എങ്ങുമെത്താതെ തൂണിൽ ഒതുങ്ങി കോഴഞ്ചേരി പുതിയ പാലം
text_fieldsപത്തനംതിട്ട: ഗതാഗതക്കുരുക്കില്‍ നട്ടംതിരിയുന്ന കോഴഞ്ചേരിക്ക് ആശ്വാസമാകേണ്ട പുതിയ പാലത്തിന്റെ നിർമാണം അനിശ്ചിതമായി നീളുന്നു. പാലം എപ്പോൾ പൂർത്തിയാകുമെന്ന് പറയാൻ പോലും ബന്ധപ്പെട്ടവർ തയാറാകുന്നില്ല എന്നതാണ് സ്ഥിതി. മന്ത്രി വീണ ജോർജ് നേരത്തേ എം.എൽ.എയായിരുന്ന കാലത്തായിരുന്നു പാലത്തിന്റെ പ്രഖ്യാപനം. തിരുവല്ല-പത്തനംതിട്ട റോഡില്‍ പഴയ കോഴഞ്ചേരി പാലത്തിന്റെ വലതുഭാഗത്താണ് പുതിയ പാലം നിര്‍മിക്കുന്നത്. പ്രഖ്യാപനത്തിന് പിന്നാലെ പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി. സുധാകരന് ശിലാസ്ഥാപനം നിര്‍വഹിച്ചു. വർഷങ്ങൾ കഴിയുമ്പോൾ തുരുമ്പെടുത്തു നിൽക്കുന്ന കമ്പി തൂണുകൾ മാത്രമാണ് ഇപ്പോൾ കാണാൻ കഴിയുന്നത്.
207.2 മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലുമുള്ള ഇരുവശത്തും നടപ്പാതയും പുതിയ പാലത്തിനൊപ്പം അറിയിച്ചിരുന്നു. കിഫ്ബിയില്‍നിന്ന് 19.69 കോടി രൂപ ചെലവഴിച്ചാണ് പുതിയ പാലം. രണ്ട് വര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. തോട്ടപ്പുഴശ്ശേരി ഭാഗത്ത് 344 മീറ്ററിലും കോഴഞ്ചേരി ഭാഗത്ത് 90 മീറ്ററിലുമാണ് അപ്രോച്ച് റോഡുകള്‍ നിര്‍മിക്കുക.
സെഗൂറ ഫൗണ്ടേഷന് ആന്‍ഡ് സ്ട്രക്ചറല്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് കരാര്‍ ഏറ്റെടുത്തിരുന്നത്. ഇവർ പണി നിർത്തിപ്പോയതോടെ പിന്നീട് പലരും നോക്കിയെങ്കിലും ഒന്നുമായില്ല. പാലം പണി തടസ്സപ്പെട്ടതോടെ ആറന്മുള പള്ളിയോടങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത അവസ്ഥയുമുണ്ട്. അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുക്കുന്നതിലെ കാലതാമസമാണ് പാലത്തിന് കുരുക്കായത്. പരിഹാരമുണ്ടാക്കാൻ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടാകുന്നുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

