‘പാര’യുമായി സ്വകാര്യ ബസുകൾ; ആപ്പിൽ ‘പണി’ കെ.എസ്.ആർ.ടി.സിക്ക് ആശങ്ക
text_fieldsപത്തനംതിട്ട: ബസുകളുടെ തത്സമയ യാത്രാവിവരങ്ങൾ ‘ചലോ’ ആപ്പിൽ ലഭ്യമായി തുടങ്ങിയതോടെ കെ.എസ്.ആർ.ടി.സിക്ക് സ്വകാര്യ ബസുകളുടെ ‘പാര’. മുന്നിലും പിന്നിലുമുള്ള കെ.എസ്.ആർ.ടി.സി ബസുകളുടെ വിവരങ്ങൾ ‘ചലോ’ ആപ്പിലൂടെ ‘ചോർത്തി’ വേഗം കൂട്ടിയും കുറച്ചുമൊക്കെ സ്വകാര്യ ബസുകൾ സർവിസ് നടത്തുന്നതാണ് കെ.എസ്.ആർ.ടി.സിക്ക് തിരിച്ചടിയാകുന്നത്. സ്വകാര്യ ബസുകൾ സജീവമായ റൂട്ടുകളിലാണ് കെ.എസ്.ആർ.ടി.സി ബസുകളുടെ വരുമാനം ചോർത്തുന്ന നടപടി.
നേരത്തേ സ്വകാര്യ ബസുകൾക്കൊപ്പം കെ.എസ്.ആർ.ടി.സിയും സജീവമായ റൂട്ടുകളിൽ ഇവർ എജന്റുമാരെ നിയോഗിച്ചിരുന്നു. കെ.എസ്.ആർ.ടി.സി ബസ് എവിടെയെത്തിയെന്ന് ഉടമകൾ നിയോഗിക്കുന്ന ഈ ഏജന്റുമാർ സ്വകാര്യ ബസ് ജീവനക്കാരെ അറിയിക്കുന്നതായിരുന്നു പതിവ്. ഇത് പിന്നീട് നിലച്ചിരുന്നു. എന്നാൽ, ഇപ്പോൾ ആപ് വന്നതോടെ ഒരു ചെലവുമില്ലാതെ വിവരങ്ങൾ ലഭിക്കുന്നതാണ് ചില സ്വകാര്യ ബസുകൾ മുതലെടുക്കുന്നതെന്ന് ജീവനക്കാർ പറയുന്നു.
അടുത്തിടെ തിരുവല്ലയിൽനിന്ന് റാന്നിയിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസിൽ യാത്രക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞിരുന്നു. ഇതോടെ കെ.എസ്.ആർ.ടി.സി ജീവനക്കാർ നടത്തിയ നിരീക്ഷണത്തിലാണ് ആപ് ഉപയോഗിക്കുന്നതായി കണ്ടെത്തിയതെന്നും ഇവർ പറയുന്നു. പത്തനംതിട്ട-തട്ട-അടൂർ, പത്തനംതിട്ട-പുനലൂർ, തിരുവല്ല-റാന്നി, തിരുവല്ല-പത്തനംതിട്ട തുടങ്ങിയ റൂട്ടുകളിലെല്ലാം ചോർച്ച നടത്തുന്നതായി ജീവനക്കാർ പറയുന്നു. എന്നാൽ, ജനങ്ങൾക്കും ഏറെ ഉപകാരപ്രദമായതിനാൽ ആപ് പ്രവർത്തനം നിർത്താനും കഴിയില്ല.
അടുത്തിടെയാണ് കെ.എസ്.ആർ.ടി.സിയിൽ ബസ് ലൈവ് ട്രാക്കിങ് ആപ് പ്രവർത്തനം തുടങ്ങിയത്. ‘ചലോ’ എന്ന ആപ് വഴിയാണ് ബസുകൾ എവിടെയെത്തിയെന്ന് തത്സമയം അറിയാനാവുക. സ്റ്റോപ്പിൽ നിൽക്കുന്ന യാത്രക്കാർക്ക് ബസിനെക്കുറിച്ചും ഒഴിവുള്ള സീറ്റുകളെക്കുറിച്ചും വിവരം ലഭിക്കും. വരാനുള്ള ബസുകളുടെ സമയം, അത് എവിടെയെത്തി എന്നറിയാനുള്ള സൗകര്യം എന്നിവയെല്ലാം ആപ്പിലുണ്ട്. സ്വകാര്യ ഏജൻസിയുമായി സഹകരിച്ചാണ് കെ.എസ്.ആർ.ടി.സി ചലോ ആപ് ഒരുക്കിയിരിക്കുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഈ സംവിധാനം കെ.എസ്.ആർ.ടി.സിയിൽ സജ്ജമായത്.
