കാട്ടാന ആക്രമണം രൂക്ഷം; കല്ലേലി, കുളത്തുമൺ പ്രദേശങ്ങളിൽ അമിക്കസ് ക്യൂറി സന്ദർശനം നടത്തി
text_fieldsകാട്ടാന ആക്രമണം രൂക്ഷമായ കല്ലേലി, കുളത്തുമൺ പ്രദേശങ്ങളിൽ
ഹൈകോടതി നിയോഗിച്ച അമിക്കസ് ക്യൂറി തെളിവെടുപ്പ് നടത്തുന്നു
കോന്നി: കാട്ടാന ആക്രമണം രൂക്ഷമായ കല്ലേലി, കുളത്തുമൺ പ്രദേശങ്ങളിൽ ഹൈകോടതി നിയോഗിച്ച അമിക്കസ്ക്യൂറി തെളിവെടുപ്പ് നടത്തി. അമിക്കസ്ക്യൂറി അംഗങ്ങളായ അഡ്വ. എം.പി മാധവൻ കുട്ടി, അഡ്വ. ലിജി വടക്കേടത്ത് എന്നിവരാണ് തെളിവെടുപ്പ് നടത്തിയത്.
രാവിലെ 10.30ഓടെ സ്ഥലതെത്തിയ സംഘം കുളത്തുമൺ, താമരപ്പള്ളി, കല്ലേലി തുടങ്ങി കാട്ടാനശല്യം രൂക്ഷമായ പ്രദേശങ്ങളിൽ സന്ദർശനം നടത്തുകയും കാട്ടാന ശല്യം തടയുന്നതിന് സ്വീകരിക്കാവുന്ന നടപടികൾ സംബന്ധിച്ച് പ്രദേശവാസികളിൽ നിന്നും അഭിപ്രായം തേടുകയും ചെയ്തു. കുമ്മണ്ണൂർ ഭാഗത്ത് നിന്നും അച്ചൻകോവിൽ നദി കടന്നും കടിയാർ വന ഭാഗത്ത് നിന്നും കാട്ടാനകൾ കൂട്ടമായി കല്ലേലി അടക്കമുള്ള ജനവാസമേഖലയിലേക്ക് കടന്നുവരുന്നത് പതിവാകുകയാണെന്നും ഇതിന് അടിയന്തര നടപടി ഉണ്ടായെങ്കിൽ മാത്രമേ കാട്ടാന ശല്യത്തിന് പരിഹാരം കാണാൻ കഴിയുകയുള്ളൂവെന്നും സമര സമിതി പ്രവർത്തകരും ജനപ്രതിനിധികളും അമിക്സ് ക്യൂറിയോട് ആവശ്യപെട്ടു.
വനാതിർത്തികളിൽ വലിയ കിടങ്ങ് എടുത്തെങ്കിൽ മാത്രമേ കാട്ടാന ശല്യത്തിന് പരിഹാരം കാണാൻ കഴിയുകയുള്ളൂവെന്നും ഇവർ ചൂണ്ടിക്കാട്ടി. പ്ലാന്റേഷൻ ഭാഗത്ത് കിടങ്ങ് എടുത്താൽ അത് തൊഴിലാളികൾക്ക് മാത്രമേ സംരക്ഷണം നൽകുകയുള്ളൂ വെന്നും ഇതിനാൽ ജനങ്ങൾക്ക് കൂടി ഉപകാരപ്രദമായ പദ്ധതികൾ ആവിഷ്കരിക്കണമെനനും അമിക്കസ്ക്യൂറി അഭിപ്രായപെട്ടു. ജനകീയ സമതി അംഗങ്ങൾ, വനംവകുപ്പ് അംഗങ്ങൾ, ജന പ്രതിനിധികൾ എന്നിവരുടെ അഭിപ്രായങ്ങൾ വിശദമായി കേട്ട് ഇവയെല്ലാം രേഖപെടുത്തിയ ശേഷമാണ് സംഘം മടങ്ങിയത്. വിശദമായ റിപ്പോർട്ട് ഹൈകോടതിയിൽ സമർപ്പിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കും അധികൃതർ പറഞ്ഞു.
കോന്നി ഡി.എഫ്.ഓ ആയുഷ്കുമാർ കോറി ഐ.എഫ്.എസ്, നടുവത്തുമൂഴി റെയ്ഞ്ച് ഓഫീസർ അരുൺ, ജില്ല പഞ്ചായത്ത് അംഗം എസ്. സന്തോഷ് കുമാർ, അരുവാപുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഷ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സി.വി ശാന്തകുമാർ, ജിജ, സമര സമിതി പ്രസിഡന്റ് അമ്പിളി വർഗീസ്, സെക്രട്ടറി ജയിംസ് എന്നിവർ ഒപ്പമുണ്ടായിരുന്നു. സംയുക്ത ജനകീയ സമിതി സമർപ്പിച്ച പൊതുതാൽപര്യ ഹരജിയുടെ അടിസ്ഥാനത്തിലാണ് അമിക്കസ്ക്യൂറിയെ തെളിവെടുപ്പിനായി ഹൈകോടതി നിയോഗിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

