കോന്നിയിൽ തെരുവ് നായ് ശല്യം രൂക്ഷം
text_fieldsകോന്നി : നഗരത്തിൽ തെരുവ് നായ് ശല്യം രൂക്ഷമാകുന്നു. കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, കോന്നി നാരായണപുരം ചന്ത, ടാക്സി സ്റ്റാൻഡ് തുടങ്ങിയ ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് ശല്യം വർധിച്ചത്. കോന്നി നഗരത്തിൽ രാത്രിയിലും പുലർച്ചെയും ബസ് കാത്തു നിൽക്കുന്നവർക്കും പുലർച്ച നടക്കാൻ ഇറങ്ങുന്നവർക്കും ഇത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
റോഡരികിൽ വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങളും മാലിന്യങ്ങളും തെരുവ് നായ്ക്കൾ വളരുന്നതിന് അനുകൂല സാഹചര്യം ഒരുക്കുന്നുണ്ട്. കോന്നി കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിങ് സ്റ്റേഷൻ കേന്ദ്രീകരിച്ചാണ് ശല്യം വർധിച്ചിരിക്കുന്നത്.
റോഡിൽ കൂട്ടമായിറങ്ങുന്ന നായ്ക്കൾ ഇരുചക്ര വാഹനയാത്രക്കാർക്ക് പുറകെ കൂട്ടത്തോടെ ഓടുന്നത് കോന്നിയിൽ സ്ഥിരം കാഴ്ചയാണിപ്പോൾ. കോന്നിയിലെ ആളൊഴിഞ്ഞ കെട്ടിടങ്ങളുടെ അടിഭാഗമാണ് ഇവറ്റകളുടെ സ്ഥിരം താവളം.
മുമ്പും കോന്നി നഗരത്തിൽ ആളുകൾക്ക് തെരുവ് നായുടെ കടിയേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം കോന്നി നഗരത്തിൽ ബസ് കാത്തുനിന്ന പ്രവാസിക്ക് നേരെയും തെരുവ് നായ്ക്കളുടെ ആക്രമണം ഉണ്ടായി. അംഗ വൈകല്യം വന്നവയും പരിക്കേറ്റ നായ്ക്കളും ഈ കൂട്ടത്തിലുണ്ട്. തെരുവ് നായ് ശല്യം കുറക്കാൻ ബന്ധപ്പെട്ടവരുടെ അടിയന്തിര ഇടപെടൽ ആവശ്യമാണ്.

