കുടുംബശ്രീ പ്രീമിയം കഫേ; ജില്ലയിലെ രണ്ടാമത്തെ ഔട്ട്ലെറ്റ് പത്തനംതിട്ടയിൽ
text_fieldsപത്തനംതിട്ട: കുടുംബശ്രീ പ്രീമിയം കഫേ റസ്റ്റാറൻറിന്‍റെ ജില്ലയിലെ രണ്ടാമത്തെ ഔട്ട്ലെറ്റ് പത്തനംതിട്ടയിൽ. പത്തനംതിട്ട നഗരസഭ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപമുള്ള ട്രാവലേഴ്സ് ലോഞ്ച് കെട്ടിടത്തിൽ ആരംഭിക്കുന്ന റസ്റ്റാറന്റിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് മന്ത്രി വീണ ജോർജ് നിർവഹിക്കും.
നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ അധ്യക്ഷത വഹിക്കും. ആധുനിക സൗകര്യങ്ങളോടെയാണ് കഫേയുടെ പ്രവർത്തനം. പൂർണമായും ശീതീകരിച്ച റസ്റ്റാറന്റിൽ ഒരേസമയം 50ഓളം പേർക്കിരുന്ന് ഭക്ഷണം കഴിക്കാം. രാവിലെ ആറുമുതൽ രാത്രി 11 വരെയാണ് പ്രവർത്തന സമയം.
പാചകവൈവിധ്യം, അടിസ്ഥാന സൗകര്യങ്ങൾ, സംസ്കരണ ഉപാധികൾ, ശുചിത്വം എന്നിവയിലെല്ലാം മികച്ച ഗുണനിലവാരം പുലർത്തിക്കൊണ്ടാണ് പ്രവർത്തനം. വെജ്, നോൺവെജ് ഭക്ഷണങ്ങളും വിവിധതരം ജ്യൂസ്, ഷേക്കുകൾ എന്നിവയും റസ്റ്റാറന്റിൽ ലഭിക്കും.
പദ്ധതിക്കായി ജില്ലയിലെ വിവിധ യൂനിറ്റുകളിൽ നിന്നും പരിചയസമ്പന്നരായ എട്ട് വനിതകളെ തെരഞ്ഞെടുത്തിട്ടുണ്ട്. പത്തനംതിട്ട നഗരസഭയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. പാചകക്കാർ, സെർവിങ്, ക്ലീനിങ് സ്റ്റാഫ് എന്നിങ്ങനെ അയൽക്കൂട്ടാംഗങ്ങൾ തന്നെയാണ് മറ്റുജീവനക്കാർ. പാചകവും വിതരണവും മുതൽ ബില്ലിങ്ങ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇവർ മുഖേനയാകും നിർവഹിക്കുക. ഇവർക്കാവശ്യമായ പരിശീലനം നൽകുന്നത് കുടുംബശ്രീയുടെ തന്നെ യുവശ്രീ ഗ്രൂപ്പായ ‘ഐഫ്രം’ മുഖേനയാണ്.
സംരംഭകർക്ക് സ്ഥിരവരുമാന ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം പൊതുജനങ്ങൾക്കായി എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ഭക്ഷ്യശാല ശൃംഖല സംസ്ഥാനമൊട്ടാകെ ആരംഭിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയിൽ നിലവിൽ പന്തളം കുളനടയിൽ കുടുംബശ്രീയുടെ പ്രീമിയം കഫേ പ്രവർത്തിക്കുന്നുണ്ട്. എറണാകുളം അങ്കമാലിയിലാണ് പ്രീമിയം കഫേ ശൃംഖലക്ക് തുടക്കമിട്ടത്. തുടർന്ന് വയനാട് ജില്ലയിലെ മേപ്പാടിയിലും തൃശൂരിൽ ഗുരുവായൂരിലും പ്രീമിയം കഫേ തുടങ്ങി.
തുടർന്ന് രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടയം (കുറവിലങ്ങാട്), കോഴിക്കോട് (കൊയിലാണ്ടി), കാസർകോട് (സിവിൽ സ്റ്റേഷൻ), മലപ്പുറം (കോട്ടയ്ക്കൽ), തിരുവനന്തപുരം (സെക്രട്ടറിയേറ്റിനുസമീപം), കണ്ണൂർ (ഇരിട്ടി), കൊല്ലം (ചവറ), ആലപ്പുഴ (കല്ലിശ്ശേരി) ജില്ലകളിലും പ്രീമിയം കഫേ റസ്റ്റോറന്റുകൾ തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

