ആദിവാസി മുന്നേറ്റത്തിന് 'വനശുദ്ധി’യുമായി കുടുംബശ്രീ
text_fieldsപത്തനംതിട്ട: സംരംഭക രംഗത്തെ ആദിവാസി മുന്നേറ്റത്തിന് പുതുമാതൃക സൃഷ്ടിക്കുകയാണ് കുടുംബശ്രീ മിഷൻ നേതൃത്വത്തിൽ ആരംഭിക്കുന്ന ‘വനശുദ്ധി’ പദ്ധതി. 2024 മലൈ പണ്ടാരം മൈക്രോ പ്ലാനിന്റെ ഭാഗമായി റാന്നി പെരുനാട് സി.ഡി.എസിലാണു പദ്ധതി നടപ്പാക്കുന്നത്.
വനങ്ങളിൽനിന്ന് തദ്ദേശീയ ജനവിഭാഗമായ മലൈപണ്ടാരം ശേഖരിക്കുന്ന തേൻ, കുന്തിരിക്കം, ഇഞ്ചി, ദന്തപാല എണ്ണ, പൊൻകരണ്ടി തുടങ്ങിയ പ്രകൃതിദത്ത ഉൽപന്നങ്ങൾഹോർട്ടി കോർപ് സഹായത്തോടെ ശാസ്ത്രീയ രീതിയിൽ സംസ്കരിച്ച് ബ്രാൻഡ് ചെയ്ത് വിപണിയിൽ എത്തിക്കുകയാണു ലക്ഷ്യം.
വെള്ളിയാഴ്ച എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ കിയോസ്ക് ഉദ്ഘാടനം ചെയ്യും. റാന്നി, പെരുനാട്, സീതത്തോട്, അരുവാപ്പുലം ,തണ്ണിത്തോട് ഗ്രാമപഞ്ചായത്തുകളിലാണ് മലൈപണ്ടാരങ്ങളില്‍ ഭൂരിഭാഗവും സ്ഥിരതാമസം. ഇപ്പോഴും ഉപജീവനത്തിനായി ഇവർ വനവിഭവങ്ങളെയാണ് ആശ്രയിക്കുന്നത്.
തനതായി ശേഖരിക്കുന്ന ഇവരുടെ ഉൽപന്നങ്ങളുടെ ശാസ്ത്രീയ സംസ്കരണവും വിപണി ലഭിക്കാത്ത അവസ്ഥയും പലപ്പോഴും വെല്ലുവിളിയാണ്. വിപണിയിൽ ഇടനിലക്കാരുടെ പങ്ക് കുറയ്ക്കാനും പദ്ധതി സഹായകമാകും. തേൻ ശേഖരണത്തിൽ പരമ്പരാഗത രീതികൾ പാലിക്കുന്നതിനാൽ സ്വാഭാവിക രുചി, ഗന്ധം, ഔഷധഗുണങ്ങൾ എന്നിവ സംരക്ഷിക്കപ്പെടുന്നു. മലനിരകളിലും വനപ്രദേശങ്ങളിലുംനിന്ന് ശേഖരിക്കുന്ന ഉൽപന്നങ്ങൾ ഗുണനിലവാരത്തിലും ശുദ്ധിയിലും പ്രത്യേകത പുലർത്തുന്നതോടൊപ്പം നിരവധി ആരോഗ്യഗുണങ്ങളും ഉള്ളവയാണ്.
റാന്നി പെരുനാട് പ്രദേശത്തെ പട്ടികവർഗ കുടുംബങ്ങളുടെ ജീവനോപാധി മാർഗങ്ങൾ ശക്തിപ്പെടുത്തുന്നതിനും പരമ്പരാഗത അറിവിനും കൈപ്പുണ്യത്തിനും വിപണിയിൽ യഥാർഥ മൂല്യം ലഭ്യമാക്കുന്നതിനും പദ്ധതി ഏറെ സഹായമാകും. മണ്ഡലകാലമായതിനാൽ കിയോസ്ക് കൂടുതൽ സജീവമാകുമെന്ന പ്രതീക്ഷയിലാണ് കുടുംബശ്രീ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

