കുടുംബശ്രീ ഓണ സദ്യക്ക് വൻ സ്വീകാര്യത
text_fields500ൽ അധികമുള്ള ഓർഡറുകളിൽ ഒരുസദ്യക്ക് 180 രൂപയും, 250 മുതൽ 500 വരെയുള്ളവക്ക് 200 രൂപയും 100 മുതൽ 250 വരെയുള്ളവക്ക് 230 രൂപയും 100 വരെയുള്ള ഓർഡറുകൾക്ക് 280 രൂപയുമായിരുന്നു നിരക്ക്. ഇതിൽ 18 വിഭവങ്ങളായിരുന്നു ഉണ്ടായിരുന്നത്. തിരുവോണ ദിവസത്തെ സദ്യയിൽ 23 വിഭവങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്.
പത്തനംതിട്ട: കുടുംബശ്രീയുടെ ഓണരുചി ഏറ്റെടുത്ത് ജില്ല. ജില്ലയിൽ ആദ്യമായി ഓണ സദ്യ വിളമ്പിയ കുടുംബശ്രീക്ക് 982800 ലക്ഷം രൂപയുടെ വിറ്റുവരവ്. പായസം ഉൾപ്പെടെ 23 കൂട്ടം വിഭവങ്ങളാണ് കുടുംബശ്രീയുടെ ഓണസദ്യയിൽ ഉണ്ടായിരുന്നത്. ആകെ 3510 ഓർഡറാണ് ജില്ലയിൽ ലഭിച്ചത്. ജില്ല കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ പ്രവർത്തിച്ച കോൾ സെന്ററുകൾ മുഖേന 766 ഓർഡറും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംരംഭകർ മുഖേന 2744 ഓർഡറുമാണ് ലഭിച്ചത്.
സ്കൂൾ, കോളജ്, സ്വകാര്യ സ്ഥാപനങ്ങൾ, മറ്റുസ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം കുടുംബശ്രീയുടെ ഓണസദ്യ എത്തി. ഇതിനുപുറമേയാണ് വീടുകളിൽ നിന്ന് ലഭിച്ച ഓർഡറുകൾ. കുടുംബശ്രീ ജില്ലമിഷന്റെ നേതൃത്വത്തിൽ എട്ട് ബ്ലോക്കിൽ നിന്നായി ജില്ലയിലെ തെരഞ്ഞെടുത്ത 22 യൂനിറ്റുകളാണ് ഓണസദ്യ ഒരുക്കിയത്. ആഗസ്റ്റ് 28 മുതലാണ് സദ്യ എത്തിച്ചുതുടങ്ങിയത്. തിരുവോണ ദിവസം വരെയായിരുന്നു സദ്യ നൽകാൻ പദ്ധതി. എന്നാൽ നിരവധിപേർ വീണ്ടും ബന്ധപ്പെട്ടതോടെ ശനിയാഴ്ചയും ബുക്കിങ് സ്വീകരിച്ചു. സദ്യ രണ്ട് ദിവസം കൂടി നീട്ടുകയും ചെയ്തു.
ശനിയാഴ്ച 30 പേർക്ക് സദ്യ നൽകി. ഞായറാഴ്ചയും 40ഓളം പേരുടെ വീട്ടിൽ സദ്യ എത്തി. തിരുവോണത്തിന് മുഴുവൻ ഓർഡറുകളും വീടുകളിൽനിന്നായിരുന്നു. പറക്കോട് ബ്ലോക്കിൽ പള്ളിക്കലാണ് കൂടുതൽ പേർ സദ്യ ഓർഡർ ചെയ്തത്. പത്തനംതിട്ട, പന്തളം, തിരുവല്ല എന്നിവിടങ്ങളിൽ നിന്നും മികച്ച ഓർഡറുകൾ ഉണ്ടായിരുന്നു. ബുക്കിങ് നടത്തിയ വീടുകൾക്ക് എറ്റവും അടുത്തുള്ള യൂനിറ്റാണ് സദ്യ എത്തിച്ചുനൽകിയത്. യൂനിറ്റിന് അഞ്ച് കിലോമീറ്ററിന് ഉള്ളിലാണ് ഓർഡർ എങ്കിൽ ഫ്രീ ഡെലിവറിയായിരുന്നു. അതിൽ കൂടുതൽ ദൂരത്തിന് ഡെലിവറി ചാർജ് ഈടാക്കി.
തിരുവോണ ദിവസം വീടുകളിൽ ഡെലിവറി ഉണ്ടായിരുന്നില്ല. പകരം ജില്ലയിൽ അടൂർ, തിരുവല്ല, പത്തനംതിട്ട, പന്തളം എന്നിവിടങ്ങളിൽ ക്രമീകരിച്ചിരിക്കുന്ന കലക്ഷൻ സെന്ററുകൾ മുഖേന പാഴ്സൽ സദ്യ കൈപ്പറ്റുകയായിരുന്നു. എന്നാൽ, പ്രായമായവർക്ക് വീടുകളിൽ ഓണസദ്യ എത്തിച്ചുനൽകി. ഈ വർഷം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതി വലിയ തോതിൽ എറ്റെടുത്ത സാഹചര്യത്തിൽ അടുത്തവർഷം വിപുലമായി നടത്താനും ജില്ല കുടുംബശ്രീ മിഷൻ തിരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

