സ്വയം 'മണിസൗധം' ഒരുക്കി വയോദമ്പതികൾ
text_fieldsവീടു നിർമാണത്തിലേർപ്പെട്ടിരിക്കുന്ന വിക്രമൻ പിള്ളയും
ഭാര്യ മണിയും
കോന്നി: കയ്യും മെയ്യും മറന്ന് കഠിനാധ്വാനത്തിലൂടെയും കഷ്ടപ്പാടിലൂടെയും തലചായ്ക്കാൻ കൂര നിർമിച്ചതിന്റെ സംതൃപ്തിയിലാണ് കലഞ്ഞൂർ പഞ്ചായത്തിലെ 13ാം വാർഡിലെ കഞ്ചോട് മണിഭവനത്തിൽ വിക്രമൻപിള്ളയും (66) ഭാര്യ മണിയും (58). സ്വന്തമായി ഭൂമിപോലും ഇല്ലാതിരുന്നിട്ടും ഇവർ നടത്തിയ പോരാട്ടത്തിന്റെയും അധ്വാനത്തിന്റെയും ബാക്കിപത്രമാണ് സ്വന്തമായുണ്ടാക്കിയ വീട്. ലൈഫ് പദ്ധതിയിൽ ഭൂരഹിത ഭവനരഹിതർക്ക് വസ്തു വാങ്ങി വീട് വെക്കാൻ അനുവദിച്ച തുകയും തൊഴിലുറപ്പ് പദ്ധതിയിൽനിന്ന് കിട്ടിയ കൂലിയുമുപയോഗിച്ചാണ് വാനം എടുപ്പ് മുതൽ മേൽക്കൂര വാർപ്പ് വരെ എല്ലാ ജോലിയും രണ്ടുപേരും ചേർന്നു പൂർത്തിയാക്കിയത്. ഇവർക്ക് മക്കളില്ല. സാധനങ്ങൾ ചുമന്ന് എത്തിച്ചതും ഇവർതന്നെ.
വസ്തുവിന് രണ്ടുലക്ഷം രൂപയും വീടിന് നാലുലക്ഷം രൂപയുമാണ് പദ്ധതിയിൽ അനുവദിച്ചത്. വസ്തുവിന് അധികം ചെലവായ ഒന്നേകാൽ ലക്ഷം രൂപക്കുവേണ്ടി മണിക്ക് മാല വിൽക്കേണ്ടി വന്നു. നാലുലക്ഷം രൂപകൊണ്ട് വീട് പൂർത്തിയാകില്ലെന്ന തിരിച്ചറിവിലാണ് ദമ്പതികൾ വീട് പണിയാനിറങ്ങിയത്. രണ്ട് കിടപ്പുമുറിയും ഹാളും അടുക്കളയും വരാന്തയുമുള്ള 420 സ്ക്വയർഫീറ്റ് വീട് ഇവർ നാലു മാസമെടുത്താണ് കെട്ടിയുയർത്തിയത്. നാല് ദിവസംകൊണ്ടാണ് മേൽക്കൂരയുടെ വാർപ്പ് പൂർത്തിയാക്കിയത്. നിർമാണ സാമഗ്രികൾ ഉയരത്തിൽ എത്തിക്കാൻ തടി ഏണിയിൽ കപ്പി കെട്ടി സംവിധാനം ഒരുക്കി. 40 വർഷം ജില്ലയുടെ പലഭാഗങ്ങളിൽ മേസ്തിരിപ്പണി ചെയ്തതിന്റെ അനുഭവമാണ് നിർമാണം ഒറ്റക്ക് ഏറ്റെടുക്കാൻ വിക്രമൻ പിള്ളക്ക് ധൈര്യം നൽകിയത്. തൊഴിലുറപ്പ് ജോലിയിലെ അനുഭവം മാത്രമുള്ള മണി ഭർത്താവിന് പിൻബലമായി നിന്നു.
കലഞ്ഞൂരിലെ വാടകവീട്ടിൽനിന്ന് ദിവസവും രാവിലെ ഏഴിന് എത്തുന്ന ഇരുവരും വൈകീട്ട് ആറുവരെ ജോലി ചെയ്താണ് വീട് പൂർത്തിയാക്കിയത്. മേൽക്കൂരയുടെ കോൺക്രീറ്റ് തുടങ്ങുന്ന സമയത്ത് പണം തീർന്ന് പ്രതിസന്ധിയിലായ ഇവർക്ക് പത്തനംപുരം കല്ലുംകടവ് സ്റ്റാൻഡിലെ പിക് അപ് ഡ്രൈവർ അശോകൻ കടമായി നിർമാണ സാമഗ്രികൾ എത്തിച്ചുനൽകി. കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് അംഗം പി.എസ്. അരുൺ, വി.ഇ.ഒമാരായ എസ്. ഗണേഷ്, എസ്. സുജിത് എന്നിവരിൽനിന്ന് വലിയ പിന്തുണയാണ് ലഭിച്ചതെന്ന് ഇരുവരും പറഞ്ഞു.