കലിതുള്ളി കാട്ടാന; ഞള്ളൂരിൽ ഉറക്കമില്ലാതെ കുടുംബങ്ങൾ
text_fieldsകഴിഞ്ഞ ദിവസം അതുമ്പുംകുളത്ത് എത്തിയ കാട്ടാനകൾ
കോന്നി: കാടിറങ്ങി എത്തുന്ന കാട്ടാനക്കൂട്ടം മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാഴ്ചയാണ് കോന്നി ഗ്രാമ പഞ്ചായത്തിലെ അതുമ്പുംകുളം, ഞള്ളൂർ പ്രദേശങ്ങളിൽ കാണുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കാട്ടാനക്കൂട്ടം ജിനേഷ് ഭവൻ കമലന്‍റെ കാർഷിക വിളകൾ വ്യാപകമായി നശിപ്പിച്ചത്. വീടിന് സമീപം 50 മീറ്റർ അകലത്തിൽ ആണ് കാട്ടാന കൂട്ടം എത്തിയത്. അടുത്തകാലത്തായി നാല് തവണയാണ് കാട്ടാന ഇറങ്ങിയത്. രാത്രിയിൽ വീട്ടുകാർ ഉറങ്ങിയാൽ ആനക്കൂട്ടം വീട് തകർക്കുമെന്ന അവസ്ഥ. പലരും ബന്ധുവീടുകളിലേക്ക് മാറി താമസിക്കുന്ന അവസ്ഥയാണ് ഇപ്പോൾ.
ഉത്തരകുമരംപേരൂർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന ആവോലിക്കുഴി, വരിക്കാഞ്ഞിലി, ഞള്ളൂർ മേഖലയിൽ കാട്ടാനശല്യം വർധിച്ചിരിക്കുകയാണ്. അടുത്തകാലത്താണ് കാട്ടാനകൾ ഈ ഭാഗത്ത് നാശം വിതക്കാൻ തുടങ്ങിയതെന്ന് പ്രദേശവാസികൾ പറയുന്നു. അതുമ്പുംകുളം ആയുർവേദ ആശുപത്രിക്ക് സമീപവും പ്രൈമറി ഹെൽത്ത് സെന്ററിന്റെ സമീപവും കഴിഞ്ഞ ദിവസം കാട്ടാനകൾ എത്തി.
വനപാലകർ എത്തി പടക്കം പൊട്ടിച്ച് ഓടിച്ചു കാടുകയറ്റി വിട്ടാലും മണിക്കൂറുകൾക്ക് അകം ആനകൾ തിരികെ ജനവാസമേഖലയിൽ എത്തും. ചെങ്ങറ സമര ഭൂമിയിൽ കഴിയുന്ന ആളുകളും കാട്ടാന ആക്രമണം ഭയന്നാണ് രാത്രി തള്ളി നീക്കുന്നത്. റാന്നി വനം ഡിവിഷനിലെ വടശേരിക്കര റേഞ്ചിൽപെട്ട വന മേഖലയും ഹാരിസൺ മലയാളം പ്ലാന്റേഷന്‍റെ കുമ്പഴ തോട്ടവും ഈ ജനവാസ മേഖലക്ക് സമീപമാണ്. ഇവിടത്തെ വന മേഖലയിൽനിന്ന് വാപ്പില തോട് കടന്നാണ് കാട്ടാനകൾ ജനവാസ മേഖലയിൽ എത്തുന്നത്.
വർഷങ്ങൾക്ക് മുമ്പ് ഇവിടത്തെ വനാതിർത്തികളിൽ സൗരോർജ വേലികൾ സ്ഥാപിച്ചു എങ്കിലും ഇവ പ്രവർത്തന ക്ഷമമല്ല. കാട് കയറി നശിച്ച സൗരോർജ വേലികളും വന്യജീവി ശല്യം രൂക്ഷമാക്കുന്നുണ്ട്.
കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുമ്പാണ് മുൻ ഗ്രാമപഞ്ചായത്ത് അംഗം ബിജി മാടമ്പിലിന്‍റെ വീടിന് സമീപവും ഇതിന് ശേഷം ഫോറെസ്റ്റേഷന് സമീപമുള്ള വീടിന് അടുത്തും കാട്ടാന എത്തി കൃഷി നശിപ്പിച്ചത്. കാട്ടാനകൾ പ്രധാന റോഡായ കോന്നി തണ്ണിത്തോട് റോഡിലേക്ക് കടന്നുകയറിയാൽ ജന ജീവിതം കൂടുതൽ ദുസ്സഹമാകുമെന്ന് ഉറപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

