കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സ്റ്റേഷനിൽ സ്വകാര്യ ബസുകൾ അപകടം സൃഷ്ടിക്കുന്നു
text_fieldsകോന്നി കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സെൻററിൽ സ്വകാര്യ ബസുകൾ അപകടകരമായ രീതിയിൽ തിരിക്കുന്നു
കോന്നി: കോന്നി കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സ്റ്റേഷനിൽ സ്വകാര്യ ബസുകൾ കയറ്റി തിരിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു. പുനലൂർ-മൂവാറ്റുപുഴ പാതയുടെ നിർമാണം നടക്കുന്നതിനാൽ വാഹനങ്ങൾ കുമ്പഴ ഭാഗത്ത് കൂടിയാണ് പത്തനംതിട്ടക്ക് തിരിച്ചുവിടുന്നത്. ഇതിനാൽ കോന്നി പൊലീസ് സ്റ്റേഷൻ റോഡിൽ വലിയ തിരക്കാണ്. കോന്നി-പുനലൂർ റൂട്ടിലും കോന്നി-തണ്ണിത്തോട് റോഡിലും സഞ്ചരിക്കുന്ന ബസുകൾ കോന്നി കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സ്റ്റേഷനിൽ കയറ്റിയാണ് തിരിക്കുന്നത്.
ബസുകൾ വേഗത്തിൽ തിരിക്കുന്നതുമൂലം പിന്നിലേക്ക് എടുക്കുന്ന ബസുകൾ മറ്റ് വാഹനങ്ങളിൽ തട്ടുന്നതും പതിവായി മാറി. മാത്രമല്ല കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സ്റ്റേഷനിൽ ബസുകൾ തിരിയുന്ന സ്ഥലങ്ങളിൽ ബസുകളുടെ യന്ത്രഭാഗങ്ങൾ കൂട്ടി ഇട്ടിരിക്കുന്നതിനാൽ ബസുകൾക്ക് തിരിയുന്നതിനും അസൗകര്യമുണ്ട്.
ബന്ധപ്പെട്ട അധികൃതർ ഈ വിഷയത്തിൽ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. നിലവിൽ കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ പ്രവേശന കവാടത്തിൽകൂടി തിരിഞ്ഞ് പുനലൂർ-പത്തനംതിട്ട ഭാഗത്തേക്ക് അപകടങ്ങൾ ഉണ്ടാകാതെ ബസുകൾക്ക് തിരിഞ്ഞുപോകാൻ സാധിക്കും.
എന്നാൽ, കെ.എസ്.ആർ.ടി.സി കോന്നി ഡിപ്പോ അധികൃതർ പ്രവേശന കവാടം ബസുകളുടെ വീൽ ഡിസ്കുകൾ നിരത്തിെവച്ചും ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ പാർക്ക് ചെയ്ത് വഴി തടസ്സപ്പെടുത്തിയിരിക്കുന്നത് മൂലം വലിയ അപകട സാധ്യതയുണ്ട്.

