കുമ്പഴ തോട്ടത്തിൽ വേട്ട സംഘങ്ങൾ വിലസുന്നു
text_fieldsകോന്നി: ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കുമ്പഴ തോട്ടത്തിൽ വന്യമൃഗങ്ങളെ വേട്ടയാടുന്ന സംഘങ്ങൾ വിലസുന്നു. ഏഴു വർഷങ്ങളായി ഇവർ പ്രദേശത്ത് സജീവമാണത്രെ. രണ്ടുമാസമായി പുതുക്കുളത്തും സമപപ്രദേശങ്ങളിലും അർധരാത്രി വെടിയൊച്ചകൾ കേൾക്കുകയും വീടുകൾക്ക് സമീപം രക്തം കെട്ടിക്കിടക്കുന്നത് കാണുകയും ചെയ്തതോടെ പ്രദേശവാസികൾ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് വിലകൂടിയ ആഡംബര കാറുകളിൽ മൃഗങ്ങളെ വെടിവെച്ച് കടത്തിക്കൊണ്ടു പോകുന്നതായി മനസ്സിലായത്.
കഴിഞ്ഞദിവസം രാത്രി റബർ പ്ലാന്റേഷനിൽ കാട്ടുപന്നിയെ വെടിവെച്ചു കൊന്ന പാലാ പൊൻകുന്നം സ്വദേശികളായ നാലു പേരെ നാട്ടുകാർ തടഞ്ഞുവച്ചിരുന്നു. വെള്ളിയാഴ്ച പുലർച്ചെ കാട്ടുപന്നിയുടെ ജഡവും കണ്ടെത്തി.
ഇവരുടെ പേരിൽ വനം വകുപ്പ് കേസ് എടുത്തിട്ടുണ്ട്. ഇതിൽ രണ്ടു പേർ മലയാലപ്പുഴ പഞ്ചായത്തിലെ ലൈസൻസ് ഉള്ള ഷൂട്ടർമാർ ആയിരുന്നു. വനം വന്യജീവി വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിക്കാതെ പതിവായി ഇവർ കാട്ടുപന്നികളെ വെടിവെച്ചുകൊന്നു കടത്തിക്കൊണ്ടു പോകുന്നതായി നാട്ടുകാർ പറയുന്നു. ഇവരുടെ തോക്കും കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഹാരിസൺ മലയാളം പ്ലാന്റേഷന്റെ 1100 ഹെക്ടർ വരുന്ന കുമ്പഴത്തോട്ടം രാത്രി വിജനമാണ്.
റാന്നി, കോന്നി വനം ഡിവിഷനുകളിലെ വനമേഖലകൾ എസ്റ്റേറ്റുമായി അതിർത്തി പങ്കിടുന്നുണ്ട്. വനത്തിൽനിന്നു രാത്രി എസ്റ്റേറ്റിൽ പ്രവേശിക്കുന്ന കാട്ടുപന്നികൾ, മ്ലാവുകൾ, കേഴകൾ, കാട്ടുപോത്തുകൾ എന്നിവയെ പാലാ, പൊൻകുന്നം ഭാഗങ്ങളിൽ നിന്നുള്ള വേട്ടക്കാരുടെ പല സംഘങ്ങൾ വെടിവെച്ച് കൊല്ലുന്നതായും കാറിൽ കടത്തിക്കൊണ്ടുപോയി വിൽപന നടത്തുന്നതായും സൂചനയുണ്ട്. നാട്ടുകാരിൽ ചിലരുടെ പിന്തുണയും ഈ സംഘങ്ങൾക്ക് ലഭിക്കുന്നതായി പറയുന്നു. എസ്റ്റേറ്റിൽ മേയാൻ വിടുന്ന കന്നുകാലികളെയും ഇവർ വെടിവെച്ച് കൊന്നു കടത്തുന്നതായി പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

