
കെ.എസ്.ആർ.ടി.സി ഡ്രൈവർക്കും വനിത കണ്ടക്ടർക്കും സ്വകാര്യ ബസ് ജീവനക്കാരുടെ മർദനം
text_fieldsപത്തനംതിട്ട: കെ.എസ്.ആർ.ടി.സി ബസിലെ ഡ്രൈവറെയും വനിത കണ്ടക്ടറെയും സ്വകാര്യ ബസ് ജീവനക്കാർ കൈയേറ്റം ചെയ്തതായി പരാതി. മർദനമേറ്റ ജീവനക്കാർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സതേടി.
കൊല്ലം-പത്തനംതിട്ട റൂട്ടിൽ സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ചെയിൻ സർവിസിലെ ഡ്രൈവർ സജീവൻ, കണ്ടക്ടർ കവിത എന്നിവർക്കാണ് മർദനമേറ്റത്. സജീവന്റെ ഷർട്ട് വലിച്ചുകീറി. കൊല്ലം- മലയാലപ്പുഴ റൂട്ടിൽ സർവിസ് നടത്തുന്ന സൊസൈറ്റി ബസിലെ ജീവനക്കാർ മർദിച്ചതായാണ് പരാതി. തിങ്കളാഴ്ച രാവിലെ 11ന് പുതിയ ബസ് സ്റ്റാൻഡിലാണ് സംഭവം.
ബസുകൾ മത്സര ഓട്ടം നടത്തിയാണ് ബസ് സ്റ്റാൻഡിൽ എത്തിയത്. വഴിയിൽവെച്ച് ഇരു ബസിലെയും ജീവനക്കാർ തമ്മിൽ വാക്കേറ്റവും അസഭ്യംവിളിയും നടന്നിരുന്നു. പത്തനംതിട്ട സ്റ്റാൻഡിൽ എത്തിയും ഇതേച്ചൊല്ലി വീണ്ടും ബഹളവും സംഘർഷവും നടന്നു. സ്വകാര്യ ബസിലെ ഡ്രൈവറുടെ നേതൃത്വത്തിൽ എത്തിയാണ് മർദിച്ചത്. കെ.എസ്.ആർ.ടി.സി ജീവനക്കാർ ജില്ല പൊലീസ് മേധാവിക്ക് ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്.
യാത്രക്കാർക്ക് ഭീഷണിയായി മത്സര ഓട്ടം
പത്തനംതിട്ട ജില്ലയിൽ കെ.എസ്.ആർ.ടി.സി- സ്വകാര്യ ബസുകളുടെ മത്സരയോട്ടവും ജീവനക്കാർ തമ്മിലെ കൈയാങ്കളിയും പതിവാകുന്നു. വാക്കേറ്റം പിന്നീട് വലിയ ഏറ്റുമുട്ടലിനും അക്രമത്തിനും കാരണമാകുന്നു. ബസ് സ്റ്റാൻഡിൽ നിന്നെടുക്കുന്ന സമയം മുതൽ തർക്കം തുടങ്ങും. സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി എത്തുന്നതുവരെ കാത്തിരുന്നാണ് സർവിസ് നടത്തുന്നത്. താമസിച്ചാലും ആ സമയംകൂടി കിടക്കും. തിരിച്ചും ചില സമയങ്ങളിൽ അങ്ങനെ തന്നെയാണ്.
പത്തനംതിട്ട- കൊല്ലം , ചെങ്ങന്നൂർ - പത്തനംതിട്ട, കോഴഞ്ചേരി - കോട്ടയം, അടൂർ - പന്തളം തുടങ്ങി ജില്ലയിലെ പ്രധാന റൂട്ടുകളിലും മത്സരയോട്ടം പതിവാണ്. മോട്ടോർ വെഹിക്കിൽ വിഭാഗം ബസുകളുടെ മത്സരയോട്ടത്തിനെതിരെ കേസെടുക്കുകയോ പിഴ ഈടാക്കുകയോ താക്കീത് നൽകുകയോ ഒന്നും ചെയ്യാറില്ല. യാത്രക്കാർ പരാതി നൽകാത്തത് ഇവർക്ക് വളമാകുകയാണ്. മത്സരയോട്ടം കാരണം ബസുകൾ പല സ്റ്റോപ്പുകളിലും നിർത്താറുമില്ല.
സ്റ്റോപ്പിൽനിന്ന് കുറച്ച് മാറ്റി നിർത്തുന്നതും പതിവാണ്. യാത്രക്കാരാണ് ദുരിതമത്രയും അനുഭവിക്കുന്നത്. പ്രായമായവരും ചെറിയ കുട്ടികളുമെല്ലാം യാത്രക്കാരുടെ കൂട്ടത്തിലുള്ളതിനാൽ വളരെ അപകടകരമായ സാഹചര്യമാണ് സ്വകാര്യ ബസ് ജീവനക്കാർ പലപ്പോഴും സൃഷ്ടിക്കുന്നത്. ഇപ്പോൾ മിക്ക ബസുകളിലും ഓട്ടോമാറ്റിക് ഡോർ ആയതിനാൽ ഇതിനിടയിൽ ചെരുപ്പും ബാഗും ഡ്രസുമെല്ലാം കുടുങ്ങാറുണ്ട്. പലതവണ പരാതി ഉയർന്നിട്ടുണ്ടെങ്കിലും മത്സരയോട്ടത്തിന് കടിഞ്ഞാണിടാൻ അധികൃതർ തയാറാകാത്തതിൽ പ്രതിഷേധം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
