കോന്നിയിൽ ടൂറിസം വിപുലീകരണത്തിന് പദ്ധതി
text_fieldsകോന്നി: അടവി, കോന്നി, കലഞ്ഞൂര്‍ എന്നിവിടങ്ങളില്‍ ടൂറിസം വിപുലീകരണത്തിനു പദ്ധതികളുമായി കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ. അടവി, കോന്നി ടൂറിസം കേന്ദ്രങ്ങളുടെ വിപുലീകരണത്തിനും കലഞ്ഞൂരില്‍ ടൂറിസം പ്രവര്‍ത്തനം ആരംഭിക്കുന്നതിനും എം.എൽ.എ. നേരിട്ടെത്തി സ്ഥലപരിശോധന നടത്തി.
അടവിയില്‍ കുട്ടവഞ്ചി സവാരിയാണ് പ്രധാന ആകര്‍ഷണം. എന്നാല്‍, അടവിയിലെത്തുന്ന സഞ്ചാരികളില്‍ 75 ശതമാനം മാത്രമാണ് കുട്ടവഞ്ചി സവാരി നടത്തുന്നത്. കുട്ടികളും മുതിര്‍ന്ന പൗരന്മാരും അടക്കം 25 ശതമാനം സഞ്ചാരികള്‍ പ്രകൃതി ഭംഗി ആസ്വദിച്ച് പോകുകയാണ് ചെയ്യുന്നത്.
ഇവര്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന കൂടുതല്‍ സംവിധാനങ്ങള്‍ അടവിയില്‍ ഒരുക്കുന്നതിനാണ് എം.എല്‍.എ ലക്ഷ്യം വയ്ക്കുന്നത്. കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെ കുട്ടികളുടെ പാര്‍ക്ക് നവീകരിക്കും. കൂടുതല്‍ ഉപകരണങ്ങള്‍ സ്ഥാപിച്ചും ടൂറിസം കേന്ദ്രം ആകര്‍ഷകമാക്കി മാറ്റിയും കോന്നിയിലേക്ക് ഈ അവധിക്കാലത്ത് കൂടുതല്‍ സഞ്ചാരികളെ എത്തിക്കുകയാണു ലക്ഷ്യം.
കലഞ്ഞൂര്‍ വാഴപ്പാറ നഗരവാടിക പദ്ധതി പ്രദേശത്ത് ടൂറിസം പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ സാധ്യതകൾ എം.എല്‍.എ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേഷിനൊപ്പം പരിശോധിച്ചു. വൈകുന്നേരങ്ങളില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉല്ലസിക്കുന്നതിലും വിശ്രമിക്കുന്നതിനും കഴിയുന്ന കേന്ദ്രമായി നഗര്‍വാടിക പദ്ധതി പ്രദേശം മാറ്റാനാണു പദ്ധതിയിടുന്നത്.
മൂന്നു കേന്ദ്രങ്ങളില്‍ നടന്ന പരിശോധനയുടെ അടിസ്ഥാനത്തില്‍ ടൂറിസം വികസനം അടിയന്തരമായി ഏറ്റെടുത്ത് നടപ്പിലാക്കുമെന്ന് എം.എൽ.എ പറഞ്ഞു. പദ്ധതി ചര്‍ച്ച ചെയ്തു തീരുമാനിക്കാന്‍ ബന്ധപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നാളെ പ്രത്യേക യോഗം ചേരുമെന്നും എം.എല്‍.എ പറഞ്ഞു. കോന്നി ഡി.എഫ്.ഒ ആയുഷ് കുമാര്‍ കോറി, മറ്റ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ എം.എൽ.എക്കൊപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