ആപ് ഉപയോഗിക്കേണ്ടത് ഇങ്ങനെ
ഗൂഗിൾ പ്ലേ സ്റ്റോർ (Android ഫോണുകൾക്ക്) അല്ലെങ്കിൽ ആപ്പിൾ ആപ് സ്റ്റോർ (iOS ഫോണുകൾക്ക്) എന്നിവയിൽനിന്ന് ‘Chalo -Live Bus Tracking App’ ഇൻസ്റ്റാൾ ചെയ്യണം. തുടർന്ന് നമ്മുടെ ലൊക്കേഷൻ സെറ്റ് ചെയ്യണം. ആപ് തുറക്കുമ്പോൾ തന്നെ ലൊക്കേഷൻ വിവരങ്ങൾ ആവശ്യപ്പെടും. Find and track your bus എന്ന ഓപ്ഷനിൽ ക്ലിക് ചെയ്താൽ ബസ് സെർച്ച് ചെയ്യാൻ കഴിയും. ട്രാക്ക് ചെയ്യാൻ ഉദേശിക്കുന്ന സ്റ്റോപ് തെരഞ്ഞെടുക്കുക. Current location ആണ് കാണിക്കുക. ആവശ്യമെങ്കിൽ ഇതിൽ മാറ്റംവരുത്തി യാത്ര പുറപ്പെടുന്ന സ്ഥലം രേഖപ്പെടുത്തുക.
തൊട്ടടുത്ത ലൈനിൽ എവിടേക്കാണ് യാത്ര പോകേണ്ടതെന്ന് രേഖപ്പെടുത്തുക, അതിനുശേഷം പ്രൊസീഡ് എന്ന ഓപ്ഷൻ അമർത്തുക. തുടർന്ന് യാത്രക്ക് ആവശ്യമായ വിവിധ ബസ് സർവിസുകളുടെ വിവരങ്ങൾ ദൃശ്യമാകും. നമ്മൾ നിൽക്കുന്ന സ്റ്റോപ്പിൽ ബസ് എപ്പോൾ എത്തുമെന്നും ബസിൽ സീറ്റുകൾ ഒഴിവുണ്ടോ, തിരക്കുണ്ടോ എന്ന വിവരങ്ങളും നമുക്ക് ലിസ്റ്റിൽനിന്നും മനസ്സിലാക്കാൻ കഴിയും. ലിസ്റ്റിൽ ഉള്ള സർവിസുകൾ ഓരോന്നിലും അമർത്തിയാൽ കൂടുതൽ വിവരങ്ങൾ ലഭിക്കും.
ഇങ്ങനെ ചെയ്യുമ്പോൾ ലഭിക്കുന്ന വിവരങ്ങളിൽ വീണ്ടും (Track bus option) ക്ലിക് ചെയ്ത് ബസ് ട്രാക്ക് ചെയ്യുവാനും ബസ് നമ്പർ മനസിലാക്കാനും ബസ് നിലവിൽ ഏത് സ്റ്റോപ്പിലാണ് ഉള്ളതെന്നും കാണാനും സൗകര്യമുണ്ട്. ബസിന്റെ ചിത്രത്തിൽ അമർത്തുമ്പോൾ ബസ് നമ്പർ ലഭ്യമാകും. ‘ബസ് എറൗണ്ട് യു’ എന്ന ഓപ്ഷനിലുള്ള മാപ്പും ആപ്പിലുണ്ട്. ഇതിൽ പോയാൽ ഏതൊക്കെ സ്ഥലങ്ങളിൽ ഏതൊക്കെ ബസുകൾ ഓടുന്നുണ്ട് എന്നത് അറിയാൻ സാധിക്കും. ഓരോ സ്റ്റോപ്പുകളുടെ വിവരങ്ങളും ഓരോ സ്റ്റോപ്പിലും നിർത്തുന്ന ബസുകളുടെ വിവരങ്ങളും ആപ്പിൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

