പരിഷ്ക്കാരം പാളി; തെക്കേമലയിൽ ഗതാഗതക്കുരുക്ക്
text_fieldsതെക്കേമല ജങ്ഷനിലെ സിഗ്നൽ സംവിധാനം തകർന്നുവീണപ്പോൾ (ഫയൽ ചിത്രം)
കോഴഞ്ചേരി: ടി.കെ. റോഡിലെ പ്രധാന ജങ്ഷനായ കോഴഞ്ചേരി തെക്കേമലയിൽ പ്രഖ്യാപിച്ച ഗതാഗത പരിഷ്കരണം പാളുന്നു. രൂക്ഷ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ഇവിടെ ട്രാഫിക് സിഗ്നൽ നിലംപൊത്തിയിട്ട് ആഴ്ചകളായി. ഗതാഗത പരിഷ്കരണ ഭാഗമായി ജങ്ഷനിൽ കാൽനടക്കാർക്കും റോഡ് ഉപയോഗിക്കുന്നവർക്കും ബുദ്ധിമുട്ട് ഉണ്ടാകുന്ന തരത്തിൽ അശ്രദ്ധമായും അലക്ഷ്യമായും പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സിഗ്നലിനടുത്തുള്ള എല്ലാ റോഡിലും പാർക്കിങ് നിരോധിക്കുമെന്നും പറഞ്ഞിരുന്നു.
പത്തനംതിട്ട, ചെങ്ങന്നൂർ, കോഴഞ്ചേരി ഭാഗങ്ങളിലേക്ക് പോകുന്ന ബസുകൾ തെക്കേമല ജങ്ഷന് സമീപം നിർത്തി ആളെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നതുമൂലം ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത് ഒഴിവാക്കാൻ ചില നിർദേശങ്ങൾ ഉയർന്നിരുന്നു. പത്തനംതിട്ട ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം എസ്.ഐ.ബിയുടെ മുൻവശത്തുള്ള സ്റ്റോപ്പിലേക്കും കോഴഞ്ചേരി ഭാഗത്തേക്കുള്ളവ ഫെഡറൽ ബാങ്കിന് മുൻവശവും ചെങ്ങന്നൂർ ഭാഗത്തേക്കുള്ളവ തോംസൺ ബേക്കറിക്ക് എതിർവശവുമായി മാറ്റുമെന്നും പ്രഖ്യാപിച്ചിരുന്നു.
ഇതെല്ലാം ആദ്യ ദിവസങ്ങളിൽ മാത്രം ഒതുങ്ങി. സി.സി.ടി.വി. കാമറ സൗകര്യം വർധിപ്പിക്കുന്നതിന് കാമറകൾ വച്ചിട്ടുള്ള സ്ഥാപനങ്ങൾ ഒരു കാമറ റോഡിലേക്ക് ലഭിക്കുന്ന വിധംക്രമീകരിക്കുന്നതിനും ജങ്ഷൻ കേന്ദ്രീകരിച്ച് സി.സി.ടി.വി. സർവൈലൻസ് യൂനിറ്റ് സ്ഥാപിക്കുന്നതിനും നിർദേശം ഉണ്ടായിരുന്നു. ഇതിലൊന്നും തുടർ നടപടി ഉണ്ടായില്ല.ഗതാഗതം നിയന്ത്രിക്കാൻ ട്രാഫിക് വാർഡന്മാർ മാത്രമാണ് ഇപ്പോഴുമുള്ളത്. വാഹനങ്ങൾ എല്ലാ ഭാഗത്തുനിന്നും തലങ്ങും വിലങ്ങും എത്തുമ്പോൾ നിയന്ത്രിക്കാൻ ഈ സംവിധാനം പര്യാപ്തമല്ല.
തെക്കേമലയിലെ കുരുക്കിന് പരിഹാരമായി മന്ത്രി വീണ ജോർജ് എം.എൽ.എ ഫണ്ടിൽനിന്ന് 12 ലക്ഷം രൂപ അനുവദിച്ചാണ് സിഗ്നൽ സംവിധാനം സ്ഥാപിക്കാൻ നിർദേശം നൽകിയത്. മുന്നൊരുക്കമോ പഠനമോ നടത്താതെ പൊതുമരാമത്ത് നിരത്തു വിഭാഗം സിഗ്നൽ സ്ഥാപിച്ചതോടെ തിരക്ക് വർധിക്കുന്ന സ്ഥിതിയായി.നാലു ബസ് സ്റ്റോപ്പാണ് ട്രാഫിക് സിഗ്നലിനോട് ചേർന്നുണ്ടായിരുന്നത്. ഈ സ്റ്റോപ്പുകളിൽ ബസുകൾ ആളെ കയറ്റാൻ നിർത്തുമ്പോൾ സിഗ്നൽ ലഭിക്കുന്ന വാഹനങ്ങൾക്ക് കടന്നുപോകാൻ ഇടമില്ല. ഇതോടെ നാനാ വഴിയിലേക്കും കുരുക്ക് നീളുകയും മൊത്തത്തിൽ ഗതാഗതം തടസ്സപ്പെടുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

