കുളത്തുമണ്ണിലും എലിമുള്ളിലും വീണ്ടും കാട്ടാനയിറങ്ങി
text_fieldsകുളത്തുമണ്ണിൽ കാട്ടാന ആന കൃഷി നശിപ്പിച്ചനിലയിൽ
കോന്നി: തണ്ണിത്തോട് പഞ്ചായത്തിലെ എലിമുള്ളുംപ്ലാക്കലിലും അരുവാപ്പുലം പഞ്ചായത്തിലെ കുളത്തുമണ്ണിലും വൻ നാശം വിതച്ച് കാട്ടാന. കുളത്തുമൺ ലേഖ ഭവനത്തിൽ രവീന്ദ്രൻ, മോടിയിൽ വീട്ടിൽ റോസമ്മ എന്നിവരുടെ വാഴയും തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ എലിമുള്ളുംപ്ലാക്കലിൽ മുരുപ്പേൽ വീട്ടിൽ രവീന്ദ്രന്റെ മൂന്ന് മൂട് റബർ, തെങ്ങ്, കൈത എന്നിവയും നശിപ്പിച്ചു.
കാട്ടാനക്കൂട്ടം കൃഷി സ്ഥലത്തെ കയ്യാലയും തകർത്തു. എലിമുള്ളുംപ്ലാക്കൽ ചാവരുപാണ്ടി ഭാഗത്ത് വർഷങ്ങളായി കാട്ടാനശല്യം രൂക്ഷമാണ്. പ്രദേശത്ത് സൗരോർജ വേലികൾ പലയിടത്തും കാര്യക്ഷമമല്ല.
എലിമുള്ളുംപ്ലാക്കലിന്റെ സമീപ പ്രദേശമായ കോന്നി പഞ്ചായത്തിലെ ആറാം വാർഡായ ആവോലിക്കുഴിയിലും സ്ഥിതി വ്യത്യസ്തമല്ല. തുടർച്ചയായ കാട്ടാനശല്യം മൂലം വലയുകയാണ് കർഷകർ.
കുളത്തുമൺ, കല്ലേലി പ്രദേശങ്ങളിൽ വർധിച്ചുവരുന്ന കാട്ടാന ശല്യത്തിനും പരിഹാരം കാണാനും വനം വകുപ്പിന് സാധിക്കുന്നില്ല. ആനകൾ ഇറങ്ങുന്ന സ്ഥലം കണ്ടെത്തി ഇറങ്ങുന്ന സ്ഥലങ്ങളിലേക്ക് തന്നെ ആനകളെ അവിടേക്ക് തന്നെ തുരത്താനാണ് വനപാലകർ ലക്ഷ്യമിടുന്നത്. കല്ലേലി റോഡിലും തണ്ണിത്തോട് റോഡിലും കാട്ടാന ശല്യം രൂക്ഷമാണ്.
കല്ലേലി റോഡിൽ നിരവധി ആളുകൾ കാട്ടാനയുടെ ആക്രമണത്തിൽനിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. കല്ലേലിയിൽ കഴിഞ്ഞ കുറച്ചു കാലങ്ങളായി നടക്കുന്ന കൈതച്ചക്ക കൃഷി കാട്ടാനകളെ നാട്ടിലേക്ക് ആകർഷിക്കുന്നതായാണ് വനപാലകർ പറയുന്നത്. കഴിഞ്ഞ ദിവസവും തണ്ണിത്തോട് റോഡിൽ ഇലവുങ്കൽ തോടിന് സമീപം കാട്ടാന ഇറങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

