കോന്നി ടൂറിസം ഗ്രാമം: പദ്ധതി റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചു
text_fieldsകോന്നി ടൂറിസം ഗ്രാമ പദ്ധതി റിപ്പോർട്ട് ജനീഷ് കുമാർ എം.എൽ.എ. ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന് സമർപ്പിക്കുന്നു
കോന്നി: കോന്നി ടൂറിസം ഗ്രാമം പദ്ധതി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസിന് അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ കൈമാറി. ഒരു പഞ്ചായത്തിൽ രണ്ടിൽ കുറയാത്ത ടൂറിസം പദ്ധതികൾ എന്ന സർക്കാർ നയത്തിന്‍റെ ചുവടുപിടിച്ചാണ് കോന്നി ടൂറിസം ഗ്രാമം പദ്ധതി നടപ്പാക്കുന്നത്.
വിവിധ സർക്കാർ വകുപ്പുകൾ, ഡി.ടി.പി.സി, ടൂറിസം സൊസൈറ്റി തുടങ്ങിയവ വഴി പൊതു-സ്വകാര്യ മൂലധനം മുടക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. പത്തുവർഷം കൊണ്ട് പൂർത്തീകരിക്കത്തക്ക നിലയിലുള്ള മാസ്റ്റർ പ്ലാനാണ് തയാറാക്കിയത്. 5000 പേർക്ക് തൊഴിൽ ലഭിക്കും.
കോന്നി പഞ്ചായത്ത് കടവ്, പ്രമാടം നെടുമ്പാറ, കൂടൽ രാക്ഷസൻ പാറ, സീതത്തോട് ടൂറിസം എന്നീ പദ്ധതികൾ ഡി.ടി.പി.സിയാണ് നടപ്പാക്കുന്നത്. ചിറ്റാറിൽ മൺപിലാവ് ട്രക്കിങ്, ചതുരകള്ളിപ്പാറ ടൂറിസം പദ്ധതി എന്നിവ നടപ്പാക്കും. തണ്ണിത്തോട്ടിൽ അടവി വികസന പദ്ധതിക്കൊപ്പം, മണ്ണീറ വെള്ളച്ചാട്ടത്തിലും ടൂറിസം പദ്ധതി നടപ്പാക്കും. കലക്ടർ, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാർ, ജില്ല പഞ്ചായത്ത് അംഗങ്ങൾ, മാധ്യമപ്രവർത്തകർ തുടങ്ങിയവർക്ക് മുമ്പാകെ കരട് നിർദേശങ്ങൾ സമർപ്പിക്കുകയും നിർദേശങ്ങൾ സംബന്ധിച്ച അഭിപ്രായ സ്വരൂപണം നടത്തിയുമാണ് പദ്ധതി തയാറാക്കിയത്. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജിജി സജി, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ ടി.വി. പുഷ്പവല്ലി, രേഷ്മ മറിയം റോയ്, എൻ. നവനിത്, അരുവാപ്പുലം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മണിയമ്മ രാമചന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ ഷാൻ ഹുസൈൻ, ഷീബ, സിന്ധു, സി.പി.എം കോന്നി ഏരിയ സെക്രട്ടറി ശ്യാം ലാൽ, ടൂറിസം അഡ്വൈസറി കമ്മിറ്റി അംഗങ്ങളായ രാജേഷ് ആക്ലെത്ത്, ബിയോജ് ചേന്നാട്ട് ബിനോജ് ചേന്നാട്ട് തുടങ്ങിയവർ പങ്കെടുത്തു.