‘ഉയരെ’ ജെൻഡർ കാമ്പയിൻ തുടങ്ങി
text_fieldsപത്തനംതിട്ട: കുടുംബശ്രീ ജില്ല മിഷൻ നേതൃത്വത്തിൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 50 ശതമാനമായി ഉയർത്തുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ‘ഉയരെ’ കാമ്പയിന് ജില്ലയിൽ തുടക്കമായി. തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് ഹാളിൽ കുടുംബശ്രീ ജില്ല മിഷൻ കോഓർഡിനേറ്റർ എസ്. ആദില ജില്ല തല പരിശീലനം ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട വൈ.എം.സി.എ ഹാളിൽ രണ്ടാംഘട്ട പരിശീലനവും നടത്തി.
സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 20 ൽനിന്ന് 50 ശതമാനമായി ഉയർത്തുന്നതിനൊപ്പം സുരക്ഷിത തൊഴിലിടങ്ങൾ സൃഷ്ടിക്കുകയാണ് കാമ്പയിന്റെ ലക്ഷ്യം. ആദ്യഘട്ടത്തിൽ കേരളത്തിലെ മൂന്നു ലക്ഷത്തിലേറെ അയൽക്കൂട്ടങ്ങളിലും അതുവഴി 48 ലക്ഷം കുടുംബശ്രീ കുടുംബാംഗങ്ങളിലേക്കും കാമ്പയിൻ വിവരങ്ങൾ എത്തിക്കും. ആദ്യ അഞ്ച് ആഴ്ചകളിലായി അഞ്ചു വ്യത്യസ്ത മൊഡ്യൂളുകളിലാകും പരിശീലനം.
രണ്ടാം ഘട്ടത്തിൽ കേരളത്തിലെ ഓരോ വ്യക്തിയിലേക്കും ലിംഗസമത്വ സന്ദേശം എത്തിക്കുന്ന പ്രവർത്തനങ്ങൾ നടപ്പാക്കും. ഇതിനു മുന്നോടിയായി സംസ്ഥാന, ജില്ല സി.ഡി.എസ്, എ.ഡി.എസ് തലത്തിൽ വിവിധ പരിശീലനങ്ങൾ പൂർത്തിയാക്കും. അയൽക്കൂട്ടതലത്തിൽ മൂന്നു ലക്ഷത്തിലേറെ ജെൻഡർ പോയിന്റ് പേഴ്സനുകൾക്കും പരിശീലനം നൽകും.
ബ്ലോക്ക് കോഓർഡിനേറ്റർ മുഖേനയാണ് കാമ്പയിൻ നടക്കുക. വേതനാധിഷ്ഠിത തൊഴിലും സ്ത്രീ പദവിയും, ലിംഗസമത്വവും ലിംഗ പദ്ധതിയും, സുരക്ഷിത തൊഴിലിടം കുടുംബശ്രീ ജെൻഡർ പിന്തുണ സംവിധാനങ്ങൾ, ഹാപ്പി കേരളം എന്നിവയാണ് മൊഡ്യൂൾ. ഡിസംബർ 31 നുള്ളിൽ ജില്ല, സി.ഡി.എസ്, എ.ഡി.എസ് തല പരിശീലനവും ജനുവരി 15നുളളിൽ അയൽകൂട്ടതല ചർച്ചകളും പൂർത്തിയാകും. മാർച്ച് 15 വരെയാണ് കാമ്പയിൻ.
സംസ്ഥാനതല ഫാക്കൽറ്റി എം. ശാന്തകുമാർ, കുടുംബശ്രീ ജെൻഡർ ഡി.പി.എം പി. ആർ. അനുപ, ഡയറ്റ് സീനിയർ ഫാക്കൽറ്റി ( റിട്ട.) ടി. ശ്രീകുമാരി, റിസോഴ്സ് പേഴ്സൻ നൈതിക്, സ്നേഹിത കൗൺസിലർ എസ്. അശ്വതി, കമ്യൂണിറ്റി കൗൺസിലർ അർച്ചന എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

