കടുവഭീതിയിൽ ചെങ്ങറ ഗ്രാമം
text_fieldsകോന്നി: ചെങ്ങറ ഗ്രാമം കടുവ ഭീതിയിൽ കഴിയുമ്പോഴും നടപടികളൊന്നുമില്ലാതെ വനംവകുപ്പ്. കഴിഞ്ഞദിവസം ചെങ്ങറ ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കുമ്പഴ എസ്റ്റേറ്റിലെ കുറുമ്പെറ്റി ഡിവിഷനിൽ റബർ ടാപ്പിങ്ങിനിടെ തൊഴിലാളി കടുവയെ കണ്ടിരുന്നു.
ടാപ്പിങ് തൊഴിലാളിയായ മോനച്ചനാണ് കടുവയുടെ മുന്നിൽ പെട്ടത്. പുലർച്ചെ ടാപ്പിങ്ങിന് ഇറങ്ങിയ മോനച്ചൻ എഴുമരങ്ങൾ ടാപ്പ് ചെയ്ത ശേഷം അടുത്ത മരം ടാപ്പ് ചെയ്യാൻ ഒരുങ്ങിയ സമയമാണ് പിന്നിൽ കരിയില അനങ്ങുന്ന ശബ്ദം കേട്ടത്. ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ നോക്കിയപ്പോൾ കണ്ണുകൾ തിളങ്ങുകയും പിന്നീട് കാടിന് ഇടയിൽ നിന്നും തല ഉയർത്തി നോക്കുകയും ചെയ്തതോടെ കടുവയെന്ന് ഉറപ്പായെന്ന് മോനച്ചൻ പറയുന്നു. ഇതോടെ ജീവരക്ഷാർഥം ഭയന്നോടിയ മോനച്ചൻ അടുത്തുണ്ടായിരുന്ന മറ്റ് തൊഴിലാളികളോടും വിവരം അറിയിക്കുകയായിരുന്നു.
എന്നാൽ കടുവ എത്തിയതിന്റെ ലക്ഷണമൊന്നും ഇല്ലെന്നാണ് വനപാലർ പറയുന്നത്. സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ കടുവയുടെ കാൽ പാടുകളോ കടുവ ഇറങ്ങിയതായി മറ്റ് ലക്ഷണങ്ങളോ സ്ഥിരീകരിക്കാൻ കഴിയാതെ വന്നതോടെ കണ്ടത് കടുവയെ ആണെന്ന് ഉറപ്പിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് വനം വകുപ്പ് അധികൃതർ.
എന്നാൽ തൊഴിലാളികൾ കടുവയെ നേരിൽ കണ്ടതോട് കൂടി ഭീതിയിലാണ് ചെങ്ങറ ഗ്രാമം. പുലർച്ചെ ടാപ്പിങ് ജോലികൾക്കും മറ്റും പോകുന്നവരാണ് ഏറ്റവും ഭയത്തിൽ കഴിയുന്നത്. എസ്റ്റേറ്റിലെ റബർ തോട്ടങ്ങൾ പലതും കാട് കയറി കിടക്കുന്നതിനാൽ ഭീതിയുടെ നിഴലിൽ ആണ് എല്ലാവരും ജോലിക്ക് പോകുന്നത്. ചെങ്ങറ, അട്ടച്ചാക്കൽ, അതുമ്പുംകുളം, കൊന്നപ്പാറ പ്രദേശങ്ങളിൽ ഉള്ളവരാണ് ഏറ്റവും കൂടുതൽ ഭയപ്പാടിൽ കഴിയുന്നത്. പ്രദേശത്തെ കാട് തെളിക്കാതെ കിടക്കുന്ന റബർ തോട്ടങ്ങൾ അടക്കം കടുവാ ഭീതി ജനിപ്പിക്കുന്നവയാണ്. പ്രദേശത്ത് വനപാലകർ രാത്രികാല പെട്രോളിംഗ് ശക്തമാക്കുകയും കൂട് സ്ഥാപിക്കുകയും ചെയ്യണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

