വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ച സംഭവത്തിൽ ഉടമ അറസ്റ്റിൽ
text_fieldsഅനൂപ്
കോന്നി: കോന്നി പൂവൻപാറ പെട്രോൾ പമ്പിന് സമീപം വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ച സംഭവത്തിൽ ഇടിച്ച വാഹനം കണ്ടെത്തി ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി 11 മണിക്കാണ് അജ്ഞാത വാഹനമിടിച്ച് കോന്നി പൂവൻപാറ കൈതവന വീട്ടിൽ രാജു എന്ന് വിളിക്കുന്ന മാത്യു വർഗീസ്(46) മരിച്ചത്.
ഇടിച്ച വാഹനം നിർത്താതെ പോവുകയും തുടർന്ന് നാട്ടുകാർ ചേർന്ന് മാത്യു വർഗീസിനെ കോന്നി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. അപകടത്തിൽ മുഖം തകർന്നു പോയിരുന്നതിനാൽ ആളെ തിരിച്ചറിയുന്നതിനും ബുദ്ധിമുട്ടി.
കേസെടുത്ത കോന്നി പൊലീസ് ഉടൻതന്നെ അന്വേഷണം ആരംഭിച്ചു. എങ്കിലും അപകടം നടന്ന സ്ഥലത്ത് സി.സി.ടി.വി ക്യാമറകൾ ഇല്ലാതിരുന്നത് പ്രതികൂലമായി ബാധിച്ചു. തുടർന്ന് സംഭവസ്ഥലവും പരിസരവും സൂക്ഷ്മമായി പരിശോധിച്ച അന്വേഷണ സംഘത്തിന് ഇടിച്ചിട്ട വാഹനത്തിന്റേത് എന്ന് സംശയിക്കുന്ന വളരെ ചെറിയ ഒരു പ്ലാസ്റ്റിക് ഭാഗം ലഭിച്ചു. അത് ഒരു i 20 വാഹനത്തിന്റെതാണ് എന്ന് മനസ്സിലാക്കിയ അന്വേഷണസംഘം സമീപപ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് അപകടമുണ്ടാക്കിയ വാഹനത്തിലേക്ക് എത്തിച്ചേരുകയായിരുന്നു. ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് ഒടുവിൽ മൂവാറ്റുപുഴയിൽ നിന്ന് വാഹനം കസ്റ്റഡിയിലെടുത്തു.
വാഹനം ഓടിച്ച പുനലൂർ ആയിരനല്ലൂർ സ്വദേശി മണലിൽ എരണൂർ കരിക്കം എന്ന സ്ഥലത്ത് കൃഷ്ണ വിലാസം വീട്ടിൽ അനൂപിനെ (32) അറസ്റ്റ് ചെയ്തു. ഇൻസ്പെക്ടർ എസ്.എച്ച്.ഒ ബി. രാജഗോപാലിന്റെ നേതൃത്വത്തിൽ ഡിക്രൂസ്, പ്രമോദ് ,ജോമോൻ, സൈഫുദ്ദീൻ, അഖിൽ കൃഷ്ണൻ , നഹാസ് എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെയും വാഹനവും കസ്റ്റഡിയിലെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

