കുടുംബശ്രീ ഓണസദ്യ ഹിറ്റിലേക്ക്
text_fieldsപത്തനംതിട്ട: ഓണസദ്യ വീട്ടിലെത്തിക്കാനുള്ള കുടുംബശ്രീ പദ്ധതി ഹിറ്റ്. തിങ്കളാഴ്ച വരെ 250ഓളം പേർ സദ്യ ബുക്ക് ചെയ്തു കഴിഞ്ഞു. ഓഫിസ്, സ്കൂൾ, ബാങ്ക് തുടങ്ങി സ്ഥാപനങ്ങളുടെ ഓർഡറും ലഭിച്ചുതുടങ്ങി. നിരവധിപേർ നിരക്ക് അടക്കം അന്വേഷിച്ച് കുടുംബശ്രീയുമായി ബന്ധപ്പെടുന്നുമുണ്ട്.
അഞ്ഞൂറിലധികമുള്ള ഓർഡറുകളിൽ ഒരു സദ്യക്ക് 180 രൂപയും 250 -500 വരെ 200 രൂപയും 100 - 250ന് 230 രൂപയും 100 വരെ ഓർഡറുകൾക്ക് 280 രൂപയുമാണ് നിരക്ക്. ഇതിൽ 18 വിഭവങ്ങൾ ഉണ്ടാകും. തിരുവോണ സദ്യയും പാഴ്സലായി വാങ്ങാം. 23 വിഭവങ്ങളടങ്ങിയ സദ്യ അഞ്ചംഗ കുടുംബത്തിന് 1700 രൂപയും രണ്ടു പേർക്ക് 680 രൂപയുമാണ്.
എവിടെനിന്നും ബുക്ക് ചെയ്യാം
സദ്യ വേണ്ടവർക്ക് എവിടെ നിന്ന് വേണമെങ്കിലും മുൻകൂട്ടി ബുക്ക് ചെയ്യാം. വിളിച്ചു ബുക്ക് ചെയ്യാൻ എം.ഇ.സി (മൈക്രോ എൻറർപ്രൈസ് കോസൾട്ടൻസ്) ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ രണ്ടു കോൾ സെന്റർ ഒരുക്കി. ജില്ലയിലെ ഏട്ടു ബ്ലോക്കിലായി 22 കുടുംബശ്രീ കാറ്ററിങ് യൂനിറ്റാണ് പ്രവർത്തിക്കുന്നത്. കഫെ യൂനിറ്റുകൾ തന്നെയാണ് സദ്യ എത്തിച്ചു നൽകുക. യൂനിറ്റിന് അഞ്ചു കിലോമീറ്റർ പരിധിയിലാണ് ഓർഡറെങ്കിൽ ഫ്രീ ഡെലിവറി സൗകര്യമുണ്ട്.
തിരുവോണ ദിവസം വീടുകളിൽ ഡെലിവറി ഇല്ല. പകരം അടൂർ, തിരുവല്ല, പത്തനംതിട്ട, പന്തളം എന്നിവടങ്ങളിൽ ക്രമീകരിച്ചിരിക്കുന്ന കളക്ഷൻ സെൻറർ മുഖേന പാഴ്സൽ സദ്യ കൈപ്പറ്റണം. തിരുവോണ സദ്യയുടെ മുൻകൂട്ടിയുള്ള ബുക്കിങ് സെപ്റ്റംബർ രണ്ടിന് അവസാനിക്കും. ഫോൺ: 9562247585
തിരുവോണ സദ്യ വിഭവങ്ങൾ ഇങ്ങനെ
ഉപ്പ്, ചിപ്സ്, ശർക്കരവരട്ടി. കളിയടക്ക, നാരങ്ങ അച്ചാർ, മാങ്ങ അച്ചാർ, ഇഞ്ചിക്കറി, പച്ചടി, കിച്ചടി, തോരൻ, മസാലക്കറി, അവിയൽ, പരിപ്പ്, നെയ്യ്, സാമ്പാർ, പുളിശ്ശേരി, പച്ചമോര്, പപ്പടം, പഴം, അടപ്രഥമൻ, സേമിയ പായസം, ചോറ്. വാഴയിലയും ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

