തിരുവല്ലയിൽ കുടുംബശ്രീ വില്ലേജ് സൂക്ക് അടച്ചുപൂട്ടി; പ്രവർത്തനം നിലച്ചത് അരക്കോടിയുടെ സംരംഭം
text_fieldsതിരുവല്ല പബ്ലിക് സ്റ്റേഡിയത്തിന് എതിർവശത്ത് പ്രവർത്തിച്ചിരുന്ന കുടുംബശ്രീ വില്ലേജ് സൂക്ക്
തിരുവല്ല: കുടുംബശ്രീ ജില്ല മിഷൻ നേതൃത്വത്തിൽ ജില്ലയിൽ ആദ്യമായി തുടങ്ങിയ വില്ലേജ് സൂക്ക് അടച്ചുപൂട്ടി. തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിന് എതിർവശത്തായി 50 ലക്ഷത്തോളം രൂപ ചെലവഴിച്ച് 2018ൽ തുടങ്ങിയതാണ് സംരംഭം. ജില്ലയിലെ കുടുംബശ്രീ യൂനിറ്റുകൾക്ക് അവരുടെ ഉൽപന്നങ്ങൾ ഒരു കുടക്കീഴിൽ വിപണനത്തിന് അവസരം ഒരുക്കുക, കുടുംബശ്രീ ഉൽപന്നങ്ങൾ നഗരങ്ങളിൽ പരിചയപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളാണ് വില്ലേജ് സൂക്കിന്റെ പ്രവർത്തനത്തിൽ ഉണ്ടായിരുന്നത്.
വില്ലേജ് സൂക്ക് തുടങ്ങിയതിന്റെ പിന്നാലെ വന്ന കോവിഡാണ് ആദ്യ പ്രതിസന്ധി. അതിൽനിന്ന് കരകയറാനുള്ള ഒരു ശ്രമവും വിജയിച്ചില്ല. കഴിഞ്ഞ മാർച്ചുവരെ ഒരു കട മാത്രമായി പ്രവർത്തിച്ചിരുന്നു. അതും അടച്ചതോടെ വില്ലേജ് സൂക്ക് സാമൂഹിക വിരുദ്ധരുടെ താവളമായി മാറി. 10 കടകളും ഒരു ഹോട്ടലുമായിരുന്നു പ്രവർത്തിച്ചിരുന്നത്. നല്ല നിലയിൽ പോയിരുന്ന സംരംഭങ്ങളിൽനിന്ന് യൂനിറ്റുകൾ ഓരോന്നായി പിന്മാറിയിരുന്നു.
സ്വകാര്യ വ്യക്തിയുടെ സ്ഥലം പാട്ടത്തിനെടുത്ത് അതിൽ കുടുംബശ്രീ ജില്ല മിഷൻ കെട്ടിടം പണിയുകയായിരുന്നു. അഞ്ച് വർഷത്തേക്കായിരുന്നു പാട്ടക്കരാർ. പിന്നീട് അഞ്ചു വർഷം കൂടി നീട്ടാമെന്നും കരാറിലുണ്ടായിരുന്നു. മാസം 21,000 രൂപയാണ് വാടകയായി നിശ്ചയിച്ചിരുന്നത്. 11 മാസം കൂടുമ്പോൾ കരാർ പുതുക്കണമെന്നും വ്യവസ്ഥയിലുണ്ടായിരുന്നു. കഴിഞ്ഞ മാർച്ചിനുശേഷം കരാർ പുതുക്കിയിട്ടില്ല. കരാർ തുടരാതിരുന്നതോടെ ജില്ല മിഷൻ വാടക നൽകാതായി. വാടക കിട്ടാതായതോടെ സ്ഥലമുടമ കരാർ പുതുക്കാനും തയാറായില്ല.
എന്നാൽ, വില്ലേജ് സൂക്കിൽ പ്രവർത്തിച്ചിരുന്ന കുടുംബശ്രീ ഹോട്ടൽ നടത്തിപ്പുകാർ പ്രതിമാസം 20,000 രൂപ വാടകയും വൈദ്യുതി, വാട്ടർ ബില്ലുകൾ നൽകുകയും ചെയ്തിരുന്നു. അമിത വാടകയും ചെലവുകളും താങ്ങാൻ കഴിയാതെ വന്നതോടെ അവരും ഹോട്ടലിന്റെ പ്രവർത്തനം ഒരുമാസം മുമ്പ് നിർത്തിവെച്ചു. വില്ലേജ് സൂക്കിന്റെ മറവിൽ വൻ തട്ടിപ്പാണ് അരങ്ങേറിയിരുന്നത് എന്നാണ് കുടുംബശ്രീ യൂനിറ്റുകളുടെ ഭാരവാഹികൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

