കോന്നിയുടെ സ്വന്തം സ്വാതി ഇനി കണ്ണൂർ സബ് കലക്ടർ
text_fieldsകോന്നി: തണ്ണിത്തോട് മേടപ്പാറ നൂറനാട് (തറയിൽ പടിഞ്ഞാറ്റതിൽ) ശശി-സിന്ധു ദമ്പതികളുടെ മകൾ സ്വാതി കണ്ണൂർ അസി. കലക്ടറായി ചുമതലയേറ്റപ്പോൾ മലയോരനാടും അഭിമാനത്തിലാണ്. ഏഴാംക്ലാസ് വരെ തണ്ണിത്തോട് സെന്റ് ആന്റണിസിലും എട്ടു മുതൽ 12 വരെ കോന്നി ശ്രീനാരായണ പബ്ലിക് സ്കൂളിലുമായിരുന്നു സ്വാതിയുടെ സ്കൂൾ ജീവിതം. കരുനാഗപ്പള്ളി കോളജ് ഓഫ് എൻജിനീയറിങ്ങിൽനിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ബി.ടെക് നേടിയതിന് ശേഷമായിരുന്നു സിവിൽ സർവിസ് പഠനം.
കോന്നി ശ്രീനാരായണ പബ്ലിക് സ്കൂളിലെ സ്കൂൾ ടോപ്പറായിരുന്നു സ്വാതി. സ്കൂൾ ടോപ്പറായപ്പോൾ ബുട്ട വിമല ആദിത്യ എന്ന ഐ.പി.എസ് ഓഫിസറിൽനിന്നാണ് സമ്മാനം വാങ്ങിയത്. അവരുടെ പ്രസംഗം സിവിൽ സർവിസ് സ്വപ്നങ്ങൾ പകർന്നുനൽകിയതായി സ്വാതി പറഞ്ഞു. എൻജിനീയറിങ്ങിന് പഠിക്കുമ്പോൾ പ്രേംനാഥ് എന്ന അധ്യാപകനും പ്രേരണയായി. 2024ൽ ആദ്യശ്രമത്തിൽ ഐ.ആർ.എസ് ലഭിച്ചെങ്കിലും സിവിൽ സർവിസ് മോഹം പൂവണിഞ്ഞത് 2025ലാണ്. തിരുവനന്തപുരത്തെ ഫോർച്യൂൺ ഐ.എ.എസ് അക്കാദമിയിലായിരുന്നു പരിശീലനം.
സ്വാതിയുടെ പഠനവും മലയോര മേഖലയിൽ നിന്ന് യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടും കാരണം കുടുംബം കോന്നി ചേരിമുക്കിലേക്ക് താമസം മാറിയിരുന്നു. ഇപ്പോൾ അവിടെയാണ് താമസം. പിതാവ് ശശി കർഷകനാണ്. ഏക സഹോദരൻ അനന്തകൃഷ്ണൻ മർച്ചന്റെ നേവിയിൽ യു.എസിൽ എൻജിനീയറാണ്. എസ്.എൻ.ഡി.പി യോഗം വെള്ളപ്പാറ ശാഖ അംഗങ്ങളാണ് കുടുംബം. തണ്ണിത്തോട് പഞ്ചായത്ത് ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ എടുത്തു വായിക്കുന്ന ശീലം സ്വാതിക്ക് ചെറുപ്പത്തിലെ ഉണ്ടായിരുന്നു. ലൈബ്രേറിയൻ രാധാകൃഷ്ണന്റെ സഹായവും ഗുണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

