കടമുറികൾ ലേലം ചെയ്ത് നൽകാനാവാതെ കെ.എസ്.ആർ.ടി.സി
text_fieldsപത്തനംതിട്ട കെ.എസ്.ആർ.ടി.സി ടെർമിനൽ
പത്തനംതിട്ട: അഗ്നിരക്ഷാസേനയുടെ നിരാക്ഷേപ പത്രവും നഗരസഭയുടെ കെട്ടിട നമ്പറും ലഭിക്കാതെ പത്തനംതിട്ട കെ.എസ്.ആർ.ടി.സി ടെർമിനൽ. അഗ്നിരക്ഷാസേനയുടെ മാർഗനിർദേശങ്ങൾ പാലിക്കാതെ നിർമാണ പ്രവർത്തനങ്ങൾ നടത്തിയതിനാൽ സേനക്ക് നിരാക്ഷേപപത്രം നൽകാനാവത്ത അവസ്ഥയാണ്. ഇതുകാരണം നഗരസഭ കെട്ടിടനമ്പർ നൽകാനും തയാറായിട്ടില്ല. അതിനാൽ കടമുറികൾ വാടകയ്ക്കു നൽകാൻ കഴിയാതെ പ്രതിസന്ധിയിലായിട്ട് ഏറെക്കാലമായി.
വർഷങ്ങൾ പഴക്കമുള്ള പഴയ കെട്ടിടത്തിനു പകരം കൂടുതൽ സൗകര്യങ്ങളുള്ള പുതിയ കെട്ടിടം നിർമിക്കാൻ പദ്ധതിയിട്ട് തുടക്കം കുറിച്ചത് കെ. ശിവദാസൻ നായർ എം.എൽ.എ ആയിരുന്ന കാലത്താണ്. കരാറുകാർക്കു നൽകേണ്ട പണം കുടിശ്ശികയായതോടെ ഇടക്ക് പണികൾ മുടങ്ങിയിരുന്നു. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പണികൾ പൂർത്തിയാകുന്നതിനുമുമ്പ് എൽ.ഡി.എഫ് സർക്കാറിന്‍റെ കാലത്ത് ഉദ്ഘാടനവും നടത്തി. പിന്നീട് കെട്ടിടത്തിന്റെ പണികൾ പൂർത്തിയാകും മുമ്പുതന്നെ വ്യാപാരികൾക്കു കടമുറികൾ ലേലം ചെയ്തുനൽകി. 2017ൽ താഴത്തെ നിലയിലുള്ള 18 കടമുറികൾ 13 പേർക്കായി ലേലത്തിൽ നൽകുകയുണ്ടായി.
ഒരു വർഷത്തിനുള്ളിൽ കടകളുടെ പണികൾ പൂർത്തിയാക്കി നൽകുമെന്നായിരുന്നു അന്നു വ്യവസ്ഥ ചെയ്തത്. കച്ചവടക്കാരിൽ നിന്ന് 2.63കോടി രൂപയോളം കെ.എസ്.ആർ.ടി.സി ലേലത്തുകയായി വാങ്ങിയിരുന്നു. നല്ലൊരു ശതമാനം തുകയും വ്യാപാരികൾ ഒന്നാമത്തെ ഗഡുവിൽ നൽകുകയും ചെയ്തു. എന്നാൽ, കെട്ടിടംപണി പിന്നെയും നീണ്ടു. 2021ൽ കെ.എസ്.ആർ.ടി.സി പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചെങ്കിലും നിർമാണത്തിലെ വീഴ്ചകൾ കാരണം കടമുറികൾ തുറന്നുനൽകാൻ സാധിച്ചില്ല. പിന്നീട് പലതവണ കെട്ടിട ഉടമകൾ അധികൃതരുമായി ചർച്ചകൾ നടത്തിയിരുന്നെങ്കിലും പരിഹാരമുണ്ടായില്ല.
ഇതിനിടെ വ്യാപാരികൾ അധികൃതർക്ക് പല നിവേദനങ്ങൾ നൽകിയെങ്കിലും ഫലം ഉണ്ടായില്ല. തുടർന്ന് വ്യാപാരികൾ കടമുറികൾ വേണ്ട എന്ന തീരുമാനത്തിലെത്തി. അടച്ച പണം തിരികെ നൽകാൻ അവർ ആവശ്യപ്പെട്ടു. ഒടുവിൽ പണം മടക്കിനൽകാൻ കെ.എസ്.ആർ.ടി.സി അധികൃതർ തയാറായി. ഇതിനിടെ പുതിയ കെട്ടിടത്തിൽ ചോർച്ചയുണ്ടായതിനെ തുടർന്ന് നടന്ന അന്വേഷണത്തിൽ നിർമാണത്തിൽ പോരായ്മകളുണ്ടെന്നു കണ്ടെത്തി. മുകൾ നിലയിലെ പല മുറികളും ചോർന്നൊലിക്കുന്ന സ്ഥിതിയായിരുന്നു. പരാതികളെ തുടർന്ന് അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും അത് ഫലപ്രദമായില്ലെന്നും ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

