പട്ടികവർഗ വിഭാഗ സംരംഭകരെ വാർത്തെടുക്കാൻ കെ-ടിക്
text_fieldsപത്തനംതിട്ട: പട്ടികവർഗ വിഭാഗത്തിൽപ്പെട്ട സംരംഭകരെ വാർത്തെടുക്കാൻ നൂതന പദ്ധതിയുമായി കുടുംബശ്രീ മിഷൻ. പട്ടികവർഗക്കാരായ യുവതീയുവാക്കളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ ആവശ്യമായ പിന്തുണ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ തയാറാക്കിയ അഞ്ച് മോഡ്യൂളുകളുടെ ആദ്യ മൊഡ്യൂൾ പരിശീലനം കുളനട പ്രീമിയം കഫെ ഹാളിൽ നടന്നു. 35 പുരുഷന്മാരും ഏഴ് സ്ത്രീകളുമടക്കം 42 പേർ പരിശീലനത്തിൽ പങ്കെടുത്തു.
രണ്ടാംഘട്ട പരിശീലനം മാർച്ച് ആദ്യവാരം നടക്കും. വിവിധ ഘട്ടങ്ങളിലായി ഒന്നര വർഷം പിന്തുണയും കുടുംബശ്രീ നൽകും. ഏപ്രിലിൽ പരിശീലനം പൂർത്തിയാക്കി മേയിൽ സംരംഭങ്ങൾ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. കുടുംബശ്രീ ജില്ല മിഷനുകൾ വഴി 14 ജില്ലയിലും പദ്ധതി നടപ്പിലാക്കിവരുന്നു. യുവജനങ്ങളുടെ യോഗം വിളിച്ച ശേഷം ഗ്രൂപ്പുകളായി തിരിച്ച് തുടർച്ചയായ ആശയവിനിമയത്തിലൂടെ അഭിരുചികൾ മനസ്സിലാക്കുകയുമാണ് ആദ്യഘട്ടം. അതിനായി പ്രത്യേക ചോദ്യാവലിയും ഏകദിന ശിൽപശാലകളും നടന്നിരുന്നു.
കുടുംബശ്രീ ട്രൈബൽ എന്റർപ്രൈസ് ആൻഡ് ഇന്നവേഷൻ സെൻറർ (കെ-ടിക്) പദ്ധതിയിലൂടെ സമൂഹത്തിൽ പുതുമുന്നേറ്റം ലക്ഷ്യമിടുകയാണ് കുടുംബശ്രീ. സൂക്ഷ്മ തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും സുസ്ഥിരമായി നിലനിർത്തി കൊണ്ടുപോകുന്നതിനും വൈദഗ്ധ്യ പരിശീലനം ഉൾപ്പെടെയുള്ള പിന്തുണ ഉറപ്പാക്കുകയും അതുവഴി യുവതീയുവാക്കളെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുകയുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
പട്ടികവർഗ വിഭാഗക്കാരായ യുവതീയുവാക്കൾ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ സംരംഭകരാകും. സ്വയം സംരംഭം തുടങ്ങാൻ സഹായകമായ പരിശീലനം പദ്ധതിയുടെ ഭാഗമായി തുടങ്ങും. സംരംഭങ്ങൾക്ക് ആവശ്യമായ സമ്പത്തിക പിന്തുണ കുടുംബശ്രീ ഉറപ്പാക്കും.
വലിയ മുതൽമുടക്കുള്ള സംരംഭങ്ങൾക്ക് കുടുംബശ്രീ ബാങ്ക് വായ്പയും ലഭ്യമാക്കും. സംരംഭകർക്ക് ആവശ്യമായ ബിസിനസ് പരിജ്ഞാനം, സമാന സ്വഭാവമുള്ള സംരംഭങ്ങളെയോ സംരംഭകരെയോ നേരിൽ കണ്ട് അനുഭവമാർജിക്കാനുള്ള അവസരം, വിദഗ്ധരുടെ മെന്ററിങ്, വിപണന, ബ്രാൻഡിങ് പിന്തുണ ഉറപ്പാക്കൽ, നേതൃ ശേഷി പരിശീലനം എന്നിവയും പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കും. 18നും 35നും മധ്യേ ഉള്ളവർക്കാണ് അവസരം. 35നും 45നും ഇടയിലുള്ള 10 ശതമാനംപേർക്കും അവസരം നൽകും. സംസ്ഥാനതലത്തിൽ പരിശീലനം നേടുന്ന ഇൻക്യുബേറ്റർമാർക്കാണ് കെ-ടിക് ആദ്യഘട്ടത്തിന്റെ ചുമതല.
ജില്ലകളിൽ അതത് സി.ഡി.എസ് ചെയർപേഴ്സൻമാർ, അനിമേറ്റർ, അനിമേറ്റർ കോഓഡിനേറ്റർ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. പരിശീലനത്തിൽ പങ്കെടുത്തവർക്ക് പ്രതിദിനം 300 രൂപ സ്റ്റൈപെൻഡും, കോന്നി ആനക്കൂട്ടിലേക്കുള്ള സന്ദർശനവും ജില്ല മിഷൻ ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

