മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് വിദ്യാർഥികളുടെ ആഘോഷം അതിരുവിട്ടു; വലഞ്ഞ് രോഗികൾ
text_fieldsകോന്നി മെഡിക്കൽ കോളജിലെ എം.ബി.ബി.എസ് വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന ഓണാഘോഷപരിപാടിയുടെ ഭാഗമായി അത്യാഹിത വിഭാഗത്തിന്റെ മുന്നിൽനിന്ന് തുറന്ന ജീപ്പിൽ മാവേലിയുമായി നടത്തിയ ഘോഷയാത്ര
കോന്നി: രോഗികളെ ബുദ്ധിമുട്ടിലാക്കി കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഓണാഘോഷം അതിരുവിട്ടു. എം.ബി.ബി.എസ് വിദ്യാർഥികളുടെ നേതൃത്വത്തിലായിരുന്നു വലിയ ശബ്ദഘോഷങ്ങളോടെ ആഘോഷം നടന്നത്. അത്യാഹിത വിഭാഗത്തിന്റെ മുമ്പിൽ ചെണ്ടമേളം അടക്കമുള്ളവയുമായി വിദ്യാർഥികൾ നിറഞ്ഞു. ഇത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചതായാണ് പരാതി.
ശനിയാഴ്ച രാവിലെ 11ഓടെയായിരുന്നു പരിപാടികൾ. അത്യാഹിത വിഭാഗത്തിന്റെ മുന്നിൽനിന്ന് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ തുറന്ന ജീപ്പിൽ മാവേലിയെ ആനയിച്ചു. തുടർന്ന് ഘോഷയാത്രയും നടന്നു. വലിയ ശബ്ദമുണ്ടാക്കുന്ന ബൈക്കുകളും വിദ്യാർഥികൾ എത്തിച്ചിരുന്നു. അത്യാഹിത വിഭാഗത്തിന് മുന്നിൽഏറെ നേരം നീണ്ടുനിന്നതായിരുന്നു ആഘോഷം. ഇതോടെ രോഗികളുടെ കൂട്ടിരിപ്പുകാർ പ്രതിഷേധവുമായി രംഗത്തെത്തി.
തുടർന്ന് ഔട്ട് പോസ്റ്റിലെ പൊലീസുകാരും സുരക്ഷ ഉദ്യോഗസ്ഥരും ചേർന്ന് വിദ്യാർഥികളോട് ഇവിടെ നിന്ന് മാറാൻ നിർദേശം നൽകി. പിന്നാലെ വലിയ ബഹളത്തോടെ വിദ്യാർഥികൾ ഒ.പി. വിഭാഗത്തിന് മുന്നിലെത്തി. ഇവിടെയും ‘ആഘോഷം’ ത ുടർന്നു. തുടർന്ന് സുരക്ഷാ ജീവനക്കാരും പൊലീസും ചേർന്ന് വിദ്യാർഥികളെ ഇവിടെ നിന്നും മാറ്റി. പിന്നീട് കാമ്പസിലേക്ക് പോവുകയായിരുന്നു. സുരക്ഷാ ജീവനക്കാരുടെ നിർദ്ദേശങ്ങൾ വിദ്യാർഥികൾ അനുസരിച്ചില്ലെന്ന് ആക്ഷേപമുണ്ട്.
പ്രതിഷേധം ഉയരുന്നു
ആശുപത്രിക്ക് മുന്നിൽ ഓണാഘോഷം നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രതിഷേധവും ഉയരുന്നുണ്ട്. കാമ്പസിൽ പാലിക്കേണ്ട മര്യാദകളും സർക്കാർ ഉത്തരവുകളും കാറ്റിൽ പറത്തിയാണ് കോന്നി മെഡിക്കൽ കോളജിൽ ഓണാഘോഷം സംഘടിപ്പിച്ചതെന്നും ആരോപണമുണ്ട്. അക്കാദമിക് ബ്ലോക്കിൽ ഓണപരിപാടികൾ സംഘടിപ്പിക്കാനാണ് വിദ്യാർഥികൾക്ക് അധികൃതർ അനുമതി നൽകിയത്.
ഹൃദ്രോഗം അടക്കം രോഗികളും വിവിധ അസുഖങ്ങൾക്കുള്ള ശസ്ത്രക്രിയകൾ കഴിഞ്ഞ രോഗികളും ഉള്ളതിനാൽ ശബ്ദങ്ങളും കോലാഹലങ്ങളും വലിയ ബുദ്ധിമുട്ടാണ് രോഗികൾക്ക് സമ്മാനിച്ചത്. സംഭവത്തിൽ വിദ്യാർഥികളോട് വിശദീകരണം ചോദിച്ചിരിക്കുകയാണ് കോന്നി മെഡിക്കൽ കോളേജ് അധികൃതർ. അതേസമയം, കോളജ് യൂണിയനും വിദ്യാർഥികളും പരാതി തള്ളി. ആർക്കും ബുദ്ധിമുട്ടുണ്ടാക്കിയില്ലെന്നാണ് ഇവരുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

