കാർ തലകീഴായി മറിഞ്ഞു; കലക്ടർക്കും ഒപ്പം ഉണ്ടായിരുന്നവർക്കും പരിക്ക്
text_fieldsകോന്നി: ജില്ല കലക്ടർ എസ്. പ്രേം കൃഷ്‌ണന്‍റെ ഔദ്യോഗിക വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് തലകീഴായി മറിഞ്ഞു. കലക്ടർക്കും ഗൺമാൻ മനോജ്, ഡ്രൈവർ കുഞ്ഞുമോൻ എന്നിവർക്കും നിസ്സാര പരിക്കേറ്റു. ഇവരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോന്നി മാമൂട്ടിൽ വൈകിട്ട് 3. 15 ഓടെ ആണ് അപകടം. കൂടൽ രാക്ഷസൻ പാറയിൽ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്ത ശേഷം പത്തനംതിട്ടയിലേക്ക് മടങ്ങിയ കലക്ടറുടെ വാഹനത്തിൽ എതിരെ വന്ന കൊല്ലം സ്വദേശികളായ കുടുംബം സഞ്ചരിച്ച ഇന്നോവ കാർ ഇടിക്കുകയായിരുന്നു. കാർ നേരെ വരുന്നത് കണ്ട് കലക്ടറുടെ വാഹനം ഒരു വശത്തേക്ക് ഒഴിച്ചു മാറ്റിയെങ്കിലും അപകടം സംഭവിക്കുകയായിരുന്നു.
നാട്ടുകാരും മറ്റ് വാഹനങ്ങളിലെ യാത്രക്കാരുമെത്തി കാറിന്റെ ഡോർ പൊളിച്ചാണ് കലക്ടറെയും കൂടെയുണ്ടായിരുന്നവരെയും പുറത്തിറക്കിയിത്. എതിരെവന്ന കാർ നിയന്ത്രണംവിട്ട് പോസ്‌റ്റിലിടിച്ചാണ് നിന്നത്. കൊല്ലം രണ്ടാംകുറ്റി സ്വദേശികളായ നിയാസ് (54), ഭാര്യ ഫാത്തിമ, മകൾ നിസ (മൂന്ന്), നിയാസിന്റെ അച്ഛൻ നിസാമുദീൻ എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവർക്കും പരിക്കുണ്ട്. ആരുടെയും പരിക്ക് സാരമുള്ളതല്ല.
ഈ സമയം ഇതുവഴി വന്ന കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം റോബിൻ പീറ്റർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കോന്നി പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. കലക്ടർക്ക് കണ്ണിന്റെ ഭാഗത്തും തലയിലും ശരീരഭാഗങ്ങളിലും പരിക്കുണ്ട്. അപകടനിലയില്ലെന്നും വൈകിട്ടോടെ വാർഡിലേക്ക് മാറ്റിയതായും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ജില്ല പൊലീസ് മേധാവി ആർ ആനന്ദ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉൾപ്പെടെ പ്രമുഖർ കലക്ടറെ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

