തലശ്ശേരി ദം ബിരിയാണി എന്നിവയുമുണ്ട്. ചെങ്ങന്നൂർ സരസ് മേളയിൽ താരമായ നെല്ലിക്ക കൊണ്ടുള്ള ഏഴുതരം വ്യത്യസ്ത ജ്യൂസുകൾ ‘സെവൻ സിസ്റ്റേഴ്സും. ലഭ്യമാണ്. സ്വീറ്റ് ബെറി, ഡയറ്റ് ബെറി,ഗ്രീൻ ബെറി, ബീറ്റ് ബെറി, ഹണി ബെറി, ക്യാരറ്റ് ബെറി,കൂൾ ബെറി തുടങ്ങിയവയാണ് സെവൻ സിസ്റ്റേഴ്സിൽ ഉൾപ്പെടുന്നത്. മനം മയക്കുന്ന രുചികളിലും നിറങ്ങളിലും ഐസ്ക്രീമുകളും ലഭ്യമാണ് സ്പാനിഷ് ഡിലൈറ്റ്, ഫിഗ് ആന്റ് ഹണി,ബ്ലൂബെറി, ടെൻഡർ കോക്കനട്ട് എന്നിവയാണ് ഐസ്ക്രീമിൽ താരങ്ങൾ.
വിവിധ തരം പായസങ്ങൾ , തലപ്പാക്കട്ടി ദം ബിരിയാണി, ചെട്ടിനാട് ബിരിയാണി ചിക്കൻ, ബീഫ് എന്നിവകൊണ്ടുള്ള ദോശ,വട, ഗ്രിൽഡ് ചിക്കൻ തുടങ്ങിയ വിഭവങ്ങളുമായാണ് തമിഴ്നാട് യൂണിറ്റുകൾ എത്തിയിരിക്കുന്നത്. കൂടാതെ വിവിധതരം ഡോണട്ടുകൾ, ബ്രൗണികൾ, ഡ്രീം കേക്ക്, ഫിൽഡ് കപ്പ് കേക്ക് തുടങ്ങിയ നാവിൽ കൊതിയൂറുന്ന വിവിധ ഇനം ഭക്ഷണങ്ങളാണ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. കൂടാതെ ഈദുൽ ഫിത്തറിനോട് അനുബന്ധിച്ച് നോമ്പുകഞ്ഞി, തരിക്കഞ്ഞി, ഉന്നക്കായ, പഴം നിറച്ചത് തുടങ്ങിയ വിവിധ മലബാർ പലഹാരങ്ങളും നോമ്പുതുറയുമായി ബന്ധപ്പെട്ട് ലഭ്യമാണ്.
പ്രദർശന വിപണന മേളയിൽ ജില്ലയിലെ തെരഞ്ഞെടുത്ത സംരംഭങ്ങൾ ഒരുക്കിയിരിക്കുന്ന വിവിധതരം കരകൗശല വസ്തുക്കൾ, ആഭരണങ്ങൾ, ശുദ്ധമായ വെളിച്ചെണ്ണ, വിവിധ തുണിത്തരങ്ങൾ, ഇരുമ്പ് ഉപകരണങ്ങൾ,പലഹാരങ്ങൾ, അച്ചാറുകൾ,കറി പൗഡറുകൾ, ലോഷനുകൾ എന്നിവയും ആകർഷണീയമാണ്. രാവിലെ 11 മുതൽ രാത്രി ഒൻപതുവരെ സംഘടിപ്പിച്ചിരിക്കുന്ന ഭക്ഷ്യമേളയിൽ ശനിയാഴ്ച വൈകിട്ട് 6.30 മുതൽ റാന്നി എം. ജെ വോയിസ് അവതരിപ്പിച്ച കരോക്കെ ഗാനമേളയും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

