കോന്നി മെഡിക്കൽ കോളജ് ജനറേറ്റർ റൂമിൽ വൻ തീപിടിത്തം, ജീവനക്കാരും രോഗികളും പരിഭ്രാന്തരായി
text_fieldsകോന്നി മെഡിക്കൽ കോളജിലെ തീപിടിത്തമുണ്ടായ ജനറേറ്റർ മുറി
കോന്നി: മെഡിക്കൽ കോളജ് ജനറേറ്റർ മുറിയിൽ വൻ തീപിടിത്തം. അപകടം ഒഴിവായത് തലനാരിഴക്ക്. ബുധനാഴ്ച ഉച്ചക്ക് 2.30 ഓടെ ആയിരുന്നു സംഭവം. തുടർന്ന് മെഡിക്കൽ കോളജിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന പീഡിയാട്രിക് വാർഡിലേക്ക് കറുത്ത പുക പടർന്നു.
ഇതോടെ ജീവനക്കാരും രോഗികളും പരിഭ്രാന്തരായി. കുട്ടികളുടെ വാർഡിൽ നാലുപേർ ചികിത്സയിൽ കഴിഞ്ഞിരുന്നു. ഇവരെ ഞൊടിയിടയിൽ പുറത്തെത്തിച്ചു. പിന്നാലെ, ആശുപത്രി അധികൃതരും മെഡിക്കൽ കോളജ് വിദ്യാർഥികളും സുരക്ഷ ജീവനക്കാരും ചേർന്ന് എല്ലാവരെയും പുറത്തിറക്കി.
മെഡിക്കൽ കോളജ് ഫിസിക്കൽ മെയ്ന്റനൻസ് വിഭാഗം ഇടപെട്ടാണ് തീ അണക്കാൻ ശ്രമം നടത്തിയത്. ആശുപത്രി കെട്ടിടത്തിൽ ഉണ്ടായിരുന്ന അറുപതോളം അഗ്നിശമനികൾ ഉപയോഗിച്ച് അണക്കാൻ ശ്രമിച്ചെങ്കിലും തീ പൂർണമായി കെടുത്താനായില്ല. പിന്നീട്, കോന്നി പത്തനംതിട്ട അഗ്നിരക്ഷാ സേന എത്തിയാണ് തീ നിയന്ത്രിച്ചത്. ജനറേറ്ററിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് കണ്ടെത്തൽ. നാശനഷ്ടം കണക്കാക്കിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

