കാടിറങ്ങി നാശംവിതച്ച് വന്യമൃഗങ്ങൾ
text_fieldsകോന്നി: മലയോര മേഖലയിൽ ഇടക്ക് പെയ്ത മഴ ചൂടിന് ആശ്വാസം പകർന്നെങ്കിലും വനത്തിനുള്ളിലെ അരുവികളും തോടുകളും നിറയാത്തതിനാൽ കാട്ടുമൃഗങ്ങൾ കാടിറങ്ങി നാട്ടിലെത്തുന്നത് പതിവാകുന്നു.
കോന്നി തണ്ണിത്തോട് റോഡിൽ പേരുവാലി ഭാഗത്താണ് കാട്ടാന ഉൾപ്പെടെയുള്ള മൃഗങ്ങൾ ദാഹമകറ്റാൻ നാട്ടിലെത്തുന്നത്. കഴിഞ്ഞ ദിവസവും ആനകൾ കൂട്ടത്തോടെ പേരുവാലിയിൽ കല്ലാറ്റിൽനിന്ന് വെള്ളം കുടിക്കാൻ എത്തിയിരുന്നു.
റോഡിൽ പല സ്ഥലങ്ങളിലും തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് തെരുവുവിളക്കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും ഇവ തെളിയാത്തതിനാൽ റോഡിലിറങ്ങിനിൽക്കുന്ന ആന ഉൾപ്പെടെയുള്ള മൃഗങ്ങളെ വാഹനങ്ങൾ ഇടിക്കാനുള്ള സാധ്യതയും ഏറെയാണ്.
ആന, കുരങ്ങ്, മലയണ്ണാൻ, കാട്ടുകോഴി, ഉടുമ്പ്, പെരുമ്പാമ്പ് തുടങ്ങിയ വന്യജീവികളാണ് റോഡ് മുറിച്ചുകടക്കുന്നത്. റോഡിൽ ഇറങ്ങുന്ന ആനക്കൂട്ടം പലപ്പോഴും മണിക്കൂറുകളോളം ഗതാഗതതടസ്സം സൃഷ്ടിക്കുന്നുമുണ്ട്. കല്ലാറ്റിൽ കുടിനീരിനായി ഇറങ്ങുന്ന ആനകൾ നദിയിൽ ഏറെസമയം ചെലവഴിച്ചാണ് തിരികെ മടങ്ങുക. വന്യമൃഗങ്ങൾ റോഡ് മുറിച്ചുകിടക്കുന്നതിനാൽ അപകടം സംഭവിക്കാതിരിക്കാൻ തണ്ണിത്തോട് റോഡിൽ വനപാലകർ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.