വാഹനങ്ങളിലെ ബാറ്ററി മോഷ്ടാക്കൾ പിടിയിൽ
text_fieldsകോന്നി : വാഹനത്തിൽനിന്നും ബാറ്ററി മോഷ്ടിച്ച് വിറ്റ സംഭവത്തിൽ രണ്ട് യുവാക്കളെ കൂടൽ പൊലീസ് പിടികൂടി. കൂടൽ മിച്ചഭൂമി സ്വദേശി ബാബു വിലാസം ശ്രീരാഗ് (26),പോത്തുപാറ കാരമണ്ണിൽ വീട്ടിൽ സബിനേഷ് (18) എന്നിവരാണ് അറസ്റ്റിലായത്. കൂടൽ കടവന്നൂർ സന്തോഷ് വിലാസത്തിൽ സന്തോഷിന്റെ പരാതിയിൽ പ്രതികളെ മണിക്കൂറുകൾക്കകം പിടികൂടിയത്. വ്യാഴാഴ്ച രാത്രി പത്ത് മണിക്ക് ശേഷവും വെള്ളിയാഴ്ച രാവിലെ ആറുമണിക്ക് ഇടയിലുമായാണ് മോഷണം നടന്നത്.
സന്തോഷിന്റെ സഹോദരിയുടെ മകന്റെ ഗുഡ്സ് ഓട്ടോയിലെ 8000 രൂപ വില വരുന്ന ബാറ്ററിയാണ് മോഷ്ടിച്ചത്. പഴക്കച്ചവടത്തിന് ഉപയോഗിക്കുന്ന വാഹനം കുറച്ച് നാളായി സന്തോഷിന്റെ വീട്ടുമുറ്റത്താണ് സൂക്ഷിച്ചിരുന്നത്. എന്നാൽ, സന്തോഷിന്റെ വീടിന്റെ മതിൽ നിർമാണത്തെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ തൊട്ടടുത്ത വീടിന്റെ മുറ്റത്തേക്ക് വാഹനം മാറ്റിയിരുന്നു.
ബാറ്ററി നഷ്ടപെട്ട അന്വേഷണത്തിൽ കൂടൽ മിച്ച ഭൂമിയിൽ താമസിക്കുന്ന നാല് പേർ ഇവിടെ എത്തിയിരുന്നതായി വ്യക്തമായി. തുടർന്ന് സന്തോഷ് കൂടൽ െപാലീസിൽ പരാതി നൽകുകയായിരുന്നു. കലഞ്ഞൂരിലെ കടയിൽ 800 രൂപക്ക് വിറ്റ ബാറ്ററി കണ്ടെത്തിയിട്ടുണ്ട്. കൂടൽ എസ്. ഐ ഷെമിമോളുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

